Top
24
Wednesday, January 2018
About UsE-Paper

കൌമാരപ്പടയോട് ഗോകുലം തോറ്റു

Saturday Jan 13, 2018
ജിജോ ജോര്‍ജ്
പറന്നത് പാഴായി : ഐ ലീഗില്‍ ഗോകുലം കേരള എഫ്സി താരം കിവി ഷിമോമിയുടെ മുന്നേറ്റം തടയാനുള്ള ഇന്ത്യന്‍ ആരോസ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ സിങ്ങിന്റെ ശ്രമം ഫോട്ടോ > ജഗത് ലാല്‍

കോഴിക്കോട് > കെ പി രാഹുല്‍ കളംനിറഞ്ഞപ്പോള്‍ ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന് ഗോകുലം കേരള എഫ്സിക്കെതിരെ ഒരു ഗോള്‍ ജയം. 77-ാം മിനിറ്റില്‍ മലയാളിതാരം രാഹുലിന്റെ പാസില്‍ അഭിജിത് സര്‍ക്കാറാണ് ആരോസിനായി ലക്ഷ്യംകണ്ടത്. ഐ ലീഗില്‍ അഞ്ചാം ഹോംമാച്ച് കളിക്കാനിറങ്ങിയ ഗോകുലം എഫ്സി ഇന്ത്യന്‍ കൌമാരനിരയുടെ മുന്നില്‍ പതറിപ്പോയി. അവസാന നിമിഷങ്ങളില്‍ വിക്കി മെയ്തി നടത്തിയ ചില നീക്കങ്ങളൊഴിച്ചാല്‍ ഗോകുലത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായില്ല. അഞ്ച് ഹോംമാച്ചുകളില്‍ നാലിലും പരാജയപ്പെട്ട ഗോകുലത്തിന്റെ അവസ്ഥ കൂടുതല്‍ പരുങ്ങലിലായി. നാല് പോയിന്റുമായി ഒമ്പതാമത് തുടര്‍ന്നു ഗോകുലം. 10 പോയിന്റുള്ള ആരോസ് ഏഴാമതാണ്.

പത്തിലധികം തവണയാണ് ഗോകുലം താരങ്ങള്‍ ആരോസിന്റെ ഓഫ്സൈഡ് കെണിയില്‍ കുടുങ്ങിയത്. ഗോകുലം പ്രതീക്ഷയോടെ കൊണ്ടുവന്ന നൈജീരിയക്കാരന്‍ ഒഡേഫ ഒകോലിക്ക് കാര്യമായി ഒന്നുചെയ്യാനില്ല. ദുര്‍ബലമായ ഒന്നുരണ്ട് ഷോട്ടാണ് ഒകോലി ആരോസ് ഗോള്‍മുഖത്തേക്കു പായിച്ചത്. ഒകോലിയെ ഇടവേളയ്ക്കുശേഷം പിന്‍വലിച്ച് മുഹമ്മദ് മിര്‍സയെ ഗോകുലം ഇറക്കി.

കളിയുടെ തുടക്കംതന്നെ ആരോസിന്റെ മുന്നേറ്റത്തോടെയായിരുന്നു. മധ്യനിരയില്‍ നിറഞ്ഞുകളിച്ച  രാഹുലും നായകന്‍ അമര്‍ജിത് സിങ് കിയാമും ആണ് ആരോസിന്റെ നീക്കങ്ങള്‍ക്ക് വേഗംപകര്‍ന്നത്. ഇരുവശങ്ങളിലും മാറിമാറി കളിച്ച രാഹുല്‍ ആരോസിന് കളിയില്‍ മേല്‍ക്കൈ നല്‍കി. രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തു. ഇടയ്ക്കിടെ ഇരുടീമും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തത് കളിയുടെ താളം നഷ്ടപ്പെടുത്തി.

എങ്ങനെയും കളി ജയിക്കുകയെന്ന ലക്ഷ്യത്തോടെ നായകനെടക്കം മാറ്റിയാണ് ഗോകുലം ഇന്നലെ കളത്തിലിറങ്ങിയത്. ഘാനക്കാരന്‍ ഡാനിയല്‍ അഡു ആയിരുന്നു ഗോകുലത്തിന്റെ നായകവേഷത്തിലുണ്ടായിരുന്നത്. ആദ്യമായി ഐലീഗ് ലീഗില്‍ കളിക്കുന്ന ഗോകുലം മൂന്നാമത്തെ നായകനെയാണ് ഇതിനകം പരിക്ഷീക്കുന്നത്. കഴിഞ്ഞ കളിയില്‍ ഇല്ലാതിരുന്ന ആറുപേര്‍ ആരോസ് ടീമിലും മൂന്നുപേര്‍ ഗോകുലം ടീമിലും ഇടംനേടി.

77-ാം മിനിറ്റില്‍ രാഹുല്‍ ഗോകുലം ബോക്സിലേക്കു നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിതുറന്നത്. ഗോകുലം പ്രതിരോധക്കാരെ മറികടന്ന് മുന്നേറിയ രാഹുല്‍ തൊടുത്ത അടി ഗോകുലം ഗോള്‍കീപ്പര്‍ ബിലാലിന്റെ കൈയില്‍ തട്ടിതെറിച്ചു. വലതുവശത്തുള്ള അഭിജിത് സര്‍ക്കാറിന് പന്ത് കിട്ടി. അനായാസം ലക്ഷ്യംകണ്ടു.  കളിയുടെ അവസാന നിമിഷങ്ങളില്‍ മലയാളിതാരം ഇര്‍ഷാദിനെ ഇറക്കി ഗോളടിക്കാനുള്ള ശ്രമങ്ങളാണ് ഗോകുലം നടത്തിയതെങ്കിലും ആരോസിന്റെ പ്രതിരോധക്കോട്ടയില്‍ തട്ടി അതെല്ലാം മടങ്ങി. ഇരുടീമും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രണ്ടു ഗോളിന് ഗോകുലം ജയിച്ചിരുന്നു.

15ന് ചര്‍ച്ചില്‍ ബ്രദേഴ്സുമായാണ് ഗോകുലത്തിന്റെ അടുത്ത കളി. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. 

 

Categories