17 October Wednesday

ഹരിയാന വാണു കേരളം വീണു

ഇ സുദേഷ്Updated: Tuesday Nov 21, 2017

ദേശീയ ജൂനിയര്‍ അത്ലറ്റിക്സില്‍ രണ്ടാം സ്ഥാനത്തെത്തിയ കേരള ടീം ഫോട്ടോ > ജഗത് ലാല്‍


വിജയവാഡ > അവസാനനാള്‍ പ്രതീക്ഷിതകുതിപ്പ് സാധ്യമാകാതെ കേരളം ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ് ഓവറോള്‍ കിരീടം ഹരിയാനയ്ക്ക് അടിയറവച്ചു. തുടര്‍ച്ചയായ ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ മലയാളിപ്പടയെ എട്ട് പോയിന്റിന് ഉത്തരേന്ത്യന്‍ കരുത്തര്‍ പിന്നിലാക്കി. കുത്തകയായ ത്രോ ഇനങ്ങള്‍ക്കൊപ്പം ട്രാക്കിലും പൊന്നുവീഴ്ത്തിത്തുടങ്ങിയ ഹരിയാന ആചാര്യ നാഗാര്‍ജുന സര്‍വകലാശാല മൈതാനത്ത് 408 പോയിന്റിന്റെ ബലത്തിലാണ് കേരളത്തെ വീഴ്ത്തിയത്. കഴിഞ്ഞവര്‍ഷത്തെ പ്രകടനത്തെക്കാള്‍ മികച്ചുനിന്നെങ്കിലും കേരളത്തിന് 400 പോയിന്റില്‍ നില്‍ക്കേണ്ടിവന്നു. 340 പോയിന്റുമായി മൂന്നാമതെത്തിയ ഉത്തര്‍പ്രദേശ് വരുംകാലം മറ്റുള്ളവര്‍ക്ക് ഭീഷണിയാകുമെന്ന് സൂചന നല്‍കി. കഴിഞ്ഞതവണ രണ്ടാംസ്ഥാനമുണ്ടായിരുന്ന തമിഴ്നാട് നാലാമതായി (277).

27 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവുമാണ് ഹരിയാനയുടെ സമ്പാദ്യം. കേരളം 24 സ്വര്‍ണവും 17 വെള്ളിയും 18 വെങ്കലവും നേടി. അവസാനനാള്‍ മികച്ച പ്രകടനം കാഴ്ചവച്ച് കിരീടത്തിലെത്താമെന്ന് പ്രതീക്ഷിച്ച കേരളത്തിന് അഞ്ച് സ്വര്‍ണം മാത്രമാണ് ലഭിച്ചത്. നാല് വെള്ളിയും അഞ്ച് വെങ്കലവും തിങ്കളാഴ്ച കേരളത്തിന് നേടാനായി. എന്നാല്‍ ആറു സ്വര്‍ണം നേടിയ ഹരിയാന ആദ്യദിനംമുതല്‍ തുടങ്ങിയ ആധിപത്യം കൈവിടാതെ കിരീടം കവര്‍ന്നു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 4-400 റിലേ മത്സരമാണ് നിര്‍ണായകമായത്. കേരളം സ്വര്‍ണം പ്രതീക്ഷിച്ച ഇനത്തില്‍ അപ്രതീക്ഷിതമായി ഹരിയാന സ്വര്‍ണം തട്ടിയെടുത്തു. കേരളം ഡല്‍ഹിക്കും പിന്നില്‍ മൂന്നാമതായി. അവസാനം നടന്ന അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4-400 റിലേയില്‍ അനായാസം സ്വര്‍ണം നേടിയെങ്കിലും മീറ്റിലെ 23-ാം കീരീടമെന്ന കേരളത്തിന്റെ സ്വപ്നം അപ്പോഴേക്കും തകര്‍ന്നിരുന്നു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിനാണ് കിരീടം (230 പോയിന്റ്). ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയും ഉത്തര്‍പ്രദേശും കിരീടം പങ്കിട്ടു (221). അണ്ടര്‍ 20, അണ്ടര്‍ 18, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗങ്ങളില്‍ കേരളം ഒന്നാമതായി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളമാണ് ഒന്നാമത്. അണ്ടര്‍ 18, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയാണ് ഒന്നാമത്. മികച്ച അത്ലീറ്റ് പുരസ്കാരം സമ്മാനിച്ച എട്ട് വിഭാഗത്തില്‍ കേരളത്തിന്റെ ആരുമുണ്ടായില്ല. അത്ലറ്റിക്സ് ഫെഡറേഷന്റെ പേരില്‍ മത്സരിച്ച ഉഷാ സ്കൂളിലെ ജിസ്ന മാത്യു അണ്ടര്‍ 20 വിഭാഗത്തില്‍ മികച്ച അത്ലീറ്റ് ആയത് ആശ്വാസം.

800 മീറ്ററില്‍ കേരളത്തിന്റെ മുതിര്‍ന്നതാരങ്ങള്‍ മിന്നിത്തിളങ്ങി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അബിത മേരി മാനുവല്‍ സ്വര്‍ണമണിഞ്ഞു. ഏഴുവര്‍ഷമായി ഉഷാ സ്കൂളിലുള്ള അബിത 2:08.09 മിനിറ്റിലാണ് ഫിനിഷ്ചെയ്തത്. കോഴിക്കോട് കല്ലാനോട് സ്വദേശിയാണ് ചേളന്നൂര്‍ എസ്എന്‍ കോളേജിലെ ഈ ബിരുദ വിദ്യാര്‍ഥി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു 1:52.04 മിനിറ്റില്‍ സ്വര്‍ണം നേടി.  അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 800ല്‍ ഡല്‍ഹി മലയാളി അമോജിന്റെ പൂര്‍ണാധിപത്യമായിരുന്നു. നേരത്തെ 400ല്‍ റെക്കോഡോടെ അമോജ് സ്വര്‍ണം നേടിയതാണ്. തിരുവനന്തപുരം സായിയിലെ എബിന്‍ സാജനാണ് ഈയിനത്തില്‍ വെള്ളി നേടിയത്.

അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ തൊടുപുഴ മാപ്പിളാശേരില്‍ ബിബിന്‍ ജോര്‍ജ് സ്വര്‍ണം നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥിയാണ്. ഈയിനത്തില്‍ കേരളത്തിന്റെ അശ്വിന്‍ ആന്റണി മത്സരത്തിനിടെ പരിക്കേറ്റു പിന്‍വാങ്ങി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജന്‍ സ്വര്‍ണം നേടി.

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ ലിനറ്റ് ജോര്‍ജ്, അന്‍സ ബാബു, അഭിഗേല്‍ ആരോക്യനാഥ്, അബിത മേരി മാനുവല്‍ എന്നിവരടങ്ങുന്ന ടീം അവസാന സ്വര്‍ണം കൊയ്തു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ റിലേയില്‍ എം എസ് വിപിന്‍, ലിബിന്‍ മാത്യു, ഷെറിന്‍ മാത്യു, എ റാഷിദ് എന്നിവരടങ്ങുന്ന ടീമിനാണ് വെങ്കലം.

അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ എ എസ് സാന്ദ്രയും അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ജി ഗായത്രിയും അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ അനസും വെള്ളി നേടി. ബോബി സാബുവിന് അനസിനു പിന്നില്‍ വെങ്കലമുണ്ട്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ സി ബബിതയും അണ്ടര്‍ 20 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ റാഷിദും അണ്ടര്‍ 18 ട്രിപ്പിള്‍ ജമ്പില്‍ എ അജിത്തും വെങ്കലമണിഞ്ഞു.

പ്രധാന വാർത്തകൾ
Top