13 November Tuesday

പൊരുതി, പക്ഷേ.. േതാറ്റു

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

എഫ് സി ഗോവയ്ക്കെതിരെ സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടുന്നു / ഫോട്ടോ: എം എ ശിവപ്രസാദ്

കൊച്ചി>  എഫ് സി ഗോവയുടെ കളിമികവിനു മുന്നിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും നമിച്ചു. കൊച്ചിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്നത്. മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ ബ്ലാസ്‌റ്റേഴ്‌സിനെ തളർത്തി. ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഏഴാമതുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾക്കും ഇതോടെ കനത്ത തിരിച്ചടിയേറ്റു. ഡേവിഡ് ജയിംസ് പരിശീലകനായെത്തിനുശേഷമുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. 

ഗോവൻ തട്ടകത്തിൽ തകർന്നടിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഫെറാൻ കൊറോമിനാസിന്റെ ഗോളിൽ പിന്നിലായശേഷം സി കെ വിനീതിന്റെ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവന്നതാണ്. പക്ഷേ, കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ എദു ബെദിയ ഗോവയെ വിജയതീരത്തെത്തിച്ചു. തിരിച്ചടിക്കാനുള്ള ഊർജം ബ്ലാസ്‌റ്റേഴ്‌സിൽ പിന്നെ ശേഷിച്ചിരുന്നില്ല. 27ന് ഡൽഹി ഡൈനാമോസുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.
കൊറോമിനാസ്, മാനുവൽ ലാൻസൊറാട്ട കൂട്ടിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് പേടിച്ചത്. കളിയുടെ ആദ്യഘട്ടങ്ങളിൽ ഈ സഖ്യം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു. ഗോവ സുന്ദരമായ നീക്കങ്ങൾ നെയ്തു. പതിവുപോലെ ബ്ലാസ്‌റ്റേഴ്‌സ് മധ്യനിര മങ്ങി. ഗോവയുടെ പന്തൊഴുക്കിന് നല്ല വേഗം കിട്ടി. ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയിൽ സിയാം ഹംഗലും ജാക്കിചന്ദ് സിങ്ങും തിരിച്ചെത്തിയിട്ടും കാര്യമുണ്ടായില്ല.

ബ്ലാസ്‌റ്റേഴ്‌സ് മധ്യനിര കെട്ടപ്പോൾ പ്രതിരോധത്തിന്റെ ജോലി ഭാരം കൂടി. വിടവുകളിലൂടെ ഗോവ അനായാസം മുന്നേറി. കൊറോമിനാസ് എന്നത്തേയുംപോലും ഗോൾമുഖം നിറഞ്ഞു. ലാൻസൊറാട്ടയും ബ്രണ്ടൻ ഫെർണാണ്ടസും കൊറോമിനസുമായി ഒത്തുചേർന്നു. ഇടതുപാർശ്വത്തിൽ മന്ദാർ റാവു ദേശായിയും തിളങ്ങി. മന്ദാർ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധക്കാരൻ റിനോ ആന്റോയെ കാര്യമായി പരീക്ഷിച്ചു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് സമ്മർദ്ദമേറി. ഇതിനിടെ, വിനീതിന്റെ കാലിൽനിന്ന് വഴുതിപ്പോയ പന്ത് ലാൻസൊറാട്ടയുടെ കാലിൽകിട്ടി. ഈ സ്പാനിഷുകാരന്റെ ഷോട്ട് ബാറിൽതട്ടി തെറിക്കുകയായിരുന്നു. വലയ്ക്കുമുന്നിൽ ഗോൾ കീപ്പർ പോൾ റെചുക പരിഭ്രമിച്ചു. ഏറെത്താമസിയാതെ ഗോളും വീണു.

കളിതുടങ്ങി പത്ത് മിനിറ്റ് തികയുംമുമ്പെ കൊറോമിനാസ് വല കണ്ടു. ബ്ലാസ്‌റ്റേഴ്‌സ് പേടിച്ചതു സംഭവിച്ചു. മധ്യനിരയും പ്രതിരോധവും  ഒരുപോലെ കുറ്റക്കാരായി. മധ്യനിരയുടെ ദുർബല ചെറുത്തുനിൽപ്പിനെ മറികടന്ന് െഫർണാണ്ടസ് മുന്നേറി. ഇടതുപാർശ്വത്തിൽ കുതിക്കുന്ന മന്ദാറിനെ ഫെർണാണ്ടസ് കൃത്യമായി കണ്ടു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ശ്രദ്ധിച്ചില്ല. മന്ദാർ ബോക്‌സിനുള്ളിൽവച്ച് പന്ത് കൊറോമിനാസ് നൽകി. ഒഴിഞ്ഞുനിൽക്കുകയായിരുന്നു കൊറോമിനാസ്. പന്ത് കാലിൽകിട്ടി, സമയമെടുത്ത് ഈ സ്പാനിഷുകാരൻ അടിതൊടുത്തു. നാല് പേർ വലയ്ക്ക് മുന്നിൽനിന്നിട്ടും ആ മികവിനെ തടയാനായില്ല. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ കൊറോമിനാസ് അഞ്ച് ഗോൾ തികച്ചു. ടൂർണമെന്റിൽ പത്തും.

ഇടതുപാർശ്വത്തിൽ മന്ദാർ തുടരെ പന്തൊഴുക്കി. കൊറോമിനാസിനെ സന്ദേശ് ജിങ്കനും വെസ് ബ്രൗണും പാടുപെട്ടു തടഞ്ഞു. ഇടയ്ക്കു കോർണറുകൾ വഴങ്ങി. ഇതിനിടെ സിയാം ഹംഗലിന്റെ ഒരു ലോങ് റേഞ്ചർ ബാറിൽതട്ടി തെറിച്ചു. കളി പൂർണമായും ഗോവയുടെ കാലുകളിൽ കുരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിക്കുന്നത്. ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ മോശം ഗോൾ കിക്ക് ഗോളിലേക്കുള്ള വഴിതുറന്നു. ദുർബലമായ കിക്ക്, ഗോവൻ ഗോൾ പ്രദേശത്തുള്ള വെസ് ബ്രൗണിന്റെ തലയിലേക്കാണ് കിട്ടിയത്. രണ്ടാമതൊന്ന് ചിന്തിക്കാതെ വെസ് ബ്രൗൺ പന്ത് മുന്നോട്ടു കുത്തിക്കൊടുത്തു. നേരെ നിൽക്കുകയായിരുന്നു സിയാം ഹംഗലിന്റെ തലയിൽ തട്ടിത്തെറിച്ച് ബോക്‌സിലേക്ക്. പന്തിന്റെ ഗതി മനസിലാക്കിയ വിനീത് വിദഗ്ധമായി മുന്നോട്ടുകയറി. ഗോവൻ പ്രതിരോധം അപകടം മനസിലാക്കുംമുമ്പ് രണ്ട് തഴുകലിൽ വിനീത് പന്ത് വലയിൽ കുരുക്കി. കട്ടിമണി നിഷ്പ്രഭനായി. ഗോൾ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് നീക്കങ്ങൾ വീര്യം വന്നു. ഗോവ ഒന്നുപിന്നോട്ടു വലിഞ്ഞു. റിനോ പരിക്കേറ്റ് പിന്മാറിയത് ഈ ഘട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. പകരം നെമാന്യ ലെസിച്ച് പെസിച്ച് ഇറങ്ങി.

ഇടവേളയ്ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് കൂടുതൽ ഒത്തിണക്കം കാട്ടി. പ്രതിരോധത്തിൽ ജിങ്കന്റെ ഇടപെടലുകൾ ഗോവൻ മുന്നേറ്റത്തെ അസ്വസ്ഥമാക്കി. ഇയാൻ ഹ്യൂം വിനീതുമായി ചേർന്ന് മുന്നേറ്റനിരയ്ക്ക് ഊർജം പകർന്നു. ഹ്യൂമിന്റെ മിന്നുന്ന പാസ് ഒരു തവണ വിനീത് ബോക്‌സിനകത്ത് വച്ച് പാഴാക്കി. തുടർന്നും നല്ല നീക്കങ്ങളുണ്ടായി. കറേജ് പെകൂസണും ഇതിലേക്ക് പങ്കുചേർന്നു. പതുക്കെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിച്ചു. ഗോവ ബ്ലാസ്‌റ്റേഴ്‌സ് ഗോൾമുഖത്ത് തമ്പടിച്ചു.പക്ഷേ, ഫലമുണ്ടായില്ല. ഒരു നിമിഷത്തെ അശ്രദ്ധയ്ക്കു ബ്ലാസ്‌റ്റേഴ്‌സിനു വലിയ വിലകൊടുക്കേണ്ടിവന്നു. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഫെർണാണ്ടസ് തൊടുത്ത കോർണർ കിക്ക് കൃത്യമായി എഡു ബെദിയയെ കണ്ടു. ബെദിയയെ മാർക്ക് ചെയ്യുന്നതിൽ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് പിഴവുപറ്റി. ഒഴിഞ്ഞുനിന്ന ബെദിയ കരുത്തുറ്റ ഹെഡർ കൊണ്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില മോഹം കരിച്ചു.

പ്രധാന വാർത്തകൾ
Top