17 November Saturday

സ്പെയ്ൻ വിയർത്തുനേടി

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

ഇറാൻ പ്രതിരോധത്തെ മറികടന്ന്‌ഗോൾ അടിക്കാനുള്ള സ്‌പെയ്‌നിന്റെ ഡേവിഡ്‌ സിൽവയുടെ ശ്രമം


കസാൻ
പന്ത് നിയന്ത്രണം 70 ശതമാനം, ആകെ ശ്രമങ്ങൾ 17, കോർണർ കിക്കുകൾ 6, പാസുകൾ 805, പാസ് കൃത്യത 89 ശതമാനം, പൂർത്തിയാക്കിയ പാസുകൾ 718. എന്നിട്ടും സ്പെയ്ൻ ഇറാനെതിരെ വിറച്ചു. ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ ഒരു ഗോളടിച്ച് ജയിച്ചു. കണക്കിൽ മാത്രമല്ല കാര്യമെന്ന് ഇറാൻ തെളിയിച്ചു. ബി ഗ്രൂപ്പിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. അവസാന റൗണ്ടിൽ പോർച്ചുഗൽ ആണ് ഇറാന്റെ എതിരാളികൾ. കരുതിയിരിക്കാനാണ് ഇറാൻ കോച്ച് കാർലോസ് ക്വിറോസ്  പോർച്ചുഗലിനോട് പറഞ്ഞിരിക്കുന്നത്.

പ്രതിരോധം മാത്രമായിരുന്നില്ല ഇറാൻ. കിടയറ്റ പ്രത്യാക്രമണം അവർ നടത്തി. ബോക്സിലേക്കുള്ള ക്രോസുകൾ കൃത്യതയുള്ളതായിരുന്നു. അതിൽ ഒരുതവണ ലക്ഷ്യംകണ്ടതാണ്. പക്ഷേ, വീഡിയോസഹായ സംവിധാന (വാർ) പരിശോധനയിൽ അത് ഓഫ് സൈഡാണെന്ന് തെളിഞ്ഞു. മറ്റ് രണ്ടുതവണ അവസരം കിട്ടിയപ്പോൾ വലയ്ക്കരികിൽ അടിച്ച് പാഴാക്കി.

സ്പെയ്ൻ കോച്ച് ഫെർണാണ്ടോ ഹിയെറോ രണ്ടു മാറ്റങ്ങളുമായാണ് ഇറാനെതിരെ കളിക്കാരെ ഇറക്കിയത്. കോകെയ്ക്കും നാച്ചോയ്ക്കും പകരം ലൂകാസ് വാസ്കേസും ഡാനി കർവഹാലും ഇറങ്ങി.  സ്പെയ്നിന്റെ നിയന്ത്രണത്തിലായിരുന്നു തുടക്കം. മധ്യനിരയുടെ ശക്തിയിൽ പന്ത് കൂടുതൽ സമയം കൈവശംവയ്ക്കാൻ സ്പെയ്നിന് കഴിഞ്ഞു. പക്ഷേ, ഇറാന്റെ പ്രതിരോധ തന്ത്രത്തിനു മുന്നിൽ സ്പെയ്ൻ വലഞ്ഞു. ഒരേസമയം ഏഴുപേർ ബോക്സിനു മുന്നിൽ സ്പെയ്ൻ മുന്നേറ്റത്തെ തടുത്തു. ഡേവിഡ് സിൽവയുടെ രണ്ട് ശ്രമങ്ങൾ നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.

54 മിനിറ്റ്വരെ ഇറാന്റെ പ്രതിരോധക്കളി വിജയിച്ചു. അതിനുശേഷം ദ്യേഗോ കോസ്റ്റയുടെ ഗോളിൽ സ്പെയ്ൻ മത്സരം സ്വന്തമാക്കി. ആ ഗോൾ വന്നത് കരീം അൻസാരിഫാർദിന്റെ കാലിൽ പന്ത് തട്ടി, കോസ്റ്റയുടെ മുട്ടിലിടിച്ച് വലയിൽ കയറുകയായിരുന്നു. എന്നാൽ അതിനുശേഷം ഇറാൻ സ്പെയ്നിനെ അത്ഭുതപ്പെടുത്തി. മനോഹരമായ പ്രത്യാക്രമണം. ഇരുവശങ്ങളിലൂടെയും മുന്നേറി. ഒന്നിനുപിറകെ ഒന്നായി ബോക്സിലേക്ക് ക്രോസുകൾ പറന്നു. ഇതിനിടെയാണ് സയീദ് ഇസാതോലാഹി ലക്ഷ്യംകണ്ടത്. ഇറാൻ ആഘോഷിച്ചെങ്കിലും ഗോൾ ഓഫ് സൈഡായി വിധിച്ചു. പിന്നാലെ വാഹിദ് അമിരിയുടെ ഹെഡർ നേരിയ വ്യത്യാസത്തിൽ ബാറിനു മുകളിലൂടെ പാഞ്ഞു. അവസാനനിമിഷംവരെ ഇറാൻ സമനിലഗോളിനായി പോരാടി. മികച്ചൊരു സ്ട്രൈക്കർ ഇല്ലാത്തതാണ് ഇറാന് തിരിച്ചടിയായത്.
ഗ്രൂപ്പ് ബിയിൽ നാലുവീതം പോയിന്റുമായി സ്പെയ്നും പോർച്ചുഗലുമാണ് മുന്നിൽ. ഇറാൻ മൂന്നു പോയിന്റുമായി പിന്നിലുണ്ട്.

പ്രധാന വാർത്തകൾ
Top