Top
19
Sunday, November 2017
About UsE-Paper

മാറിനില്‍ക്കുന്നു ആവേശം

Tuesday Oct 17, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ 60 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രതീക്ഷിച്ച ആവേശം സൃഷ്ടിക്കാനായില്ലെന്ന് പരാതി. ഫുട്ബോള്‍ ആരാധകരെ വേദികളിലേക്ക് ആകര്‍ഷിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. സംഘാടനത്തില്‍ തൃപ്തരാണെന്ന് ഫിഫ അറിയിച്ചെങ്കിലും ഇന്ത്യന്‍ ഫുട്ബോളിനും കളി ആസ്വാദകര്‍ക്കും ഉണര്‍വുപകരുന്നതില്‍ കൌമാര ലോകകപ്പിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നു. 

ലോകകപ്പിന്റെ ആറു വേദികളിലും കാണികളുടെ വലിയ കുറവുണ്ടായി. ഫുട്ബോളിന് ഏറെ ആരാധകരുള്ള വേദികള്‍പോലും ഇക്കാര്യത്തില്‍ വ്യത്യസ്തമായിരുന്നില്ല. ലോകകപ്പ് തുടങ്ങുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് കൊച്ചിയിലെയും ഗോവയിലെയും നല്ല മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു. എന്നാല്‍, കളി നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ഒട്ടേറെ കസേരകള്‍ ഒഴിഞ്ഞുകിടന്നു. ഐഎസ്എല്‍ കാണാന്‍ തിങ്ങിനിറഞ്ഞ വേദികളിലെ ഈ അവസ്ഥ ശരിക്കും അത്ഭുതപ്പെടുത്തി. കൊച്ചിയാണ് ഏറ്റവും കൂടുതല്‍ പേര്‍ കളി കണ്ട ഐഎസ്എല്‍ വേദി. കഴിഞ്ഞവര്‍ഷം ഐഎസ്എലില്‍ 48,898 ആണ് കൊച്ചിയിലെ ശരാശരി കാണികള്‍. തൊട്ടുപിന്നിലുള്ള ഗുവാഹത്തിയില്‍ 26,729 മാത്രമായിരുന്നു ശരാശരി. എന്നാല്‍, ലോകകപ്പില്‍ കാണികള്‍ ഏറ്റവും കുറഞ്ഞ വേദികളിലൊന്നാണ് കൊച്ചി. നല്ല കളി കാണാന്‍ എന്തു ത്യാഗവും സഹിക്കുന്നവരാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍. ഐഎസ്എലിലെ നല്ലകാലം പിന്നിട്ട വിദേശതാരങ്ങളെ കാണാനും ഏറെക്കാലത്തിനുശേഷം ലഭിച്ച നല്ലൊരു ഫുട്ബോള്‍ വിരുന്ന് ആസ്വദിക്കാനും അവര്‍ ആവേശത്തോടെ ഗ്യാലറിയിലേക്കെത്തിയിരുന്നു.

അണ്ടര്‍ 17 ലോകകപ്പ് കാണാന്‍ ഫുട്ബോള്‍പ്രേമികള്‍ക്ക് ഈ താല്‍പ്പര്യം കാണുന്നില്ല. അവരില്‍ ആവേശം നിറയ്ക്കാന്‍ കളിനടത്തിപ്പുകാര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. കളി മാര്‍ക്കറ്റ്ചെയ്യുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. കാണികളെ അകറ്റിയതില്‍ ഫിഫയുടെ കടുത്ത നിര്‍ദേശങ്ങളെയാണ് പലരും കുറ്റപ്പെടുത്തുന്നത്. എന്നാല്‍, ടിക്കറ്റ്വില്‍പ്പനയിലും സ്റ്റേഡിയത്തിലെ സൌകര്യങ്ങളിലും അടക്കം ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു.

കളിക്കാഴ്ച ആഘോഷമാക്കുന്നവരാണ് മലയാളികള്‍. ഗ്യാലറിയിലെ വാദ്യഘോഷങ്ങളും ആര്‍പ്പുവിളികളും സൃഷ്ടിക്കുന്ന ഉത്സവാന്തരീക്ഷമാണ് അവരെ കളി നേരില്‍ കാണാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അച്ചടക്കമുള്ള നല്ല കുട്ടികളായി കളി കാണുന്ന രീതി നമ്മുക്ക് പരിചയമില്ല. അച്ചടക്കത്തിന്റെ നിബന്ധനകള്‍ നിലനിര്‍ത്തി കാണികളെ ആകര്‍ഷിക്കാന്‍ പ്രദേശിക സംഘാടകസമിതിക്കു സാധിച്ചില്ല.

പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് കൂടുതല്‍ കാണികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചിയിലെ സംഘാടകര്‍. ടിക്കറ്റ്വില്‍പ്പനയിലെ പ്രശ്നങ്ങളും സ്റ്റേഡിയത്തിലുണ്ടായ ചില അസൌകര്യങ്ങളും പൂര്‍ണമായി പരിഹരിച്ചതായി കൊച്ചിയിലെ മത്സരങ്ങളുടെ നോഡല്‍ ഓഫീസറായ എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

Categories