13 December Thursday

ഇന്ത്യ‐വെസ്റ്റിൻഡീസ് ഏകദിനം : വിദഗ്ധസമിതി പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018


കൊച്ചി > നവംബറിലെ ഇന്ത്യ‐വെസ്റ്റിൻഡീസ് ഏകദിനത്തിന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകുന്ന കാര്യം  വിദഗ്ധസമിതി പരിശോധിക്കും. സമിതി റിപ്പോർട്ടിനനുസരിച്ചു മാത്രമാകും തീരുമാനമെന്ന് ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ പറഞ്ഞു. ജിസിഡിഎ ആസ്ഥാനത്തു ചേർന്ന യോഗത്തിൽ കെഎഫ്എയും കേരള ബ്ലാസ്റ്റേഴ്സ് അധികൃതരും ക്രിക്കറ്റ് മത്സരം നടക്കുന്നതിനെ എതിർത്തില്ല.

ക്രിക്കറ്റ് മത്സരം കൊച്ചിയിലേക്കു മാറ്റാനുള്ള കെസിഎ തീരുമാനം വിവാദത്തിലായതിന്റെ പശ്ചാത്തലത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കെഎഫ്എയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രതിനിധികളുടെ യോഗം ജിസിഡിഎ വിളിച്ചുചേർത്തത്.

നവംബർ ഒന്നിനാണ് ഏകദിനം നിശ്ചയിച്ചിരിക്കുന്നത്. മേയ് ആദ്യവാരം പണി തുടങ്ങിയാൽ നവംബറോടെ ക്രിക്കറ്റ് പിച്ചൊരുക്കാൻ സാധിക്കുമെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോർജ് യോഗത്തിൽ പറഞ്ഞു. സ്റ്റേഡിയം സംബന്ധിച്ചുള്ളത് കൂട്ടായ തീരുമാനമാണ്, കേരളത്തിന് അനുവദിച്ച മത്സരത്തിന്റെ വേദി തീരുമാനിക്കാനുള്ള അവകാശം കെസിഎക്കാണെന്നും രണ്ടു സ്റ്റേഡിയവും ബിസിസിഐ അംഗീകരിച്ചതാണെന്നും ജയേഷ് പറഞ്ഞു.

ഫുട്ബോളിനായി ഒരുക്കിയ ഗ്രൗണ്ടിൽ ക്രിക്കറ്റ് പിച്ച് തയ്യാറാക്കാൻ കുറച്ചുദിവസം മതിയെന്ന് കെസിഎ അധികൃതർ പറഞ്ഞു. മേയിൽ പിച്ച് ഒരുക്കിയാൽ മഴക്കാലം കഴിഞ്ഞ് ആഗസ്തോടെ പിച്ച് ഉറയ്ക്കുമെന്നും അവർ പറയുന്നു. അണ്ടർ 17 ലോകകപ്പിനായി കലൂർ സ്റ്റേഡിയം പുതുക്കിപ്പണിതത് ബർമുഡ പുല്ല് ഉപയോഗിച്ചാണ്. ഇത് ഐസിസി നിയമങ്ങളുമായി യോജിക്കുന്നതിനാൽ രണ്ട് കളികൾക്കും ഉപയോഗിക്കാനാകുമെന്ന് ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെന്റ് ഡയറക്ടറായ ഹാവിയർ സെപ്പി പറഞ്ഞിരുന്നു.

അതേസമയം ക്രിക്കറ്റിനായി ഒരുക്കുന്ന ഗ്രൗണ്ട് 22 ദിവസംകൊണ്ട് തിരിച്ച് ഫുട്ബോളിനായി പാകപ്പെടുത്താമെന്ന്് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ പറഞ്ഞു. 2010 മുതൽ '16 വരെ കലൂർ സ്റ്റേഡിയം പരിപാലിച്ചത് കെസിഎയാണ്. ജിസിഡിഎയുമായി ഇക്കാര്യത്തിൽ 30 വർഷത്തെ ധാരണയിൽ കെസിഎ എത്തിയിരുന്നു. ഇതിനായി ഒരുകോടി രൂപ കെസിഎ അടച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലായി കെസിഎ സ്റ്റേഡിയത്തിൽ 15 കോടി രൂപയും മുടക്കി. അണ്ടർ 17 ലോകകപ്പിനായാണ് സ്റ്റേഡിയം ഫിഫയ്ക്ക് വിട്ടുകൊടുത്തത്. ഇതിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കും. ഫുട്ബോൾ മത്സരം നടക്കുമ്പോൾപോലും സ്റ്റേഡിയത്തിന്റെ പരിപാലനവും ജീവനക്കാരുടെ ശമ്പളവും നൽകിയത് കെസിഎയാണ്. സ്റ്റേഡിയത്തിൽ ഫ്ളഡ്ലിറ്റും ജനറേറ്ററും സ്ഥാപിച്ചതും കെസിഎയുടെ ഫണ്ട് ഉപയോഗിച്ചാണ്.

2014ലാണ് കൊച്ചിയിൽ അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്. കേരളത്തിനു ലഭിച്ച കഴിഞ്ഞ മത്സരം നടന്നത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു. അതുകൊണ്ടാണ് അടുത്ത മത്സരം കൊച്ചിയിൽ നടത്താൻ താൽപ്പര്യപ്പെടുന്നതെന്ന് കെസിഎ ഭാരവാഹികൾ പറഞ്ഞു.

പ്രധാന വാർത്തകൾ
Top