20 April Friday
ദ.ആഫ്രിക്ക 6-269 * ഒന്നാം ദിനം അവസാന സെഷനില്‍ ഇന്ത്യ 4 വിക്കറ്റ് വീഴ്ത്തി

പിന്നില്‍നിന്നു, പിന്നെ റണ്ണൌട്ടാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല ഹാര്‍ദിക് പാണ്ഡ്യയുടെ ഏറില്‍ റണ്ണൌട്ടാകുന്നു

സെഞ്ചൂറിയന്‍ > ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നിര്‍ണായകമായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം അവസാന സെഷന്‍ സ്വന്തമാക്കി ഇന്ത്യക്ക് ഗംഭീര തിരിച്ചുവരവ്. ആദ്യ രണ്ട് സെഷനില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കണ്ടുനിന്ന ഇന്ത്യ ചായക്കുശേഷം നാലുവിക്കറ്റ് വീഴ്ത്തി ആത്മവിശ്വാസം വീണ്ടെടുത്തു. ആദ്യദിനക്കളി അവസാനിക്കുമ്പോള്‍ ആഫ്രിക്കക്കാര്‍ ആറു വിക്കറ്റിന് 269  റണ്ണെടുത്തു. 24 റണ്ണുമായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ളെസിസും 10 റണ്ണുമായി കേശവ് മഹാരാജുമാണ് ക്രീസില്‍. ആര്‍ അശ്വിന്‍ മൂന്നുവിക്കറ്റെടുത്തു. സകോര്‍ ദക്ഷിണാഫ്രിക്ക 6-269.

മൂന്നിന് 246 എന്ന ശക്തമായ സ്കോറില്‍നില്‍ക്കെ ഹാഷിം അംലയെ നേരിട്ടുള്ള ഏറില്‍ റണ്ണൌട്ടാക്കിയ ഹാര്‍ദിക് പാണ്ഡ്യയാണ് കളി ഇന്ത്യയുടെ വരുതിക്ക് കൊണ്ടുവന്നത്. 152 പന്തില്‍ 83 റണ്ണുമായി ഉറച്ച സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്നു അംല. പാണ്ഡ്യയെറിഞ്ഞ 81-ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഷോര്‍ട്ട് ലെഗിലേക്ക് പന്തു തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു ഈ വലംകൈയന്‍. പക്ഷേ, അക്കരെയെത്തുംമുമ്പ് പാണ്ഡ്യയുടെ ഏറ് കുറ്റിതെറിപ്പിച്ചു. ബൌള്‍ ചെയ്ത ഉടനെ പന്ത് ഓടിയെടുത്ത് തിരിഞ്ഞ് എറിയുകയായിരുന്നു പാണ്ഡ്യ. ഫീല്‍ഡില്‍ ഈ ചെറുപ്പക്കാരന്റെ മികവിന് മറ്റൊരു ഉദാഹരണം.

തൊട്ടുപിന്നാലെ ക്വിന്റണ്‍ ഡി കോക്ക് (ഒരു പന്തില്‍ പൂജ്യം) അശ്വിന്റെ സുന്ദരമായൊരു പന്തില്‍ കോഹ്ലിക്ക് സ്ളിപ്പില്‍ പിടി നല്‍കി. ഓള്‍റൌണ്ട് പ്രകടനവുമായി ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ട ഫിലാന്‍ഡറുടെ ഊഴമായിരുന്നു പിന്നീട്. ഇല്ലാത്ത റണ്ണിനോടിയ ഫിലാന്‍ഡറുടെ (6 പന്തില്‍ 0) പുറത്താകലിനും പാണ്ഡ്യയുടെ കൈയുണ്ടായി. കൂടുതല്‍ അപകടമില്ലാതെ ഡു പ്ളെസിസും മഹാരാജും (23 പന്തില്‍ 10) ദക്ഷിണാഫ്രിക്കയെ 90 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡീന്‍ എല്‍ഗറും (83 പന്തില്‍ 31) എയ്ഡെന്‍ മാര്‍ക്രമും (150 പന്തില്‍ 94) മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 85ഉം രണ്ടാം വിക്കറ്റില്‍ 65ഉം റണ്‍ പിറന്നു. എല്‍റെയും മാര്‍ക്രമിനെയും അശ്വിന്‍ പുറത്താക്കി. സെഞ്ചുറിക്ക് ആറു റണ്‍ അകലെയായിരുന്നു മാര്‍ക്രമിന്റെ മടക്കം. ഡി വില്ലിയേഴ്സ് (48 പന്തില്‍ 20) ഭദ്രമായ തുടക്കത്തിനുശേഷം ഇശാന്ത് ശര്‍മയ്ക്ക് വിക്കറ്റ് നല്‍കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റില്ലാതെ 78 റണ്ണും ചായക്ക് പിരിയുമ്പോള്‍ രണ്ടിന് 182 റണ്ണുമായിരുന്നു ആതിഥേയരുടെ പക്കല്‍. പിന്നീടാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്.

പ്രധാന വാർത്തകൾ
Top