19 October Friday

ഒറ്റഗോളില്‍ ജയം, ആശ്വാസം

പ്രദ്ീപ് ഗോപാല്‍Updated: Saturday Dec 16, 2017

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സി കെ വിനീത് കേരള ബ്ളാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടുന്നു / ഫോട്ടോ എം എ ശിവപ്രസാദ്


കൊച്ചി > തുടര്‍സമനിലകള്‍ക്കും കനത്ത തോല്‍വിക്കുംശേഷം ഐഎസ്എല്‍ നാലാംപതിപ്പില്‍ കേരള ബ്ളാസ്റ്റേഴ്സിന് വിജയമധുരം. മലയാളിതാരം സി കെ വിനീതിന്റെ ഗോളില്‍ ബ്ളാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി (1-0). ജയമില്ലാത്ത നാല് കളികള്‍ക്കുശേഷമാണ് ബ്ളാസ്റ്റേഴ്സിന്റെ ഉയിര്‍പ്പ്. ഗോള്‍കീപ്പര്‍ ടി പി രെഹ്നേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് 10 പേരുമായാണ് നോര്‍ത്ത് ഈസ്റ്റ് കളി അവസാനിപ്പിച്ചത്. ആളെണ്ണത്തിന്റെ ആനുകൂല്യത്തില്‍ ഗോളെണ്ണം കൂട്ടാന്‍ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പ്രതിരോധതാരം വെസ് ബ്രൌണിന്റെ സാന്നിധ്യമാണ് ഇക്കുറി ബ്ളാസ്റ്റേഴ്സിന് ഉണര്‍വു നല്‍കിയത്. ആറു പോയിന്റോടെ ഏഴാമതാണ് ഇപ്പോള്‍ ബ്ളാസ്റ്റേഴ്സ്. 22ന് ചെന്നൈയിന്‍ എഫ്സിയുമായാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചിയില്‍ 31ന് ബംഗളൂരു എഫ്സിയുമായാണ് മത്സരം.

താളമില്ലാതെയാണ് ഇരുടീമും പന്ത് തട്ടിത്തുടങ്ങിയത്. വെസ് ബ്രൌണിനെ കേന്ദ്രീകരിച്ച് ബ്ളാസ്റ്റേഴ്സ് കളി മെനയാന്‍ ശ്രമിച്ചു. പ്രതിരോധത്തിന് തൊട്ടുമുന്നിലായിരുന്നു വെസ് ബ്രൌണിന്റെ സ്ഥാനം. ആദ്യഘട്ടങ്ങളില്‍ ബ്ളാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ഒത്തിണക്കം കാട്ടാനായില്ല. പാസുകള്‍ പകുതിയില്‍ നിലച്ചു. വലതുപാര്‍ശ്വത്തില്‍ റിനോ ആന്റോയും ജാക്കിചന്ദ് സിങ്ങും ബ്ളാസ്റ്റേഴ്സിന് തെളിച്ചം നല്‍കി. ഭേദപ്പെട്ട നീക്കങ്ങള്‍ പിറവിയെടുത്തതും വലതുഭാഗത്തായിരുന്നു. കളിക്ക് ചൂടുപിടിച്ചതോടെ വെസ് ബ്രൌണ്‍ കളത്തില്‍ നിറഞ്ഞു. എതിര്‍ ആക്രമണങ്ങളുടെ മുനയൊടിക്കാനും സഹതാരങ്ങള്‍ക്ക് കൃത്യമായി പാസുകള്‍ നല്‍കാനും ഈ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിന് കഴിഞ്ഞു. ഐസ്എലിലെ ആദ്യമത്സരത്തില്‍തന്നെ ഈ പ്രതിരോധക്കാരന്‍ സാന്നിധ്യമറിയിച്ചു. ഇതുള്‍പ്പെടെ മൂന്ന് മാറ്റങ്ങളായിരുന്നു ബ്ളാസ്റ്റേഴ്സിന്. വിനീത് തിരിച്ചെത്തിയപ്പോള്‍ സിയാം ഹംഗലും ഇടംപിടിച്ചു. പരിക്കേറ്റ ദിമിതര്‍ ബെര്‍ബറ്റോവ് ബ്ളാസ്റ്റേഴ്സ് നിരയിലുണ്ടായില്ല. 

ആദ്യപകുതിയുടെ തുടക്കം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒത്തിണക്കം കാട്ടി. മുന്നേറ്റത്തില്‍ മാഴ്സീന്യോയും ഡാനിലോ ലോപെസും ചേര്‍ന്നുള്ള നീക്കങ്ങള്‍ ബ്ളാസ്റ്റേഴ്സ് ഗോള്‍മേഖലയില്‍ തുടര്‍ച്ചയായി എത്തി. സന്ദേശ് ജിങ്കനും നെമാന്യ ലെസിച്ച് പെസിച്ചും പഴുതുകള്‍ നല്‍കിയില്ല. ഇടയ്ക്ക് മാഴ്സീന്യോയുടെ ഇടതുഭാഗത്തുനിന്നുള്ള കരുത്തുറ്റ അടി ഗോള്‍കീപ്പര്‍ പീറ്റര്‍ റെചുക തട്ടിയകറ്റി. അഞ്ച് കോര്‍ണറുകളാണ് ആദ്യ അരമണിക്കൂറിനുള്ളില്‍ ബ്ളാസ്റ്റേഴ്സ് വഴങ്ങിയത്. പക്ഷേ, കളി ചലനമറ്റ് കിടന്നു. ഇരുഭാഗത്തിനിന്നും ലക്ഷ്യബോധമുള്ള നീക്കങ്ങള്‍ അകന്നു.

വിനീതിന്റെ ഗോളാണ് മത്സരത്തിന് ജീവന്‍ നല്‍കിയത്. പ്രത്യാക്രമണത്തില്‍നിന്നും ഗോള്‍ വന്നു. നീക്കം വലതുഭാഗത്തുനിന്നായിരുന്നു. ജിങ്കന്‍ നല്‍കിയ പന്ത് ഓട്ടത്തിനിടയില്‍ റിനോ കാലില്‍ക്കൊരുത്തു. ഒന്നാന്തരം കുതിപ്പിലൂടെ വലതുമൂലയിലേക്ക്. സുന്ദരമായ ക്രോസ് ഗോള്‍മുഖത്തേക്ക് റിനോ തൊടുത്തു. നോര്‍ത്ത് ഈസ്റ്റ് ഗോള്‍മേഖലയില്‍ സ്വതന്ത്രനായി നിന്ന വിനീത് പന്തിന്റെ നീക്കം മനസ്സിലാക്കി. രണ്ട് പ്രതിരോധ കളിക്കാര്‍ക്ക് നടുവിലൂടെ വിനീത് പറന്നുവീണു. ഒന്നാന്തരം ഹെഡര്‍ ഗോളി രെഹ്നേഷിനെ കാഴ്ചക്കാരനാക്കി. ഗോള്‍മികവിനൊപ്പംനിന്നു റിനോയുടെ അളന്നുമുറിച്ച ക്രോസും.

ഗോളില്‍ അമിത ആത്മവിശ്വാസം കൊണ്ടില്ല ബ്ളാസ്റ്റേഴ്സ്. കഴിഞ്ഞ കളിയില്‍ ഗോവയോട് വഴങ്ങിയതിന്റെ തിരിച്ചറിവില്‍ പിടിച്ചുനിന്നു. നോര്‍ത്ത് ഈസ്റ്റ് അപകടമുയര്‍ത്തി പലപ്പോഴും. സെയ്മിന്‍ലെന്‍ ഡംഗലും ഡാനിലോയും ഇടയ്ക്കൊന്ന് ബ്ളാസ്റ്റേഴ്സ് ഗോള്‍മുഖം പരീക്ഷിച്ചു. മാഴ്സീന്യോയുടെ അടി പുറത്തേക്കുപോയി. കളിയൊഴുക്ക് വീണ്ടും നിലച്ചു. ഇതിനിടെയാണ് രെഹ്നേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. പെകൂസന്റെ പാസ് പിടിച്ചെടുത്ത് സിഫ്നിയോസ് ഗോളിനെ ലക്ഷ്യമാക്കി നീങ്ങി. അപകടം മുന്നില്‍ക്കണ്ട് രെഹ്നേഷ് ഓടിയടുത്തു. പന്ത് പിടിക്കാനുള്ള ശ്രമത്തിനിടെ സിഫ്നിയോസിനെ രെഹ്നേഷ് ഫൌള്‍ ചെയ്തു. റഫറി ചുവപ്പുകാര്‍ഡ് വീശി. നോര്‍ത്ത് ഈസ്റ്റ് തളര്‍ന്നു. വിശ്വസ്തനായ ഹാളിചരണ്‍ നാര്‍സറിയെ പിന്‍വലിക്കേണ്ടിവന്നു നോര്‍ത്ത് ഈസ്റ്റിന്. ഗോള്‍വലയ്ക്കുമുന്നില്‍ രവികുമാറെത്തി.

ഇടവേളയ്ക്കുശേഷം കളി പൂര്‍ണമായി ബ്ളാസ്റ്റേഴ്സിന്റെ കാലുകളിലായി. ആളെണ്ണത്തിന്റെ ആനുകൂല്യം മുതലാക്കാനായി ബ്ളാസ്റ്റേഴ്സിന്റെ ശ്രമം. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം വിയര്‍ത്തു. എങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിനിടെ ലാല്‍റുവാത്താറയുടെ തകര്‍പ്പനടി പോസ്റ്റില്‍ തട്ടിത്തെറിച്ചു. നോര്‍ത്ത് ഈസ്റ്റിന്റെ പ്രത്യാക്രമണങ്ങളില്‍ ചിലത് അപകടമുയര്‍ത്തി. ഡാനിലോയുടെ മികച്ച ശ്രമത്തെ റിനോ നിര്‍വീര്യമാക്കി. നിര്‍മല്‍ ഛേത്രി ഒരു സുവര്‍ണാവസരം പാഴാക്കുകയും ചെയ്തു. അവസാനഘട്ടങ്ങളില്‍ ബ്ളാസ്റ്റേഴ്സ് പൂര്‍ണമായും പിന്‍വലിഞ്ഞു.

പ്രധാന വാർത്തകൾ
Top