25 June Monday

ചാമ്പ്യന്‍സ് ലീഗ് തുടങ്ങുന്നു, റയല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2017

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തിനിടെ

 

ബെര്‍ണാബ്യൂ > ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തേടി റയല്‍ മാഡ്രിഡ് ഇന്ന് തുടങ്ങുന്നു. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൈപ്രസ് ടീം അപോയെല്‍ ആണ് എതിരാളി. ലിവര്‍പൂള്‍-സെവിയ്യ, ടോട്ടനം ഹോട്സ്പര്‍-ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മത്സരങ്ങളാണ് ഇന്നത്തെ പ്രധാന പോരാട്ടങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റി-ഫെയ്നൂര്‍ദ്, ഷാക്തര്‍ ഡൊണെസ്തക്-നാപോളി മത്സരങ്ങളും ഇന്നു നടക്കും.

ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടിയ ഏക ടീമാണ് റയല്‍. മൂന്നാം സീസണിലും അത് ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസമുണ്ട് കോച്ച് സിനദിന്‍ സിദാന്. ഒന്നാന്തരം നിരയാണ് റയലിന്റേത്. നിലവിലെ ലോകത്തെ ഏറ്റവും മികച്ച നിര. പരിചയസമ്പന്നരും യുവതാരങ്ങളും ഒരുപോലെ മികവുകാട്ടുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇടവേളയ്ക്കുശേഷം റയല്‍ കുപ്പായത്തില്‍ ഇന്നിറങ്ങും. സ്പാനിഷ് ലീഗില്‍ റൊണാള്‍ഡോയ്ക്ക് വിലക്കുകാരണം മത്സരങ്ങള്‍ നഷ്ടപ്പെട്ടു.
കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലാണ് റയല്‍. സിദാന്റെ പരിശീലന മികവുതന്നെയാണ് അതിനുള്ള കാരണം. സൂപ്പര്‍താരങ്ങള്‍ക്കപ്പുറമാണ് ടീം ഇന്ന്. അത് സിദാന്‍ വാര്‍ത്തെടുത്തതാണ്. സ്ഥാന വലുപ്പമല്ല, കളിമികവാണ് ടീമിലേക്ക് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. മാര്‍കോ അസെന്‍സിയോ, ഡാനി കബെല്ലോസ് എന്നീ യുവതാരങ്ങള്‍ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

യുവതാരങ്ങള്‍ വരുമ്പോള്‍ സ്ഥാനം നഷ്ടമാകുന്നത് ഗാരെത് ബെയ്ലിനാണ്. സ്പാനിഷ് ലീഗ് മത്സരങ്ങളില്‍ ബെയ്ലിന്റെ പ്രകടനം അത്ര മികച്ചതല്ല. എസ്പാന്യോളിനെതിരായ മത്സരത്തില്‍ നിരവധി സുവര്‍ണാവസരങ്ങളാണ് ഈ വെയ്ല്‍സുകാരന്‍ പാഴാക്കിയത്. ഇസ്കോയാണ് ബെയ്ലിന്റെ സ്ഥാനത്ത് ചുവടുറപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ റയലിന്റെ മികച്ച താരങ്ങളിലൊരാളായി ഇസ്കോ മാറി. ഈ മികവിനെ റയലിന് ഇനി അവഗണിക്കാനാവില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച്, സെര്‍ജിയോ റാമോസ് എന്നിവര്‍ക്കൊപ്പം അസെന്‍സിയോയും ഇസ്കോയും ചേരുമ്പോള്‍ റയലിനെ പിടിച്ചുനിര്‍ത്താനാകില്ല.

സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം. അപോയെലിന് ബുദ്ധിമുട്ടാകും. ഇതിനുമുമ്പ് ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 8-2നായിരുന്നു ഇരുപാദങ്ങളിലുമായി റയലിന്റെ ജയം.

ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനവും ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടും. റയലുള്‍പ്പെട്ട ഗ്രൂപ്പില്‍ നിര്‍ണായകമാണ് ഇരു ടീമുകള്‍ക്കും ഇന്നത്തെ പോരാട്ടം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ടോട്ടനം. ഇക്കുറി സ്വന്തം തട്ടകത്തില്‍ ചെല്‍സിയോട് തോറ്റു. ഡോര്‍ട്ട്മുണ്ട് ജര്‍മന്‍ ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്. ടോട്ടനം തട്ടകമായ വെംബ്ളി സ്റ്റേഡിയത്തിലാണ് കളി.

ഗ്രൂപ്പ് ഇയിലാണ് ലിവര്‍പൂള്‍-സെവിയ്യ കളി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തകര്‍ന്നടിഞ്ഞ ലിവര്‍പൂളിന് താളം കണ്ടെത്തണം. കൂറ്റന്‍ തോല്‍വി അവരെ ബാധിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിലേക്ക് തിരികെയെത്തിയ ലിവര്‍പൂളിന് ഗ്രൂപ്പ്ഘട്ടത്തില്‍ സെവിയ്യ കഴിഞ്ഞാല്‍ പിന്നെ വെല്ലുവിളി ഉയര്‍ത്തുന്ന എതിരാളികളില്ല. മാരിബറും സ്പാര്‍ടക് മോസ്ക്വയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ലിവര്‍പൂളും ടോട്ടനവും കൂടാതെ ഇംഗ്ളണ്ടില്‍നിന്ന് യുണൈറ്റഡ്, സിറ്റി, ചെല്‍സി ടീമുകളും ഇക്കുറി ചാമ്പ്യന്‍സ് ലീഗിനുണ്ട്. സിറ്റിക്ക് ഡച്ച് ക്ളബ് ഫെയ്നൂര്‍ദാണ് എതിരാളികള്‍. എഫ് ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഷാക്തര്‍ നാപോളിയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ ജര്‍മന്‍ ക്ളബ് ലെയ്പ്സിഗ് ഫ്രഞ്ച് വമ്പന്‍മാരായ മൊണാകോയെ നേരിടും. പോര്‍ടോ-ബെകിക്ടാസ് മത്സരവും ഗ്രൂപ്പില്‍ ഇന്നു നടക്കും.

 

പ്രധാന വാർത്തകൾ
Top