Top
24
Saturday, June 2017
About UsE-Paper

ഒരുങ്ങി, ഇനി 3 ടീം കൂടി

Saturday May 20, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > വേദികളെക്കുറിച്ചുള്ള ആശങ്കകളും കാത്തിരിപ്പും കഴിഞ്ഞു. ഫിഫാ അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ പൂര്‍ണമായും ഒരുങ്ങി. ഈ ആഴ്ചയോടെ മത്സരിക്കുന്ന ടീമുകളുടെ അന്തിമപട്ടികയും പൂര്‍ത്തിയാകും. തുടര്‍ന്ന് മത്സരക്രമമാണ്. ഇതിനകം 21 ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടി.

ആഫ്രിക്കയില്‍നിന്ന് ഇനി മൂന്ന് ടീംകൂടി യോഗ്യത നേടാനുണ്ട്. നേഷന്‍സ് കപ്പിന്റെ സെമി ലൈനപ്പ് ആകുന്നതോടെ 24 ടീമുകള്‍ തികയും. 209 രാജ്യങ്ങളാണ് യോഗ്യതയ്ക്കായി മത്സരിച്ചത്. ഫിഫയുടെ അണ്ടര്‍ 20 ലോകകപ്പ് കൊറിയയില്‍ ഇന്ന് ആരംഭിക്കുകയാണ്. ജൂണ്‍ 11ന് അവസാനിക്കും. ശേഷം എല്ലാ കണ്ണും ഇന്ത്യയിലേക്കാകും. അണ്ടര്‍ 16 വിഭാഗത്തില്‍ നടന്ന ടൂര്‍ണമെന്റിനെ 2007ലാണ് അണ്ടര്‍ 17 വിഭാഗത്തിലേക്ക് ഉയര്‍ത്തിയത്.

ഒക്ടോബര്‍ ആറിനാണ് കൊടിയേറ്റം. ആകെ 24 ടീമുകള്‍. ആറ് ഗ്രൂപ്പുകള്‍.  52 മത്സരങ്ങള്‍. ഗ്രൂപ്പ്ഘട്ടത്തില്‍ 36 എണ്ണം. ഓരോ ഗ്രൂപ്പിലും ആറുവീതം കളികള്‍. ഗ്രൂപ്പിലെ ആദ്യ മികച്ച രണ്ട് സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലെത്തും. ഒപ്പം ആറ് ഗ്രൂപ്പുകളിലുംകൂടി മികച്ച നാല് മൂന്നാംസ്ഥാനക്കാരും അവസാന 16-ല്‍ ഇടംപിടിക്കും.

ആകെ ആറ് വേദികള്‍. നവി മുംബൈ, ന്യൂഡല്‍ഹി, ഗോവ, കൊച്ചി, ഗുവാഹത്തി, കൊല്‍ക്കത്ത. ഫൈനലും ലൂസേഴ്സ് ഫൈനലും ഒക്ടോബര്‍ 28ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗ് സ്റ്റേഡിയത്തില്‍ നടക്കും. സെമി മത്സരങ്ങള്‍ ഡല്‍ഹി ഡോ. ഡി വൈ പട്ടേല്‍ സ്റ്റേഡിയത്തിലും ഗുവാഹത്തി ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലും നടക്കും. 25നാണ് സെമി മത്സരങ്ങള്‍.

കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എട്ട് കളികളാണ്. ആറ് ഗ്രൂപ്പ് മത്സരങ്ങള്‍. ഒരു പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും. ഗ്രൂപ്പ് ഡിയിലെ അഞ്ച് കളിയും ഗ്രൂപ്പ് സിയിലെ ഒരു കളിയുമാണ് കൊച്ചിയില്‍ നടക്കുക. ഒക്ടോബര്‍ 7, 10, 13 തീയതികളിലാണ് കൊച്ചിയിലെ ഗ്രൂപ്പ് മത്സരങ്ങള്‍. പ്രീ ക്വാര്‍ട്ടര്‍ 18ന്, ക്വാര്‍ട്ടര്‍ 22ന്.

ആറിലെ ഉദ്ഘാടനമത്സരങ്ങള്‍ക്ക് മുംബൈയും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും വേദിയാകും. ആദ്യദിനം ആകെ നാല് കളിയാണ്. ഫൈനല്‍ നടക്കുന്ന കൊല്‍ക്കത്തയാണ് വലുപ്പത്തില്‍ മുന്നില്‍. 85,000 പേര്‍ക്ക് ഇവിടെ കളി കാണാനാകും. ടിക്കറ്റുകള്‍ ഇതിനകം കൊല്‍ക്കത്തയില്‍ വിറ്റുതീര്‍ന്നു. 58,000 പേര്‍ക്ക് ഇരിക്കാന്‍കഴിയുന്ന ഡല്‍ഹിയാണ് രണ്ടാമത്. കൊച്ചിയില്‍ 55,000 പേര്‍ക്കാണ് ഇരിപ്പിടസൌകര്യം. പക്ഷേ, സുരക്ഷാകാരണങ്ങളാല്‍ 41,748 ആക്കി കുറച്ചു. ഗോവയാണ് ഏറ്റവും പിന്നില്‍. 19,000 പേര്‍ക്ക് മാത്രമാണ് ഗോവയില്‍ കളി കാണാനാകുക.

ലോകകപ്പിന് ആദ്യമായി അവസരം കിട്ടിയ ഇന്ത്യ അവസാനവട്ട ഒരുക്കത്തിലാണ്. യൂറോപ്യന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീം മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുന്നു. ഇന്ത്യയെ കൂടാതെ, ഇറാന്‍, ഇറാഖ്, ജപ്പാന്‍, ഉത്തര കൊറിയ, ഇംഗ്ളണ്ട്, ഫ്രാന്‍സ്, ജര്‍മനി, സ്പെയ്ന്‍, തുര്‍ക്കി, കോസ്റ്റാറിക്ക, ഹോണ്ടുറാസ്, മെക്സിക്കോ, അമേരിക്ക, ന്യൂ കാലെഡോണിയ, ന്യൂസിലന്‍ഡ്, ബ്രസീല്‍, ചിലി, കൊളംബിയ, പരാഗ്വേ, ഘാന ടീമുകള്‍ യോഗ്യത നേടി. ആഫ്രിക്കയില്‍നിന്ന് ഘാന മാത്രമേ ഉറപ്പിച്ചിട്ടുള്ളൂ. ഗിനിയ, ടാന്‍സാനിയ, മാലി ടീമുകളാണ് യോഗ്യതാ പ്രതീക്ഷയിലുള്ള മറ്റ് ടീമുകള്‍.

അണ്ടര്‍ 16, 17 വിഭാഗത്തിലായി ഏറ്റവും കൂടുതല്‍ കിരീടം നേടിയത് നൈജീരിയാണ്. നിലവിലെ ചാമ്പ്യന്‍മാര്‍കൂടിയായ നൈജീരിയ അഞ്ചുതവണ ജേതാക്കളായി. മൂന്നുതവണ രണ്ടാം സ്ഥാനക്കാരും. പക്ഷേ, ഇക്കുറി യോഗ്യത നേടാന്‍ നൈജീരിയക്ക് കഴിഞ്ഞില്ല. മൂന്നുതവണ ചാമ്പ്യന്‍മാരാകുകയും രണ്ടുതവണ രണ്ടാം സ്ഥാനക്കാരുമായ ബ്രസീലാണ് പട്ടികയില്‍ രണ്ടാമത്. ഒരു തവണ മൂന്നാം സ്ഥാനവും ബ്രസീല്‍ നേടിയിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് ഇക്കുറി ബ്രസീല്‍ എത്തിയത്. അഞ്ചുതവണ സെമിയിലെത്തിയ അര്‍ജന്റീനയ്ക്ക് ഇക്കുറി യോഗ്യത നേടാനായിട്ടില്ല. ഏഷ്യയില്‍നിന്ന് ഒരു ടീം മാത്രമേ ഇതുവരെ ചാമ്പ്യന്‍മാരായുള്ളൂ. 1989ല്‍ സൌദി അറേബ്യ.

Categories