16 December Sunday

ഇതാണ് ജര്‍മനി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2017

കൊളംബിയക്കെതിരെ ഗോള്‍ നേടിയ ജര്‍മന്‍ ടീമിന്റെ ആഹ്ളാദം

ന്യൂഡല്‍ഹി > നോക്കൌട്ടില്‍ വിശ്വരൂപം പുറത്തെടുത്ത ജര്‍മനി മറുപടിയില്ലാത്ത നാലു ഗോളിന് കൊളംബിയയെ മലര്‍ത്തിയടിച്ചു. കളിയുടെ സമസ്തമേഖലയിലും പൂര്‍ണ ആധിപത്യം പുലര്‍ത്തിയ യൂറോപ്യന്‍ കരുത്തര്‍ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച്ചെയ്തു. ജര്‍മനി പേരിനൊത്ത കേളീമികവുമായി ലോകകപ്പില്‍ ആദ്യമായി കളംനിറഞ്ഞപ്പോള്‍ കൊളംബിയ നിസ്സഹയരായി ടൂര്‍ണമെന്റിനോട് വിടപറഞ്ഞു.

ക്യാപ്റ്റന്‍ യാന്‍ ഫിയറ്റ് ആര്‍പ് ഇരട്ടഗോളുമായി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ കൊളംബിയ ജര്‍മന്‍പടയ്ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞു. യാന്‍ ബിസെക്കും ജോണ്‍ യെബോഹയും പട്ടികപൂര്‍ത്തിയാക്കി. ക്വാര്‍ട്ടറില്‍ ബ്രസീല്‍-ഹോണ്ടുറാസ് മത്സരത്തിലെ ജേതാവുമായി ജര്‍മനി കൊമ്പുകോര്‍ക്കും.

ഗ്രൂപ്പ് മത്സരങ്ങളിലെ മങ്ങിയ കളിയുടെ കുറവ് തീര്‍ത്ത പ്രകടനമാണ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജര്‍മനിയുടെ കുട്ടിപ്പട പുറത്തെടുത്തത്. ആദ്യ കുറച്ചു മിനിറ്റുകളില്‍ ജര്‍മന്‍ പ്രതിരോധത്തിന് സമ്മര്‍ദം നല്‍കിയ കൊളംബിയയെ പിന്നീട് പൂര്‍ണമായും കീഴ്പ്പെടുത്തുകയായിരുന്നു ആര്‍പും സംഘവും. ആ പ്രഭാവത്തില്‍ മുങ്ങി പിഴവുകള്‍ക്ക് പിറകെ പിഴവുകളുമായി ലാറ്റിനമേരിക്കന്‍ സംഘം ഗോളുകള്‍ വഴങ്ങി. അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങി.

ഏഴാം മിനിറ്റ്വരെ മാത്രമാണ് കൊളംബിയ കളിയിലുണ്ടായിരുന്നത്. ഓവര്‍ഹെഡ് പാസുകളുമായി ജര്‍മന്‍ പ്രതിരോധത്തെ രണ്ടുതവണ പരീക്ഷിച്ചു യുവാന്‍ പെനലോസയും ദെയ്ബെര്‍ കെയ്സീദോയും. രണ്ടാംവട്ടം പ്രത്യാക്രമണത്തില്‍ പക്ഷേ ആര്‍പ് ഉദിച്ചു. മധ്യനിരയില്‍നിന്ന് യെബോഹ നല്‍കിയ പന്തുമായി മുന്നോട്ടുകയറിയ ആര്‍പിനെ കൊളംബിയന്‍ കീപ്പര്‍ കെവിന്‍ മിയെര്‍ ബോക്സില്‍ വലതുവശത്ത് തടഞ്ഞു. പക്ഷേ മിയെറിന്റെ കൈയില്‍നിന്ന് പന്ത് വഴുതിത്തെറിച്ചു. ആര്‍പ് പിടിച്ചെടുത്തു. ഇടംകാല്‍കൊണ്ട് വലയിലേക്ക് പറഞ്ഞയച്ചു.

തിരിച്ചടിക്കാന്‍ ശ്രമിച്ചു കൊളംബിയ. പക്ഷേ ആര്‍പിനെക്കാള്‍ മൂര്‍ച്ചയേറിയ ആക്രമണവുമായി യെബോഹ അവരുടെ പ്രതിരോധത്തെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. കോര്‍ണറുകള്‍ വഴങ്ങി അവര്‍ പ്രതിരോധിച്ചു. പക്ഷേ അതിലൊന്നില്‍നിന്ന് രണ്ടാം ഗോള്‍ വന്നു. 34-ാം മിനിറ്റില്‍ സഹ്വെര്‍ദി സെറ്റിന്‍ അയച്ച കോര്‍ണറില്‍ ബിസെക് തലവച്ചു. പ്രതിരോധക്കാരനുമായി കൂട്ടിയിടിച്ച് തല വേദനിച്ചെങ്കിലും പന്ത് വലതൊട്ടു.

രണ്ടുഗോള്‍ ലീഡുമായി ഇടവേളയ്ക്ക് കയറിയ ജര്‍മനിക്കാര്‍ തിരിച്ചെത്തി രണ്ടുതവണകൂടി വലകുലുക്കി. ആര്‍പിന്റെ ആദ്യഗോളിന് വഴിയൊരുക്കിയ യെബോഹയുടേതായിരുന്നു ആദ്യ അവസരം. ആര്‍പ് കാരണക്കാരനായി. കൊളംബിയയെ തീര്‍ത്തും തളര്‍ത്തിയ തുടരാക്രമണങ്ങള്‍. പ്രതിരോധക്കാരെ വകഞ്ഞ് ആര്‍പ് നല്‍കിയ നീളന്‍ പാസ് പിടിച്ചെടുത്ത് വലതുവശത്തുകൂടെ യെബോഹ കയറി. തൊടുത്തു. ജര്‍മനി മൂന്നു ഗോളിന് മുന്നില്‍.

65-ാം മിനിറ്റില്‍ ആര്‍പ് പട്ടിക പൂര്‍ത്തിയാക്കി. ജര്‍മനി ജയവും ക്വാര്‍ട്ടറും അരക്കിട്ടുറപ്പിച്ചു. രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങിയ പ്രതിരോധക്കാരന്‍ ഡെന്നിസ് ജാസ്ത്രെംബിസ്കിക്ക് ക്വാര്‍ട്ടര്‍മത്സരം നഷ്ടമാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top