21 May Monday

ഇബ്രയില്ലാതെ സ്വീഡൻ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


സൂറിച്ച്
മുന്നേറ്റക്കാരൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ഉൾപ്പെടുത്താതെ സ്വീഡൻ ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. പിഎസ്ജിയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മുൻ സ്ട്രൈക്കർ നേരത്തെ യൂറോ കപ്പിനുശേഷം ദേശീയ മത്സരങ്ങളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിന് യോഗ്യത നേടിയതോടെ തിരിച്ചുവരാൻ തയ്യാറാണെന്നും പറഞ്ഞു. എന്നാൽ ഏപ്രിലിൽ സ്വീഡന്റെ പരിശീലകൻ യാൻ ആൻഡേഴ്സണും ഫുട്ബോൾ അസോസിയേഷൻ മേധാവി ലാർസ് റിഷ്ടും ഇബ്രാഹിമോവിച്ച് തിരിച്ചുവരാൻ ഇടയില്ലെന്ന് സൂചന നൽകി. ടീം പ്രഖ്യാപനത്തോടെ ചിത്രം വ്യക്തമായി. ഇബ്രാഹിമോവിച്ചിന്റെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു.

യൂറോ കപ്പിലെ ദയനീയ പ്രകടനത്തെത്തുടർന്നാണ് ഇബ്രാഹിമോവിച്ച് അന്താരാഷ്ട്ര മത്സരങ്ങൾ അവസാനിപ്പിച്ചത്. യുവതാരങ്ങളുടെ മികവിൽ പിന്നീട് സ്വീഡൻ ലോകകപ്പ് യോഗ്യതാപോരാട്ടങ്ങളിൽ തിളങ്ങി. ഇരുപാദ പ്ലേ ഓഫിൽ ഒരു ഗോളിന് ഇറ്റലിയെ തോൽപ്പിച്ച് റഷ്യക്കുള്ള ടിക്കറ്റും ഉറപ്പിച്ചു. ജർമൻ ക്ലബ് ലെയ്പ്സീഗിന്റെ ആക്രമണമധ്യനിരക്കാരൻ എമിൽ ഫോഴ്സ്ബെർഗാണ് ഇബ്രയുടെ അസാന്നിധ്യത്തിൽ ടീമിന്റെ വിജയങ്ങൾക്ക് ചുക്കാൻപിടിച്ചത്. എമിൽ ലോകകപ്പ് ടീമിലുണ്ട്.

യൂറോയ്ക്കുശേഷം ടീം വിടാനുള്ള ഇബ്രാഹിമോവിച്ചിന്റെ തീരുമാനത്തെ അംഗീകരിച്ചാണ് ലോകകപ്പിന് പരിഗണിക്കാതിരുന്നതെന്ന് പരിശീലകൻ യാൻ ആൻഡേഴ്സൺ വ്യക്തമാക്കി. 'ടീമിനെ വേണ്ടെന്നുവച്ചാൽ തിരിച്ചുവരരുത് എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം പറഞ്ഞതിനെ ബഹുമാനിക്കുന്നു, അതേസമയം ടീമിനൊപ്പം നിന്നവരെയും. ഇബ്രാഹിമോവിച്ച് എന്നെ വിളിച്ചിട്ടില്ല, എന്തായാലും ലോകകപ്പിന് അദ്ദേഹം ടീമിലില്ല‐ ആൻഡേഴ്സൺ പറഞ്ഞു. അതേസമയം ഇബ്രാഹിമോവിച്ച് ടീമിന്റെ ഭാഗമാകുന്നില്ലെന്ന് ഉറച്ചുപറഞ്ഞതായി സ്വീഡിഷ് ഫുട്ബോൾ മേധാവി റിഷ്ട് വ്യക്തമാക്കി. 2002, 2006 ലോകകപ്പിൽ ഇബ്രാഹിമോവിച്ച് സ്വീഡനുവേണ്ടി ബൂട്ടണിഞ്ഞിരുന്നു. 2010ലും കഴിഞ്ഞ പതിപ്പിലും സ്വീഡൻ യോഗ്യത നേടിയില്ല.

നവംബറിൽ ഇറ്റലിക്കെതിരെയുള്ള പ്ലേ ഓഫ് ജയത്തിൽ തിളങ്ങിയ കളിക്കാർക്കാണ് ആൻഡേഴ്സൺ ടീമിൽ ഇടം നൽകിയത്. പരിചയസമ്പന്നരായ സെബാസ്റ്റ്യൻ ലാർസൻ (ഹൾ സിറ്റി),  മാർടിൻ ഓൾസൺ (സ്വാൻസീ സിറ്റി), ജോൺ ഗ്വിഡേറ്റി, ഓല ടോയ്വോനെൻ എന്നിവരും സെൽറ്റിക്കിന്റെ മൈക്കേൽ ലുസ്റ്റിഗും ടീമിലുണ്ട്.
അതേസമയം ഓസ്റ്റർസണ്ടിന്റെ മുന്നേറ്റക്കാരൻ കെൻ സീമയ്ക്ക് അവസരമുണ്ടായില്ല. സീമയ്ക്ക് പകരം മാർകസ് റോഡനെ (ക്രോട്ടോൺ) ഉൾപ്പെടുത്താനുണ്ടായ തീരുമാനം കടുത്തതായിരുന്നു എന്ന് പരിശീലകൻ പറഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിക്ടർ ലിൻഡെലോഫ്, ക്രാസ്നദോറിന്റെ വിക്ടർ ക്ലാസെൻ എന്നിവരും റഷ്യൻ ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്.

 

പ്രധാന വാർത്തകൾ
Top