Top
17
Wednesday, January 2018
About UsE-Paper

ഫിഫ ഹാപ്പിയാണ്

Tuesday Oct 17, 2017
വെബ് ഡെസ്‌ക്‌

കൊല്‍ക്കത്ത > അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ രണ്ടാംഘട്ടത്തിലെത്തുമ്പോള്‍ ഫിഫ സന്തോഷത്തിലാണ്. ലോകകപ്പ് വിജയിച്ചുവെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് കാണികളില്‍നിന്ന് ലഭിക്കുന്നതെന്ന് ഫിഫ ലോക്കല്‍ ഓര്‍ഗനൈസിങ് സമിതി തലവന്‍ ഹാവിയര്‍ സെപ്പി പറഞ്ഞു. ഇന്ത്യന്‍ ഫുട്ബോളില്‍ ഇതിനകം ഈ ടൂര്‍ണമെന്റ് സ്വാധീനമുണ്ടാക്കി എന്നായിരുന്നു പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യയുടെ പ്രതികരണം. മികച്ച നിലവാരമുള്ള കളികളും മൈതാനത്തിലെ ആവേശവും വിജയത്തിന് കാരണമായി എന്ന് ഫിഫ പരിശീലകസംഘ തലവന്‍ ബ്രാണിമിര്‍ ഉജെവിച്ചും വ്യക്തമാക്കി. 

38 മത്സരങ്ങളാണ് പൂര്‍ത്തിയായത്. ഇന്ത്യ ആദ്യമായാണ് ഫിഫ ലോകകപ്പിന് ആതിഥേയരാകുന്നത്. എല്ലാതരത്തിലും മുന്നേറുകയാണ്. കാണികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ഒരു യൂത്ത് ടൂര്‍ണമെന്റിന് കിട്ടുന്ന ശ്രദ്ധ. ഇതിനകം 80,000 കാണികള്‍ മത്സരങ്ങള്‍ കണ്ടു. കഴിഞ്ഞതവണ ചിലിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ആകെ പങ്കാളികളായ കാണികളുടെ എണ്ണത്തിന്റെ ഇരട്ടിയാണിത്. ഒരു മത്സരത്തിന് ശരാശരി 23,000 കാണികള്‍ വരുന്നുണ്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് 49,000 പേരാണ് എത്തിയത്- സെപ്പി പറഞ്ഞു.

ഇന്ത്യന്‍ ഫുട്ബോളിന് ഏറെ മാറ്റങ്ങളുണ്ടാക്കുന്ന ടൂര്‍ണമെന്റാണിത്. വിദേശ ടീമുകള്‍ സന്തോഷത്തിലാണ്. ഒരുക്കങ്ങളിലും സൌകര്യങ്ങളിലും അവര്‍ക്ക് സംതൃപ്തരാണ്. 30,000 കാണികള്‍ക്ക് മുമ്പിലാണ് കഴിഞ്ഞദിവസം ന്യൂ കാലിഡോണിയ പന്തു തട്ടിയത്. അവര്‍ക്ക് ഇത് ആദ്യ അനുഭവമാണ്. കാണികളാണ് ഈ ടൂര്‍ണമെന്റിന്റെ ജീവന്‍- സെപ്പിയുടെ വാക്കുകള്‍.

കൊല്‍ക്കത്തയിലെ ഫൈനല്‍മത്സരം ആവേശം പടര്‍ത്തുമെന്നാണ് ഫിഫ കരുതുന്നത്. സീനിയര്‍ ലോകകപ്പിന്റെ പ്രതീതിയാണ് കൊല്‍ക്കത്തയില്‍. ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു.

ധീരജിനെ വാഴ്ത്തി ഫിഫ പരിശീലക തലവന്‍
ന്യൂഡല്‍ഹി > ആദ്യ ലോകകപ്പ് കളിച്ച ഇന്ത്യക്ക് ഏറെ നേട്ടങ്ങള്‍ കിട്ടിയെന്ന് ഫിഫ പരിശീലകസംഘത്തിന്റെ തലവന്‍ ബ്രണിമിര്‍ ഉജെവിച്ച്. ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ പ്രകടനത്തെ ഉജെവിച്ച് പ്രശംസിച്ചു.

കൊളംബിയക്കെതിരെ മനോഹര പ്രകടനമാണ് ഇന്ത്യയുടെ കുട്ടികള്‍ കാഴ്ചവച്ചത്. വൈകാരികമായാണ് കളിച്ചത്. ഗോള്‍ നേടിയശേഷം പിടിച്ചുനില്‍ക്കാന്‍ മറന്നുപോയി. ഇതൊരു പാഠമാണ്. അത്തരം പാഠങ്ങളാണ് ലോകകപ്പില്‍ ഇന്ത്യയുടെ വലിയ നേട്ടം. ജിക്സണ്‍ സിങ് നേടിയ ഗോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ചരിത്രത്തിന്റെ ഭാഗമാകുമെന്നും ഉജെവിച്ച് പറഞ്ഞു.

Categories