റിയോയില്‍ പറക്കാന്‍ കുഞ്ഞുമുഹമ്മദ്

മണ്ണാര്‍ക്കാട്> റിയോയില്‍ മിന്നല്‍പ്പിണരാകാന്‍ ഒരുങ്ങുകയാണ് പാറപ്പുറത്തുകാരന്‍ കുഞ്ഞുമുഹമ്മദ്. 2012ലെ ഒളിമ്പിക്സ് യോഗ്യതാ റൌണ്ടില്‍ മൈക്രോ സെക്കന്‍ഡിനു പുറത്തായതിന്റെ വിഷമംതീര്‍ത്ത് ഏഷ്യന്‍ റെക്കോഡോഡെയാണ് ഇത്തവണ ഒളിമ്പിക്യോഗ്യത കടന്നത്.
രണ്ടുമാസം മുമ്പ് തുര്‍ക്കിയില്‍ നടന്ന ആദ്യ റൌണ്ടിലും ഇക്കഴിഞ്ഞദിവസം ബംഗളൂരുവില്‍ നടന്ന അവസാന റൌണ്ട് യോഗ്യതാ നിര്‍ണയ മത്സരത്തിലും 4–100 മീറ്റര്‍ റിലേ ടീം മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തതിന്റെ ക്രെഡിറ്റ് മുഴുവന്‍ കുഞ്ഞുമുഹമ്മദിനുള്ളതാണ്. 3.0009 സെക്കന്‍ഡില്‍ യോഗ്യതാമാര്‍ക്ക് പിന്നിടുമ്പോള്‍ ഏഷ്യന്‍ റെക്കോഡാണ് കുറിക്കപ്പെട്ടത്. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാറായി ജോലിചെയ്യുന്ന കുഞ്ഞുമുഹമ്മദിന്റെ റിയോ യാത്ര രണ്ടാമത്തേതാണ്. 2011ല്‍ റിയോയില്‍ നടന്ന ലോകമിലിറ്ററി ഗെയിംസില്‍ 4–400 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയാണ് മടങ്ങിയത്. ഇത്തവണ 4–00 മീറ്റര്‍ റിലേയില്‍ രാജ്യത്തെ പ്രതിനിധീകരിക്കും.
മലയാളിയായ മുഹമ്മദ്അനസ്, തമിഴ്നാട്ടുകാരായ തരുണ്‍ അയ്യാസാമി, ആരോഗ്യരാജ് എന്നിവരാണ് റിലേയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. സ്കൂള്‍ പഠനകാലത്തുതന്നെ അത്ലറ്റിക്സില്‍ മികവുപുലര്‍ത്തിയ ഈ ഗ്രാമീണ ഓട്ടക്കാരന്‍, 2007ല്‍ കോട്ടോപ്പാടം കെഎഎച്ച്എസ്എസില്‍നിന്ന് പ്ളസ്ടു പൂര്‍ത്തിയാക്കി. ഇക്കാലത്ത് കായികാധ്യാപകനായ ജോര്‍ജാണ് കുഞ്ഞുമുഹമ്മദിന്റെ കായികാഭിരുചി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. തുടര്‍ന്ന് ഗുരുവായൂര്‍ ശ്രീകൃഷണ കോളേജില്‍ ചരിത്രത്തില്‍ ബിരുദപഠനം തുടങ്ങിയത് ജീവിതത്തിന്റെ വഴിത്തിരിവായി.
2008ല്‍ 400 മീറ്റര്‍ സ്പ്രിന്റ് ഇനത്തില്‍ രണ്ടാമനായി ഫിനിഷ് ചെയ്ത കുഞ്ഞുമുഹമ്മദ് പ്രതിഭാധനനായ ഓട്ടക്കാരനായിരുന്നുവെന്ന് ഒന്നാം സ്ഥാനക്കാരനും കലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യനുമായിരുന്ന ആര്‍ അനൂജ് ഓര്‍മിച്ചു. ബിരുദപഠനകാലത്ത് 100 മീ, 200 മീ, 400 മീ എന്നീ സ്പ്രിന്റ് ഇനങ്ങളില്‍ തിളങ്ങിയ കുഞ്ഞുമുഹമ്മദ് യൂണിവേഴ്സിറ്റി ചാമ്പ്യന്‍വരെയായി. ഇക്കാലത്ത് പത്മനാഭന്‍, ജഗദീഷ് കൃഷ്ണന്‍ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം.
2010, 2012, 2013 വര്‍ഷങ്ങളില്‍ 400 മീറ്ററില്‍ ദേശീയ ചാമ്പ്യനായി. 2010ല്‍ ആര്‍മിയില്‍ ജോലിനേടി, ജബല്‍പുര്‍ ആര്‍മി ക്യാമ്പില്‍ ചേര്‍ന്നു. ഇപ്പോള്‍ ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടി ബംഗളൂരുവിലേക്കു മാറി. പാലക്കാട് ജില്ലയില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ പാറപ്പുറം ഗ്രാമത്തിലെ ചുമട്ടുതൊഴിലാളി പുത്തന്‍പുരക്കല്‍ മുഹമ്മദിന്റെ അഞ്ചുമക്കളില്‍ ഇളയവനാണ് കുഞ്ഞുമുഹമ്മദ്.










0 comments