Top
27
Saturday, May 2017
About UsE-Paper

റയലിന് 1 അകലെ 1

Friday May 19, 2017
വെബ് ഡെസ്‌ക്‌

മാഡ്രിഡ് > ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ത്രസിപ്പിക്കുന്ന പ്രകടനം റയല്‍ മാഡ്രിഡിനെ സ്പാനിഷ് ലീഗ് കിരീടത്തിന് തൊട്ടരികെ എത്തിച്ചു. ഒരു പോയിന്റ്കൂടി നേടിയാല്‍ റയലിന് സ്പാനിഷ് ചാമ്പ്യന്‍മാരാകാം.

 

സെല്‍റ്റ ഡി വിഗോയെ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ അടുത്തത്. ഈ ജയം പോയിന്റ്പട്ടികയില്‍ റയലിനെ ഒന്നാമതെത്തിക്കുകയും ചെയ്തു. ഒരു കളി ശേഷിക്കെ ബാഴ്സലോണയെക്കാള്‍ മൂന്നു പോയിന്റിന് മുന്നില്‍. ഞായറാഴ്ച നടക്കുന്ന അവസാന റൌണ്ട് മത്സരം ആവേശകരമാകും. മലഗയുമായാണ് റയലിന്റെ കളി. സമനില നേടിയാല്‍പോലും റയലിന് കിരീടം ചൂടാം. അഞ്ചുവര്‍ഷമായി റയലിന് ലീഗില്‍ കിരീടമില്ല. രണ്ടാമതുള്ള ബാഴ്സയ്ക്ക് ഐബറാണ് എതിരാളി. റയല്‍ തോറ്റാല്‍ മാത്രമേ ബാഴ്സയ്ക്ക് പ്രതീക്ഷയുള്ളൂ. റയല്‍ തോല്‍ക്കുകയും ബാഴ്സ ഐബറിനെ വീഴ്ത്തുകയും ചെയ്താല്‍ കളി മാറും. മികച്ച ഗോള്‍വ്യത്യാസത്തില്‍ ബാഴ്സ ചാമ്പ്യന്‍മാരാകും.

 

സിനദിന്‍ സിദാന്‍ ഇക്കുറി പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നില്ല. റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെല്ലാം തിരിച്ചെത്തി. വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ബെലെയ്ദോസ് സ്റ്റേഡിയത്തിലെ കളി. ആദ്യ 10 മിനിറ്റിനുള്ളില്‍ റൊണാള്‍ഡോയിലൂടെ റയല്‍ മുന്നിലെത്തുകയും ചെയ്തു. പക്ഷേ, സെല്‍റ്റയാണ് പിന്നീട് കളംനിറഞ്ഞത്. അര്‍ഹമായ പെനല്‍റ്റി റഫറി നിഷേധിച്ചു. വിവാദ തീരുമാനത്തിലൂടെ അവരുടെ മുന്നേറ്റക്കാരന്‍ ഇയാഗോ അസ്പാസിനെ രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കി പുറത്താക്കുകയും ചെയ്തു. 10 പേരുമായി ചുരുങ്ങിയശേഷമാണ് സെല്‍റ്റ ഒരു ഗോള്‍ തിരിച്ചടിച്ചത്. ജോണ്‍ ഗുയ്ഡെറ്റി സെല്‍റ്റയുടെ ഗോള്‍ നേടി. റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ റയല്‍ 2-1ന് മുന്നിലായിരുന്നു അപ്പോള്‍. അവസാനഘട്ടത്തില്‍ 10 പേരുമായി പൊരുതാന്‍ സെല്‍റ്റയ്ക്ക് കഴിഞ്ഞില്ല. അവര്‍ രണ്ട് ഗോള്‍കൂടി വഴങ്ങി. കരിം ബെന്‍സെമയും ടോണി ക്രൂസും ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി.

 

റൊണാള്‍ഡോ-ബെന്‍സെമ-ഇസ്കോ എന്നിവരായിരുന്നു റയല്‍ മുന്നേറ്റത്തില്‍. കാസെമിറോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് സഖ്യം മധ്യനിരയിലും. ആദ്യനിമിഷങ്ങളില്‍ റയല്‍ കടുത്ത ആക്രമണം നടത്തി. കിങ്സ് കപ്പില്‍ റയലിനെ പുറത്താക്കിയ സെല്‍റ്റയ്ക്ക് ഇക്കുറി പിടിച്ചുനില്‍ക്കാനായില്ല. 10-ാം മിനിറ്റില്‍ ഗോളും വഴങ്ങി. മാഴ്സെലോയുടെ നീക്കത്തില്‍നിന്ന് റയല്‍ തുടങ്ങി. ഈ ബ്രസീലുകാരന്‍ ഇസ്കോയിലേക്ക്. ബോക്സില്‍വച്ച് ഇസ്കോയ്ക്ക് പന്ത് നഷ്ടമായി. അതു കിട്ടിയത് റൊണാള്‍ഡോയ്ക്ക്. സെല്‍റ്റ ഗോളി അല്‍വാരെസിനെ കാഴ്ചക്കാരനാക്കി റൊണാള്‍ഡോ അടിപായിച്ചു.
സെല്‍റ്റ പ്രത്യാക്രമണം നടത്തി. ഡാനിയേല്‍ വാസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് റയല്‍ ഗോളി കെയ്ലര്‍ നവാസിന്റെ കൈകളില്‍ തട്ടിത്തെറിച്ചു.

 

അസ്പാസിന്റെ ഒരു ശ്രമം വലയ്ക്കരികെ ഇടിച്ചു.മറ്റൊന്ന് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തൊട്ടുപിന്നാലെ സെല്‍റ്റയുടെ പെനല്‍റ്റിവാദം റഫറി നിഷേധിച്ചു. അസ്പാസിന്റെ അടി റാഫേല്‍ വരാനെയുടെ കൈയില്‍ തട്ടിയതിനാണ് സെല്‍റ്റ വാദിച്ചത്. പക്ഷേ, റഫറി അനുവദിച്ചില്ല. കയര്‍ത്ത അസ്പാസിന് മഞ്ഞക്കാര്‍ഡും കിട്ടി. ഇടവേളയ്ക്കുശേഷം ആദ്യ മിനിറ്റുകളില്‍തന്നെ റയല്‍ ലീഡ് വര്‍ധിപ്പിച്ചു. റയല്‍ ഗോള്‍മുഖത്ത് തെറിച്ചുവീണ പന്തില്‍ പ്രത്യാക്രമണം. ഇസ്കോയുടെ മിന്നുംകുതിപ്പ്. ബോക്സിന് തൊട്ടുമുന്നില്‍വച്ച് ഇസ്കോ റൊണാള്‍ഡോയ്ക്ക് നല്‍കി.

 

ഉടന്‍തന്നെ അസ്പാസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. റയല്‍ ബോക്സില്‍ വീഴ്ച അഭിനയിച്ചുവെന്ന കാരണത്താലാണ് അസ്പാസിന് റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് വീശിയത്്. യഥാര്‍ഥത്തില്‍ സെര്‍ജിയോ റാമോസിന്റെ കാല്‍ തട്ടിയാണ് അസ്പാസ് വീണത്. ആളെണ്ണം കുറഞ്ഞെങ്കിലും സെല്‍റ്റ പൊരുതി. അതുവരെ സുവര്‍ണാവസരങ്ങള്‍ തുലച്ച ഗുയ്ഡേറ്റി ഗോള്‍ മടക്കി. ആ മികവ് നിലനിര്‍ത്താനായില്ല സെല്‍റ്റയ്ക്ക്.

Categories