25 May Friday

യുവന്റസ് പടി തുറന്നില്ല : ബാഴ്സ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017

നൌകാമ്പ് > യുവന്റസ് അനുവദിച്ചില്ല. അത്ഭുതം ആവര്‍ത്തിച്ചുമില്ല.  നൌകാമ്പില്‍ ബാഴ്സലോണ എരിഞ്ഞുതീര്‍ന്നു. ചാമ്പ്യന്‍സ് ലീഗ് സെമി കാണാതെ കണ്ണീരോടെ കളംവിട്ടു.

പ്രതിരോധക്കളിക്കും വശ്യതയുണ്ടെന്നു കാണിച്ച യുവന്റസ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബാഴ്സയുടെ പീരങ്കികളെ നിശബ്ദമാക്കി. ആദ്യപാദത്തിലെ മൂന്നു ഗോളിനു മുന്നില്‍ ചാവേറുകളായി അവര്‍ നിലയുറപ്പിച്ചു.

ജോര്‍ജിയോ കില്ലെനിയും ലിയനാര്‍ഡോ ബൊനൂഷിയും അണിനിരന്ന യുവന്റസ് പ്രതിരോധത്തില്‍ ഹൃദയംകൊണ്ട് മതില്‍കെട്ടി  ബാഴ്സയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. സെന്റര്‍ബാക്കും വിങ്ബാക്കുകളും ഒരേപോലെ ചിന്തിച്ചു. പിഴച്ചില്ല അവര്‍ക്ക്, ഒരിക്കല്‍പ്പോലും. ബോക്സിലേക്കു കയറ്റാതെ, വശങ്ങളിലേക്ക് കൃത്യതയോടെ പന്തടിച്ചകറ്റി കില്ലെനിയും ബൊനൂഷിയും ബാഴ്സ മുന്‍നിരയെ അസ്വസ്ഥപ്പെടുത്തി. പരിധിവിട്ടില്ല. ആകെ വഴങ്ങിയത് രണ്ട് മഞ്ഞക്കാര്‍ഡ് മാത്രം. ഗോളി ജിയാന്‍ല്യൂജി ബുഫണിനെ പരീക്ഷിക്കാനുള്ള അവസരംപോലും ഈ സഖ്യം ബാഴ്സയ്ക്ക് നല്‍കിയില്ല. സൂചിപ്പഴുതുപോലും ഉണ്ടായില്ല അവരുടെ കാവല്‍നിരയില്‍.

ലയണല്‍ മെസിയും നെയ്്മറും ലൂയിസ് സുവാരസും ഉള്‍പ്പെട്ട ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള മിസൈലുകളെ ഫലത്തില്‍ 180 മിനിറ്റ് തടഞ്ഞുനിര്‍ത്തി. ടൂറിനിലും ഗോളടിപ്പിച്ചില്ല. ഇതിനു മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയേണ്‍ മ്യൂണിക്കും മാത്രമാണ് ഇരുപാദങ്ങളിലും ബാഴ്സയെ ഗോളടിപ്പിക്കാതിരുന്നത്. ഇതു പക്ഷേ, മെസി-നെയ്മര്‍-സുവാരസ് സഖ്യത്തിന്റെ ബാഴ്സയായിരുന്നു. ആ ബാഴ്സയുടെ വീര്യത്തെയാണ് യുവന്റസ് തടഞ്ഞുകെട്ടി വിഫലമാക്കിയത്.

എങ്കിലും അവസരങ്ങള്‍ കിട്ടാതിരുന്നില്ല ബാഴ്സയ്ക്ക്. പക്ഷേ, മൂവരും പാഴാക്കി. ഇടവേളയ്ക്കുമുമ്പ് മൂന്ന് മികച്ച അവസരങ്ങള്‍ പാഴായി. സുവാരസിന്റെ അടി തടഞ്ഞു. ഗോള്‍മുഖത്തുള്ള മെസിയുടെ അടി പുറത്തേക്കുപോയി. നെയ്മറുടെ വോളി ലക്ഷ്യംകാണാതെ പറന്നു. ആകെ 19 അടികള്‍ തൊടുത്തു. എന്നാല്‍ ഇതില്‍ ബുഫണിനെ പരീക്ഷിക്കാന്‍ മാത്രം മികച്ചതുണ്ടായില്ല.

സംഘടിതമായിരുന്നു യുവന്റസിന്റെ പ്രതിരോധം. മാസിമില്ലാനോ അല്ലെഗ്രിയുടെ സംഘം കരുതലോടെ നിലയുറപ്പിച്ചു. രണ്ടു വര്‍ഷം മുമ്പ് ബാഴ്സയോട് മുട്ടിയ യുവന്റസായിരുന്നില്ല ഇത്. പ്രതിരോധത്തിനൊപ്പം മികച്ച പ്രത്യാക്രമണങ്ങളുമുണ്ടായി. വലതുഭാഗത്ത് യുവാന്‍ കൊദ്രാദോ നടത്തിയ മിന്നല്‍നീക്കങ്ങള്‍ ബാഴ്സയെ വിരട്ടി. ഗൊണ്‍സാലോ ഹിഗ്വെയ്നും ആദ്യപാദത്തിലെ താരം പാബ്ളോ ഡിബാലയ്ക്കും അവസരങ്ങള്‍ കിട്ടി. നേരിയ വ്യത്യാസത്തിലാണ് പല ശ്രമങ്ങളും പാഴായത്. ആദ്യപാദത്തെ അപേക്ഷിച്ച് മികച്ചതായിരുന്നു ബാഴ്സാ പ്രതിരോധവും. ജെറാര്‍ഡ് പിക്വെയും സാമുവല്‍ ഉംറ്റിറ്റിയും ജാഗ്രതയോടെ നിന്നു.

പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരെ പുറത്തെടുത്ത മാന്ത്രിക പ്രകടനമായിരുന്നു നൌകാമ്പുകാരുടെ മനസ്സില്‍. കളിയുടെ തുടക്കത്തില്‍ ബാഴ്സ താളംകണ്ടെത്താന്‍ വിഷമിച്ചു. പുരോഗമിക്കുംതോറും ബാഴ്സയ്ക്ക് നിയന്ത്രണം കിട്ടി. 39-ാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം ബാഴ്സയ്ക്ക് പ്രതീക്ഷ നല്‍കി. മികച്ചൊരു ഷോട്ട് ബുഫണ്‍ തട്ടിയകറ്റി. തിരിച്ചെത്തിയ പന്ത് മെസി വീണ്ടും തൊടുത്തു. ഇക്കുറി വലയുടെ അരികുതട്ടി. മറുവശത്ത് ഹിഗ്വെയ്ന്‍ ക്ളോസ് റേഞ്ചില്‍വച്ചുള്ള അവസരം പാഴാക്കി. കൊദ്രാദോയുടെ അടി പോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയി.

ഇടവേളയ്ക്കുശേഷം ആക്രമണം മാത്രം ലൂയിസ് എന്റിക്വെ ലക്ഷ്യംവച്ചു. ഗോളടിക്കാന്‍ പാകോ അല്‍കാസെറിനെക്കൂടി ഇറക്കി. ഇവാന്‍ റാകിടിച്ചിനെ പിന്‍വലിച്ചു. പ്രതിരോധം ഉംറ്റിറ്റിയെ ഏല്‍പ്പിച്ച് പിക്വെ യുവന്റസ് ഗോള്‍മുഖത്തേക്കു വന്നു. അല്ലെഗ്രി അടവുമാറ്റി. മരിയോ മാന്‍ഡ്സുകിച്ച് ഉള്‍പ്പെടെയുള്ള മുന്നേറ്റക്കാര്‍വരെ ബോക്സിനുമുന്നില്‍ നിന്നു. എട്ടു പേര്‍ ഒരേസമയം ബാഴ്സയുടെ നീക്കങ്ങളെ നുള്ളിയെറിഞ്ഞു. കില്ലെനിയും ബൊനൂഷിയും നേതൃത്വം നല്‍കി. വശങ്ങളില്‍ ആന്ദ്രേ ബര്‍സാഗ്ളിയും ഡാനി ആല്‍വേസും. നെയ്മറിന്റെ നീക്കങ്ങളെ കൂടുതല്‍ നിഷ്പ്രഭമാക്കിയത് ആല്‍വേസായിരുന്നു. സുവാരസിന് കില്ലെനിയും ബൊനൂഷിയും ചെറിയൊരു വിടവുപോലും നല്‍കിയില്ല. നൌകാമ്പില്‍ 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബാഴ്സ യുവന്റസിന്റെ പെരുമയാര്‍ന്ന പ്രതിരോധക്കളിക്കുമുന്നില്‍ നമിച്ചു. 1996ലെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിനുശേഷം യുവന്റസ് മറ്റൊരു കിരീടംകൂടി സ്വപ്നംകാണുകയാണ്.
യുവന്റസിനൊപ്പം റയല്‍ മാഡ്രിഡ്, മൊണാകോ, അത്ലറ്റികോ മാഡ്രിഡ് ടീമുകളാണ് സെമിയിലേക്കു മുന്നേറിയത്. സെമി ടീമുകളുടെ നറുക്കെടുപ്പ് ഇന്നു നടക്കും.

ബാഴ്സ തുടര്‍ച്ചയായ രണ്ടാം സീസണിലാണ് നിരാശയോടെ പുറത്താകുന്നത്. സ്പാനിഷ് ലീഗ് കിരീടപ്രതീക്ഷയും മങ്ങലിലാണ്. ഞായറാഴ്ച റയലുമായുള്ള ക്ളാസികോ പോരാട്ടത്തോടെ ബാഴ്സയുടെ വിധി അറിയാം. ഒരു മത്സരം കുറവുള്ള റയലുമായി ഇപ്പോള്‍ മൂന്നു പോയിന്റിന് പിന്നിലാണ് ബാഴ്സ. ഈ സീസണില്‍ പ്രതീക്ഷിക്കുന്ന ഏക കിരീടം സ്പാനിഷ് കിങ്സ് കപ്പാണ്. മെയ് 27നാണ് ഫൈനല്‍. ഡിപൊര്‍ടീവോ അലാവെസാണ് എതിരാളികള്‍. ബാഴ്സാ പരിശീലകന്‍ എന്റിക്വെ ഈ സീസണോടെ ക്ളബ് വിടും.

പ്രധാന വാർത്തകൾ
Top