20 June Wednesday

17ന്റെ പടിയില്‍ കൊടി നാട്ടിയവര്‍

ഇ സുദേഷ്Updated: Wednesday Sep 13, 2017


ലോകഫുട്ബോളിലെ അത്ഭുതബാലന്‍ വിനിഷ്യസ് ജൂനിയര്‍ അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കും മുമ്പുതന്നെ സൂപ്പര്‍താരമായി. ബ്രസീലിന്റെ മറ്റൊരു മഹത്തായ സംഭാവനയായ ഈ മാന്ത്രികകാലുകള്‍ക്ക് റയല്‍ മാഡ്രിഡ് വിലയിട്ടുകഴിഞ്ഞു. ക്ളബ് ട്രാന്‍സ്ഫര്‍ നിയമപ്രകാരം 18 തികഞ്ഞാലുടന്‍ വിനിഷ്യസ് റയലിനായി കളത്തിലിറങ്ങും.

എന്നാല്‍, അണ്ടര്‍ 17 ലോകകപ്പിലൂടെ താരപദവിയിലേക്കു കുതിച്ച താരങ്ങള്‍ നിരവധിയാണ്. ഇന്ന് ലോകഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിരക്കാരന്‍ ടോണി ക്രൂസ്, ചെല്‍സി മധ്യനിരയില്‍ കളിമെനയുന്ന സെക് ഫാബ്രിഗസ്, അമേരിക്കയുടെ എക്കാലത്തെയും മികച്ച ഫുട്ബോളര്‍ ലണ്ടന്‍ ഡൊണോവന്‍, ബ്രസീലിന്റെ ആന്‍ഡേഴ്സണ്‍, മെക്സിക്കോയുടെ കാര്‍ലോസ് വേല തുടങ്ങിയവര്‍ വിവിധ അണ്ടര്‍ 17 ലോകകപ്പുകളിലെ ഗോള്‍ഡന്‍ ബോള്‍ (മികച്ച കളിക്കാരന്‍), ഗോള്‍ഡന്‍ ബൂട്ട് (ടോപ് സ്കോറര്‍) വിജയികളാണ്. ഇവിടെ മികച്ച താരമായി തെരഞ്ഞെടുത്തിട്ടും സീനിയര്‍തലത്തിലെത്തിയതോടെ മങ്ങിപ്പോയവരുമുണ്ട്.

ലണ്ടന്‍ ഡൊണോവനാണ് അണ്ടര്‍ 17 ലോകകപ്പില്‍നിന്ന് സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന ആദ്യകളിക്കാരനെന്ന് പറയാം. 1999 ന്യൂസിലന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ അമേരിക്ക നാലാമതായിരുന്നെങ്കിലും അവരുടെ മധ്യനിരയിലും മുന്നേറ്റത്തിലും നിറഞ്ഞുകളിച്ച ഡൊണോവന്‍ ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷംതന്നെ ജര്‍മന്‍ ലീഗിലെ ബയര്‍ ലെവര്‍കുസനില്‍ അവസരം ലഭിച്ചു. 2009ല്‍ ലീഗിലെ അതികായരായ ബയേണ്‍ മ്യൂണിക്കിലെത്തി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ടണുവേണ്ടിയും ബൂട്ട്കെട്ടിയ മുപ്പത്തഞ്ചുകാരന്‍ ഇപ്പോള്‍ അമേരിക്കന്‍ ലീഗിലെ മുന്‍നിര ടീമായ ലോസ് ആഞ്ചലസ് ഗ്യാലക്സിയുടെ താരമാണ്.

അണ്ടര്‍ 17 ലോകകപ്പില്‍ മിന്നിത്തിളങ്ങിയവരില്‍ ഇന്ന് ലോകത്ത് ഏറ്റവും പ്രമുഖനായ കളിക്കാരന്‍ ജര്‍മനിയുടെ ടോണി ക്രൂസാണ്. 2007ല്‍ കൊറിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയ ജര്‍മന്‍ ടീമിന്റെ എല്ലാമായിരുന്നു ക്രൂസ്. അന്ന് ഗോള്‍ഡന്‍ ബോളുമായി മടങ്ങിയ ക്രൂസ് നേരെ ബയേണ്‍ മ്യൂണിക് ടീമിലെത്തി. 2010 മുതല്‍ ജര്‍മന്‍ ടീമില്‍ സ്ഥിരാംഗമായ ക്രൂസ് റയല്‍ മാഡ്രിഡ് മധ്യനിരയിലെ അവിഭാജ്യഘടകമാണ്. 2014ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ കിഴക്കന്‍ ജര്‍മനിയില്‍ ജനിച്ച് ഫിഫ ലോകകപ്പില്‍ മുത്തമിടുന്ന ആദ്യ താരമെന്ന ബഹുമതിയും നേടി.

2003ല്‍ ഫിന്‍ലന്‍ഡില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍, ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരങ്ങള്‍ നേടിയ സെക് ഫാബ്രിഗസും ലോകഫുട്ബോളിലെ മുന്‍നിര മധ്യനിരക്കാരനാണ്. ബാഴ്സ അക്കാദമിയിലൂടെ വളര്‍ന്ന ഫാബ്രിഗസ് അഴ്സണലിനായാണ് ക്ളബ് ഫുട്ബോളില്‍ തുടക്കമിട്ടത്. ഇടയ്ക്ക് ബാഴ്സയിലേക്കു മടങ്ങിയ താരം പിന്നീട് ചെല്‍സിയിലൂടെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മടങ്ങിയെത്തി. 2006 മുതല്‍ സ്പെയ്ന്‍ ദേശീയടീമിലും കളിക്കുന്നു.

ബ്രസീലിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും താരമായിരുന്ന ആന്‍ഡേഴ്സണ്‍ ലൂയിസ് ഡി ഒലിവേര 2005 ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ ജേതാവാണ്. മാഞ്ചസ്റ്റര്‍നിരയില്‍ ഒമ്പതുവര്‍ഷം തുടര്‍ന്ന ആന്‍ഡേഴ്സന്‍ ഇപ്പോള്‍ ബ്രസീല്‍ ലീഗിലെ കോര്‍ട്ടിബ ക്ളബ്ബിലാണ്. ഇതേ ലോകകപ്പില്‍ മെക്സിക്കോയുടെ കാര്‍ലോസ് വെല ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കി. തുടര്‍ന്ന് ഏഴുവര്‍ഷം ആഴ്സണലിന് കളിച്ചു.  2010 ലോകകപ്പില്‍ മെക്സികോ ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇപ്പോള്‍ സ്പെയ്നിലെ റയല്‍ സോസിഡാഡിലാണ്.

1999ല്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ ഘാനക്കാരന്‍ ഇസ്മായില്‍ അഡോ 2008-09 സീസണില്‍ ഇന്ത്യയിലെ മുന്‍നിരക്ളബ്ബായ ഈസ്റ്റ് ബംഗാളിനായി കളിച്ചിട്ടുണ്ട്. നേരത്തെ ഫ്രാന്‍സിലും ഇസ്രയേലിലും ലീഗ് കളിച്ച അഡോയ്ക്ക് ഇന്ത്യയില്‍ തിളങ്ങാനായില്ല. 2001ല്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും നേടിയ ഫ്ളോറന്റ് സിനാമ ആറുവര്‍ഷം ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂളിനു കളിച്ചെങ്കിലും പിന്നീട് നിറംമങ്ങി.

ചിലിയില്‍ നടന്ന കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ നൈജീരിയയുടെ വിക്ടര്‍ ഒസിമെന്‍ ഇപ്പോള്‍ ജര്‍മന്‍ ക്ളബ്ബായ വൂള്‍ഫ്സ്ബര്‍ഗിലാണ്. 10 ഗോളടിച്ച വിക്ടര്‍ ഗോളടിയില്‍ ടൂര്‍ണമെന്റ് റെക്കോഡുമിട്ടു. നൈജീരിയ സീനിയര്‍ ടീമിനായി അരങ്ങേറ്റവും നടത്തി. 2013ലെ ഗോള്‍ഡന്‍ ബോള്‍ ജേതാവ് നൈജീരിയയുടെ കെലേചി ഇഹിയാന്‍ചോ ഇപ്പോള്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍സിറ്റി താരമാണ്.

പ്രധാന വാർത്തകൾ
Top