18 September Tuesday

ഇറ്റലിയിൽ യുവന്റസ്

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018


റോം
തുടർച്ചയായ ഏഴാം തവണയും യുവന്റസ് ഇറ്റാലിയൻ ലീഗിൽ ചാമ്പ്യൻമാരായി. ഒരു മത്സരം ശേഷിക്കെയാണ് നേട്ടം. കിരീടത്തിന് ഒരു പോയിന്റ് മാത്രം വേണ്ടിയിരുന്ന യുവന്റസ് റോമയുമായി ഗോളടിക്കാതെ പിരിഞ്ഞു. രണ്ടാംസ്ഥാനക്കാരായ നാപോളി സാംപ്റ്റോറിയയെ രണ്ടു ഗോളിന് തോൽപ്പിച്ചു. യുവന്റസ് തോറ്റാൽ മാത്രമേ നാപോളിക്ക് നേരിയ സാധ്യത ഉണ്ടായിരുന്നുള്ളൂ.

സീസണിൽ യുവന്റസിന്റെ രണ്ടാം കിരീടമാണിത്. കഴിഞ്ഞയാഴ്ച ഇറ്റാലിയൻ കപ്പും മാസിമല്ലാനോ അല്ലെഗ്രിയുടെ സംഘം സ്വന്തമാക്കിയിരുന്നു. 34‐ാം തവണയാണ് യുവന്റസ് ലീഗിൽ ചാമ്പ്യൻമാരാകുന്നത്. ഇരട്ടകിരീടത്തോടെ അല്ലെഗ്രി യുവന്റസിന്റെ പരിശീലകനായി തുടരുമെന്നാണ് സൂചന. യുവന്റസിൽ തുടരാൻ അല്ലെഗ്രി ആഗ്രഹം പ്രകടിപ്പിച്ചു.

റോമയുടെ തട്ടകത്തിൽ യുവന്റസിന്റേത് മികച്ച കളി ആയിരുന്നില്ല. റോമ 10 പേരുമായാണ് കളി അവസാനിപ്പിച്ചത്. രണ്ട് മഞ്ഞക്കാർഡ് വാങ്ങിയ റയ്ദ നയ്ൻഗൊളാൻ പുറത്തായി. ആളെണ്ണത്തിന്റെ ആനുകൂല്യം മുതലാക്കാൻ യുവന്റസിന് കഴിഞ്ഞില്ല. ഗോൾകീപ്പർ ജിയാൻല്യൂജി ബുഫൺ ഉൾപ്പെടെയുള്ള പ്രധാന കളിക്കാർ ഇറങ്ങിയില്ല. ഗോൾ ലക്ഷ്യംവച്ച് ഒരു ഷോട്ട്പോലും യുവന്റസിൽനിന്നുണ്ടായില്ല. കളി വിരസമായി അവസാനിച്ചു. ഹെല്ലാസ് വെറോണയാണ് ഇനി യുവന്റസിന്റെ എതിരാളികൾ.

നാപോളി ഇക്കുറി പ്രതീക്ഷയിലായിരുന്നു. ഈ സീസണിൽ ഏറെ സമയം അവർ ഒന്നാമത് നിലയുറപ്പിച്ചു. 1989‐90നുശേഷം ആദ്യമായി ലീഗ് ചാമ്പ്യൻമാരാകുമെന്ന പ്രതീക്ഷയിലായിരുന്നു നാപോളി. ചാമ്പ്യൻമാരായ യുവന്റസിന് മികച്ച തുടക്കം കിട്ടിയതുമില്ല. പക്ഷേ, ഫിയന്റീനയോട് 3‐0ന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയത് കനത്ത തിരിച്ചടിയായി. അടുത്ത മത്സരത്തിൽ ടോറിനോയുമായി സമനിലയും വഴങ്ങി. ഇതോടെ യുവന്റസിന് മികച്ച ലീഡായി. യുവന്റസ് എല്ലാ കളിയും തോറ്റാൽ മാത്രം നാപോളിക്ക് സാധ്യത. പക്ഷേ, റോമയുമായുള്ള യുവന്റസിന്റെ സമനില നാപോളിയുടെ സാധ്യതകളെ ഇല്ലാതാക്കി. യുവന്റസിന് 92ഉം നാപോളിക്ക് 88ഉം പോയിന്റാണുള്ളത്. മൂന്നാമതുള്ള റോമയ്ക്ക് 74 പോയിന്റാണ്. 72 പോയിന്റുമായി ലാസിയോ തൊട്ടുപിന്നിൽ നിൽക്കുന്നു. 69 പോയിന്റുള്ള ഇന്റർ മിലാനാണ് അഞ്ചാമത്. അവസാന കളി ജയിച്ചാലും ഇന്ററിന് ചാമ്പ്യൻസ് ലീഗ് യോഗ്യത കിട്ടില്ല. യൂറോപ ലീഗിൽ കളിക്കാം. തൊട്ടുപിന്നിലുള്ള എസി മിലാനും യൂറോപ യോഗ്യത പ്രതീക്ഷയിലാണ്. പക്ഷേ, അവസാന മത്സരംവരെ കാത്തിരിക്കണം മിലാന്.
ഹെല്ലാസ് വെറോണ, ബെനെവെന്റോ ടീമുകൾ തരംതാഴ്ത്തപ്പെട്ടു.

പ്രധാന വാർത്തകൾ
Top