20 January Sunday
ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബുകളുടെ മിന്നുന്ന പ്രകടനം

ടോട്ടനം ഗർജിച്ചു...

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018

യുവന്റസിനെതിരെ സമനില നേടിയ ടോട്ടനം കളിക്കാരുടെ ആഹ്ലാദം


ടൂറിൻ > ഇറ്റാലിയൻ കരുത്തരായ യുവന്റസിനെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദപ്പോരിൽ ടൂറിനിലെ അ‌ലയൻസ് സ്റ്റേഡി‌യത്തിൽ  ടോട്ടനം ഹോട്സ്പർ പിടിച്ചുകെട്ടി. ഗൊൺസാഗേലാ ഹിഗ്വെയ്ന്റെ ഗോളുകളിലൂടെ ആദ്യ 10 മിനിറ്റിൽ രണ്ടു ഗോളിന് പിറകിലായ ടോട്ടനം പിന്നീട് ഗംഭീര കളിയിലൂടെ രണ്ടും തിരിച്ചടിക്കുകയായിരുന്നു. ഇംഗ്ലീഷുകാരുടെ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ ആദ്യപകുതി അവസാനിക്കുംമുമ്പ് തിരിച്ചുവരവിന് തിരികൊളുത്തി. ഇടവേള കഴിഞ്ഞുള്ള പൊരിഞ്ഞ പോരിൽ ലഭിച്ച ഫ്രീകിക്കിൽ ക്രിസ്ത്യൻ എറിക്സൺ സമനിലഗോളും സ്വന്തമാക്കി. ജയവും ഹാട്രിക്കും ഉറപ്പിക്കാൻ ലഭിച്ച പെനൽറ്റി ഹിഗ്വെയ്ൻ അവിശ്വസനീയമായി പാഴാക്കിയത് യുവന്റസിന് കനത്ത തിരിച്ചടിയായി.

സമനിലയോടെ ടോട്ടനം യൂറോപ്യൻ പോരാട്ടത്തിന്റെ ക്വാർട്ടർഘട്ടത്തിന് തൊട്ടരികിലാണ്. മാർച്ച് എട്ടിന് വെംബ്ലിയിൽ നടക്കുന്ന മറുപടിപ്പോരാട്ടത്തിൽ ഒരു സമനില മതി ടോട്ടനത്തിന് ക്വാർട്ടർ പ്രവേശം ഉറപ്പാക്കാൻ. വീണ്ടും രണ്ടു ഗോൾ സമനിലയാണ് ഫലമെങ്കിൽ മാത്രം അധികസമയത്തേക്ക് കളി നീളും. ജയം യുവന്റസിനും ക്വാർട്ടറിലേക്ക് ടിക്കറ്റാകും.

രണ്ടാം മിനിറ്റിലും ഒമ്പതാം മിനിറ്റിലും മിന്നുന്ന രണ്ടു ഗോളുകൾ ഹിഗ്വെയ്നിലൂടെ നേടിയ യുവന്റസിന് ആശിച്ച തുടക്കമാണ് സ്വന്തം തട്ടകത്തിൽ  കിട്ടിയത്. ബോക്സിനു പുറത്ത് 25 വാര മാത്രം അകലെനിന്ന് മിറാലെം പ്യാനിച്ചെടുത്ത ഫ്രീകിക്കിൽനിന്നാണ് ഹിഗ്വെയ്ൻ ആദ്യം വലകുലുക്കിയത്. പ്രതിരോധക്കാരിൽനിന്നകന്ന് ബോക്സിന്റെ വക്കിൽനിന്ന ഈ അർജന്റീനക്കാരനു നേരെ അരപ്പൊക്കം ഉയരത്തിൽ പന്ത് നൽകി പ്യാനിച്ച്. ഗോളിലേക്ക് നോക്കാതെ, നിലത്തുവീഴുംമുമ്പ് ഹിഗ്വെയ്ൻ തൊടുത്തു.  ടോട്ടനം ഗോളി ഹ്യൂഗോ ലോറിസിന്റെ വലംകൈയിലുരഞ്ഞ് പന്ത് വലതൊട്ടു. ഇംഗ്ലീഷുകാർ പതറി. ഏഴുമിനിറ്റ്കൂടി, അവരുടെ പ്രതീക്ഷകൾക്ക് കനത്തയടി നൽകി രണ്ടാം ഗോളും വന്നു. ബെർണാർഡെഷിയെ ഡേവിസ് ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിച്ചു. വീണ്ടും ഹിഗ്വെയ്ൻ. ഗോളിയുടെ വലത്തേക്ക് കിക്ക്. ശരിയായി ഊഹിച്ച് ചാടിയെങ്കിലും അടിയുടെ കരുത്തിൽ ലോറിസിന്റെ കൈയിലിടിച്ച പന്ത് വലയിലേക്കുതന്നെ പാഞ്ഞുകയറി.
ടോട്ടനം തളർന്നെന്ന് തോന്നിച്ചു. പുറംവരയ്ക്കരികെ അവരുടെ പരിശീലകൻ മൗറീഷ്യോ പൊചെട്ടീനോ അസ്വസ്ഥനായി ശാപവാക്കുകൾ ഉരുവിട്ടു. പക്ഷേ, അതൊക്കെയും അവരുടെ മുന്നേറ്റത്തിന് അനുഗ്രഹമായി വന്നുപതിച്ചു.

തളർന്നെന്ന് തോന്നിച്ചിടത്തുനിന്ന് ടോട്ടനം ഉയിർക്കുകയായിരുന്നു. എറിക്സൺ, കെയ്ൻ, ദെല്ലെ അല്ലി, എറിക് ലാമെല്ല... മുന്നേറ്റക്കാർ വിയർത്തുകളിച്ചു. അല്ലിയുടെ ക്രോസിൽ കെയ്നിന്റെ ഹെഡ്ഡർ മൂക്കിന് തൊട്ടുമുന്നിൽനിന്ന് കുത്തിയകറ്റി യുവന്റസിന്റെ പരിചയസമ്പന്നൻ ഗോളി ജിയാൻലൂജി ബുഫൺ.  40 വയസ്സിലും മെയ്യഭ്യാസക്കാരന്റെ വഴക്കം പുറത്തെടുത്തു ഈ അസൂറിക്കാരൻ. കെയ്ൻ തലയിൽ കൈവച്ചു. തൊട്ടുപിന്നാലെ അല്ലിയുടെ ഹെഡ്ഡർ ഗോളിന് മുകളിലൂടെ പുറത്തേക്കുപോയി. എറിക്സന്റെ വെടിയുണ്ടയ്ക്കൊത്ത ഷോട്ട് വീണ്ടും ബുഫണിന്റെ മിടുക്കിൽ നിസ്സാരമായി. പക്ഷേ, പരിശ്രമത്തിന് ഫലമുണ്ടായി. ഇടവേളയ്ക്ക് പിരിയുംമുമ്പ് ടോട്ടനം ഒരു ഗോൾ മടക്കി.

അല്ലിയുടെ പാസ്. പ്രതിരോധക്കാരുടെ നിഴലിലായിരുന്ന കെയ്ൻ ഓഫ്സൈഡ് കെണി പൊട്ടിച്ച് കുതിച്ചു. മുന്നിൽ ബുഫൺ മാത്രം. ഓടിക്കയറിയെത്തിയ ഇറ്റാലിയൻ സംഘത്തിന്റെ ക്യാപ്റ്റനെ കബളിപ്പിച്ച് ഇടത്തേക്കാഞ്ഞ് വലംകാലുകൊണ്ട് പന്തിനെ വലയിലേക്കയച്ചു. യുവന്റസ് ഞെട്ടി. ഡഗ്ലസ് കോസ്റ്റയെ സെർജി ഓറിയർ വലിച്ചിട്ട പെനൽറ്റി ഹിഗ്വെയ്ൻ നഷ്ടപ്പെടുത്തിയതുകണ്ടപ്പോൾ വിശ്വസിക്കാനാകാതെ തരിച്ചുനിന്നു. പിന്നീട് അത് മാറിയില്ല.

ഇടവേളയ്ക്കുശേഷം ടോട്ടനം കളി പൂർണമായി പിടിച്ചെടുത്തു. ബുഫണിനെ എറിക്സൺ കീഴടക്കി. ഗോൾ ഏരിയക്ക് പുറത്ത് ഫ്രീകിക്ക്. എറിക്സൺ തൊടുക്കാനാഞ്ഞു. പ്രതിരോധമതിലിന് പിറകിൽ ബുഫൺ ഒരുചുവട് ഇടത്തോട്ടു നീങ്ങി. അത് പിഴവായി. മതിലിനരികിലൂടെ നിലംപറ്റിയ ഷോട്ട്. വലത്തേക്കുള്ള ബുഫണിന്റെ നെടുനീളൻ ചാട്ടം പാഴായി. വിരലിന്റെ അറ്റത്ത് ഉരഞ്ഞ് പന്ത് വലയിലേക്ക് ഊളിയിട്ടു. സ്വന്തം തട്ടകത്തിൽ തോൽക്കാതിരിക്കാനായിരുന്നു പിന്നെ യുവന്റസിന്റെ ശ്രമം. ടോട്ടനം ആഞ്ഞടിച്ചു. പക്ഷേ ഗോൾ അകന്നുനിന്നു. യുവന്റസിന് തോൽവിയോളമുള്ള സമനില.

പ്രധാന വാർത്തകൾ
Top