Top
22
Thursday, June 2017
About UsE-Paper

ചാമ്പ്യന്‍ ശ്രീകാന്ത്

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

ജക്കാര്‍ത്ത > ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് കിരീടം കിഡംബി ശ്രീകാന്തിന്. ഫൈനലില്‍ ജപ്പാന്റെ കസുമാസ സകായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു (21-11, 21-19). സെമിയില്‍ എച്ച് എസ് പ്രണോയിയെ തോല്‍പ്പിച്ചാണ് സകായ് ഫൈനലില്‍ കടന്നത്.
ശ്രീകാന്തിന്റെ മൂന്നാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണ്. സൈന നെഹ്വാളിന് ശേഷം ഏറ്റവുംകൂടുതല്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. ഇന്തോനേഷ്യന്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരവും ഈ ഇരുപത്തിനാലുകാരന്‍തന്നെ.

ചൈന ഓപ്പണ്‍ (2014), ഇന്ത്യന്‍ ഓപ്പണ്‍ (2015) എന്നിവയാണ് ശ്രീകാന്തിന്റെ മറ്റ് കിരീടങ്ങള്‍. ഈ വര്‍ഷമാദ്യം സിംഗപുര്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെതന്നെ ബി സായ് പ്രണീതിനോട് തോറ്റു.

സകായിക്കെതിരെ ശ്രദ്ധിച്ചാണ് ശ്രീകാന്ത് തുടങ്ങിയത്. ആദ്യ സെര്‍വ് ശ്രീകാന്തിന്റേതായിരുന്നു. തുടക്കം 2-2. വലയ്ക്കരികെ രണ്ടുപേരും കളി കുരുക്കി. ഡ്രോപ് ഷോട്ടുകളിലൂടെ ശ്രീകാന്ത് പെട്ടെന്ന് ലീഡുയര്‍ത്തി. 6-4, 8-5 എന്നിങ്ങനെ മുന്നേറി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-8ന് ലീഡ് ഉറപ്പിച്ചു ശ്രീകാന്ത്. വലയ്ക്കരികെയുള്ള മികച്ച നീക്കങ്ങളില്‍ ജപ്പാന്‍താരത്തെ തളര്‍ത്തി. മൂന്ന് പോയിന്റ് മാത്രമാണ് ഇടവേളയ്ക്കുശേഷം സകായിക്ക് നേടാന്‍ കഴിഞ്ഞത്. സകായിയുടെ ബാക്ക് ഹാന്‍ഡ് ഷോട്ടുകള്‍ക്ക് ശ്രീകാന്ത് ഡ്രോപ് ഷോട്ടുകളിലൂടെ മറുപടി നല്‍കി. അവസാന മൂന്ന് പോയിന്റില്‍ രണ്ടെണ്ണം ഇങ്ങനെ നേടിയതാണ്. ആദ്യ ഗെയിം 13 മിനിറ്റിലാണ് അവസാനിച്ചത്്. രണ്ടാം ഗെയിമില്‍ ജപ്പാന്‍ താരം മികച്ച രീതിയില്‍ തുടങ്ങി. പ്രണോയിക്കെതിരെ ആദ്യ ഗെയിം നഷ്ടമായതിനുശേഷമാണ് സെമിയില്‍ സകായ് ജയം പിടിച്ചെടുത്തത്.

ഫൈനലിലും അതേ തിരിച്ചുവരവിന് സകായ് ശ്രമിച്ചു. ബേസ്ലൈനിന് അരികെ പോയിന്റ് നിര്‍ണയിക്കുന്നതിലെ പിഴവാണ് രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ശ്രീകാന്തിനെ പിന്നോട്ടടിച്ചത്. ഒരു ഘട്ടത്തില്‍ 8-4ന്  സകായ് മുന്നിലെത്തി. ശ്രീകാന്ത് സമ്മര്‍ദത്തിലായി. എന്നാല്‍ വേഗത്തിലുള്ള സ്മാഷുകള്‍ കൊണ്ട് ശ്രീകാന്ത് തിരിച്ചുവന്നു. ലീഡ് കുറച്ചു. തുടര്‍ച്ചയായ മൂന്ന് തകര്‍പ്പന്‍ സ്മാഷുകള്‍ തൊടുത്ത് 14-13ന് മുന്നിലെത്തുകയും ചെയ്തു. ഈ ലീഡ് നിര്‍ണായകമായി. മത്സരത്തിന്റെ ഗതിമാറ്റിയത് ആ നിമിഷമെന്നായിരുന്നു മത്സരശേഷം ശ്രീകാന്തിന്റെ പ്രതികരണം.

അവസാന ഘട്ടത്തില്‍ ആക്രമണാത്മകമായി കളിച്ച ശ്രീകാന്ത് 17-15ന്റെ ലീഡിലെത്തി. പക്ഷേ, സകായ് തിരിച്ചുവന്നു. 19-19ന് ഒപ്പമെത്തി. പിന്നീട് രണ്ട് ക്രോസ് കോര്‍ട്ട് സ്മാഷുകളിലൂടെ രണ്ടാമത്തെ ഗെയിമും ചാമ്പ്യന്‍ഷിപ്പും ശ്രീകാന്ത് സ്വന്തമാക്കി.

Categories