20 September Thursday

ഏഷ്യൻ ഗെയിംസ്‌ : രാഹിക്ക് സ്വർണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018


ജക്കാർത്ത
ഏഷ്യൻ ഗെയിംസിൽ നാലാംദിനവും ഇന്ത്യ പൊന്നണിഞ്ഞു. ഷൂട്ടിങ്ങിൽ രാഹി സർണോബതാണ് സ്വർണം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഈ ഇരുപത്തേഴുകാരി. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിലായിരുന്നു നേട്ടം.  നാലാംദിനം നാല് വെങ്കല മെഡലുകൾകൂടി ഇന്ത്യക്ക് ലഭിച്ചു. വുഷുവിലാണ് നാല് മെഡലും. നാല് സ്വർണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമുൾപ്പെടെ 15 മെഡലുകളുമായി ഏഴാമതാണ് ഇന്ത്യ. 37 സ്വർണമുൾപ്പെടെ 81 മെഡലുകളുമായി ചൈന ഒന്നാമത് തുടരുന്നു. 20 സ്വർണമുൾപ്പെടെ 67 മെഡലുകളുമായി ജപ്പാൻ രണ്ടാമതും. 10 സ്വർണമുൾപ്പെടെ 46 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതും നിൽക്കുന്നു.

25 മീറ്റർ എയർ പിസ്റ്റളിൽ ആവേശകരമായ പോരാട്ടമായിരുന്നു. രണ്ടാമതെത്തിയ തായ്ലൻഡിന്റെ നഫസ്വാൻ യങ്പയ്ബൂണുമായാണ് ഫൈനലിൽ രാഹി ഏറ്റുമുട്ടിയത്. രണ്ട് ഷൂട്ട് ഓഫുകൾ വേണ്ടിവന്നു വിജയിയെ തീരുമാനിക്കാൻ. ഫൈനലിൽ ഇരുവരും 34 വീതം പോയിന്റ് നേടിയതിനെത്തുടർന്നാണ് ഷൂട്ട് ഓഫ് വേണ്ടിവന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡലായിരുന്നു രാഹിക്ക്. ഇതേയിനത്തിൽ 2010, 2014 കോമൺവെൽത്ത് ഗെയിംസുകളിൽ രാഹി സ്വർണം നേടിയിട്ടുണ്ട്.

കൗമാരതാരം മനു ഭാക്കെറിന് തിളങ്ങാനായില്ല. യോഗ്യതാ റൗണ്ടിൽ ഗെയിംസ് റെക്കോഡായ 593 പോയിന്റ് നേടി. പക്ഷേ, ഫൈനൽറൗണ്ടിൽ മനു നിരാശപ്പെടുത്തി. ആറാംസ്ഥാനമാണ് ലഭിച്ചത്. 10 മീറ്റർ എയർ പിസ്റ്റളിൽ മനുവിന് മത്സരം ശേഷിക്കുന്നുണ്ട്.

ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. കഴിഞ്ഞദിവസം സൗരഭ് ചൗധരിയും സ്വർണം നേടിയിരുന്നു. ഏഷ്യാഡ് ഷൂട്ടിങ് ചരിത്രത്തിൽ സ്വർണംനേടുന്ന ഏഴാമത്തെ ഇന്ത്യൻ താരംകൂടിയാണ് രാഹി. സൗരഭ്, ജസ്പാൽ റാണ, രൺധീർ സിങ്, ജീതു റായ്, റോൺജൻ സോധി എന്നിവരാണ് ഷൂട്ടിങ്ങിലെ സ്വർണജേതാക്കൾ.

വുഷുവിൽ നാല്  വെങ്കല മെഡലുകളാണ് ഇന്ത്യ നാലാംദിനം നേടിയത്. നവോറെം റോഷിബിന ദേവി, സന്തോഷ് കുമാർ, സൂര്യ ബാനു പ്രതാപ് സിങ്, നരേന്ദർ ഗ്രെവാൽ എന്നിവരാണ് വെങ്കലം നേടിയത്. സെമിയിലെത്തിയതോടെ കഴിഞ്ഞദിവസംതന്നെ ഇവർ മെഡൽ ഉറപ്പാക്കിയിരുന്നു. സെമിയിൽ നാലുപേരും തോറ്റു.

ടെന്നീസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപണ്ണ‐ദിവിജ് ശരൺ സഖ്യം സെമിയിൽ കടന്നു. ക്വാർട്ടറിൽ ചൈനീസ് തായ്്പേയിയുടെ യാങ് സുങ് ഹുയ‐സിയെ ചെങ്പെങ് സഖ്യത്തെ തോൽപ്പിച്ചു (6‐3, 7‐5, 10‐1). സുമിത് നഗൽ‐രാംകുമാർ രാമനാഥൻ സഖ്യം പുറത്തായി.

പ്രധാന വാർത്തകൾ
Top