14 November Wednesday
ഫ്രാൻസ്‌, ഡെൻമാർക്ക്‌, ക്രൊയേഷ്യ ജയിച്ചു

മഞ്ഞിലുറഞ്ഞു മെസിയും സംഘവും

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018

മെസിയുടെ പെനൽറ്റി കിക്ക്‌ ഐസ്‌ലൻഡ്‌ ഗോളി ഹാനസ്‌ ഹാൽഡോസൺ തട്ടിയകറ്റുന്നു



മോസ്കോ
ക്ഷമിക്കണം, രണ്ടുവട്ടം ലോകചാമ്പ്യൻമാരായ അർജന്റീനയെ 90 മിനിറ്റ് പിടിച്ചുനിർത്തിയ ഐസ്ലൻഡിന് അവകാശപ്പെട്ടതാണ് ഈ കളി. ഐസ്ലൻഡ് മഞ്ഞുകഷണങ്ങൾപ്പോലെ മൈതാനത്ത് ഒഴുകുകയായിരുന്നില്ല, സ്വന്തം പെനൽറ്റിബോക്സിനകത്ത്  ഉരുകിയുരുകി ഒന്നാകുകയായിരുന്നു.

പ്രതിരോധത്തിന്റെ മഞ്ഞുമലയിൽ തട്ടി ലയണൽ മെസിയെന്ന കപ്പിത്താന് ദിശതെറ്റിയപ്പോൾ റഷ്യയിൽ നങ്കൂരമിടാനുള്ള അർജന്റീനയുടെ ആദ്യനീക്കം പാളി. ഫുട്ബോൾ പ്രതിരോധത്തിന്റെകൂടി കളിയാണെന്ന് കാണിച്ചുകൊടുത്ത ഐസ്ലൻഡ് ലോകകപ്പിലെ കന്നിപ്പോരിൽ വിജയത്തോളം വീര്യമുള്ള സമനില പിടിച്ചുവാങ്ങി (1‐1). ലോകഫുട്ബോളിലെ രാജകുമാരൻ പെനൽറ്റി നഷ്ടപ്പെടുത്തിയതോടെ റഷ്യയിലെ ആദ്യ മത്സരം അർജന്റീനയ്ക്ക് നടുക്കുന്ന ഓർമയായി.

സെർജിയോ അഗ്വേറോ എന്ന ലോകോത്തര ഗോൾവേട്ടക്കാരന്റെ മുഴുവൻ മിടുക്കും വെളിവാക്കുന്നതായിരുന്നു അർജന്റീനയുടെ ഗോൾ. 19‐ാം മിനിറ്റിൽ മധ്യവരയ്ക്ക് തൊട്ടുമുന്നിൽ, ഇടതുപാർശ്വത്തിൽനിന്ന് മാർകോസ് റോഹോ ബോക്സിലേക്ക് നീട്ടിയടിച്ച പന്തിൽനിന്നാണ് അപ്രതീക്ഷിത ഗോൾ. അസാമാന്യ പ്രാഗത്ഭ്യത്തോടെ അഗ്വെറോ പന്ത് കാലിൽ കൊരുക്കുമ്പോൾ രണ്ട് ഐസ്ലൻഡ് പ്രതിരോധക്കാർ മുന്നിൽ. ഇടംകാൽകൊണ്ട് പന്തിനെ തഴുകി, ഒന്നു വെട്ടിത്തിരിഞ്ഞ് അഗ്വെറോ ഗോളിലേക്ക് തൊടുക്കുമ്പോൾ ഐസ്ലൻഡ് കാവൽഭടൻ ഹാനസ് ഹാൽഡോസണ്‌ കാഴ്ചക്കാരന്റെ വേഷമേ ഉണ്ടായിരുന്നുള്ളൂ (1‐0).

നാലുമിനിറ്റിനകം ഐസ്ലൻഡ് തിരിച്ചടിച്ചു. ഒരു പ്രത്യാക്രമണത്തിൽനിന്നു വന്ന പന്ത് അടിച്ചകറ്റാൻ അർജന്റീനക്കാർ കാണിച്ച അലസത വിനയായി. ബോക്സിന്റെ വലതുപാർശ്വത്തിൽ കിട്ടിയ പന്ത് സിഗുർസൺ ഗോൾപോസ്റ്റിന് സമാന്തരമായി നൽകി. അർജന്റീന ഗോൾകീപ്പർ വില്ലി കബെലെറോ നിലത്തുവീണ് തട്ടിയകറ്റാൻ നോക്കിയെങ്കിലും കിട്ടിയത് ഫിൻബോഗസന്റെ കാലിൽ. ക്ലോസ് റേഞ്ചിൽ ഈ മുന്നേറ്റക്കാരൻ തൊടുത്ത ഷോട്ട് വലയിൽ (1‐1).

സമനില നേടിയതോടെ ഐസ്ലൻഡ് പൂർണമായും പ്രതിരോധത്തിലേക്കു മടങ്ങി. തുടർന്ന്, അർജന്റീനയുടെ നിരന്തര ആക്രമണമാണ് അവസാനംവരെ കണ്ടത്. ഈ നീക്കങ്ങളെല്ലാം ഐസ്ലൻഡ് ഒറ്റക്കെട്ടായി ചെറുത്തു.

ഡിഫൻസീവ് മിഡ്ഫീൽഡറുടെ വേഷമായിരുന്ന ഹാവിയർ മഷ്കരാനോയ്ക്ക് പലപ്പോഴും സ്വീപ്പർബാക്കാകേണ്ടിവന്നത് ദയനീയ കാഴ്ചയായി. ഇത് അർജന്റീനയുടെ മുന്നേറ്റങ്ങളുടെ വേഗംകുറച്ചു. മധ്യനിരയിൽ പലപ്പോഴും പന്തുപിടിച്ചു കളിച്ച മെസിക്ക് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ഏഞ്ചൽ ഡി മരിയയും മാക്സി മെസയും പലപ്പോഴും ബോക്സിനുമുന്നിൽ വിളറിനിന്നു.

64‐ാം മിനിറ്റിലായിരുന്നു അർജന്റീനയ്ക്കു ലഭിച്ച പെനൽറ്റി മെസി തുലച്ചത്. ബോക്സിൽ കടന്ന മെസയെ മാഗ്സൻ തള്ളിയിട്ടതിനായിരുന്നു ഐസ്ലൻഡിന് റഫറി പിഴയിട്ടത്. മെസിയുടെ ഇടംകാൽകൊണ്ടുള്ള ദുർബലമായ ഷോട്ട് ഗോളി ഹാൽഡോസൺ വലത്തേക്കു ചാടി തട്ടിയകറ്റി.  പിന്നീട്, ഗോളിനായി അർജന്റീന ആവുംവിധം പൊരിഞ്ഞുകളിച്ചു. എന്നാൽ, മഞ്ഞുമലയിൽ വിള്ളൽ വീഴ്ത്താൻ അതൊന്നും മതിയായില്ല.

ഗ്രൂപ്പ്‌ സിയിൽ ഫ്രാൻസ്‌ ഓസ്‌ട്രേലിയയെയും (2‐1) ഡെൻമാർക്ക്‌ പെറുവിനെയും (1‐0) കീഴടക്കി. ഒൺട്വാൻ  ഗ്രീസ്‌മാൻ, പോൾ പോഗ്‌ബ എന്നിവരുടെ ഗോളിലാണ്‌ ഫ്രാൻസിന്റെ ജയം. പെറുവിനെതിരെ യൂസുഫ്‌ പൗൾസൺ ഡെൻമാർക്കിന്റെ വിജയഗോളടിച്ചു. പെറുവിന്‌ കിട്ടിയ പെനൽറ്റി  ക്രിസ്‌റ്റ്യൻ കുയേവ പാഴാക്കി.  ഗ്രൂപ്പ്‌ ഡിയിൽ ക്രൊയേഷ്യ രണ്ട്‌ ഗോളിന്‌ നൈജീരിയയെ തോൽപ്പിച്ചു. എറ്റെബോയുടെ ദാനഗോളായിരുന്നു ആദ്യം. പിന്നാലെ മോഡ്രിച്ച്‌ പെനൽറ്റിയിലൂടെ ജയം പൂർത്തിയാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top