21 October Sunday

അണ്ടര്‍ 19 ലോകകപ്പിന് ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

ക്രൈസ്റ്റ് ചര്‍ച്ച് > അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഇന്ന് ന്യൂസിലന്‍ഡില്‍ തുടങ്ങും. 16 ടീമുകള്‍ പങ്കെടുക്കും. ഫെബ്രുവരി മൂന്നിനാണ് ഫൈനല്‍. ഉദ്ഘാടനമത്സരത്തില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥനെ നേരിടും. ഇന്ത്യയുടെ ആദ്യകളി 14നാണ്. ഓസ്ട്രേലിയയാണ് എതിരാളികള്‍. മൂന്നുവട്ടം ചാമ്പ്യന്‍മാരാണ് ഇന്ത്യ. ഓസ്ട്രേലിയയും മൂന്നുതവണ കപ്പ് നേടി. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഇന്ത്യയെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്.

പ്രതീക്ഷകളോടെയാണ് ഇന്ത്യ ഈ ലോകകപ്പിനെത്തുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീമില്‍ ഏറ്റവും കരുത്തന്‍ ക്യാപ്റ്റന്‍ പൃഥ്വി ഷായാണ്. ജൂനിയര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഷാ രഞ്ജി ട്രോഫിയില്‍ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഈ ലോകകപ്പില്‍ ഏറ്റവും ശ്രദ്ധേയനായ കളിക്കാരന്‍ അഫ്ഗാന്റെ ബഹീര്‍ ഷായാണ്. ഷായുടെ ബാറ്റിങ്വൈഭവം അതിശയകരമാണ്. ഒന്നാംക്ളാസ് ക്രിക്കറ്റില്‍ ഷായുടെ ശരാശരി  121.77 ആണ്. ഡോണ്‍ ബ്രാഡ്മാനെക്കാള്‍ മുന്നിലാണ് ഈ പതിനേഴുകാരന്‍. ബ്രാഡ്മാന്റേത് 95.14 ആണ്. 

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജേസണ്‍ സംഘ, പാകിസ്ഥാന്റെ പേസര്‍ ഷാഹീന്‍ അഫ്രീദി എന്നിവരും മികച്ച പ്രകടനത്തിന്റെ റെക്കോഡുമായാണ് വരുന്നത്. സംഘയും ഓസീസ് ഒന്നാം ക്ളാസ് ക്രിക്കറ്റില്‍ സെഞ്ചുറി നേടി. അഫ്രീദി ക്വാദ് ഇ- അസം ട്രോഫയില്‍ 39 റണ്‍ നല്‍കി എട്ടുവിക്കറ്റ് വീഴ്ത്തി. പാക് ഒന്നാംക്ളാസ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനമാണിത്.

പ്രശസ്തരായ മുന്‍ ക്രിക്കറ്റ് താരങ്ങളുടെ മക്കളും ഇത്തവണ ലോകകപ്പിനുണ്ട്. ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ മകന്‍ ഓസ്റ്റിന്‍ വോ, ദക്ഷിണാഫ്രിക്കന്‍ ബൌളര്‍ മഖായ എന്‍ടിനിയുടെ മകന്‍ താന്‍ഡോ എന്നിവര്‍ അതത് ദേശീയ ടീമുകളിലുണ്ട്.

പങ്കെടുക്കുന്ന ടീമുകളും ഗ്രൂപ്പും:
ഗ്രൂപ്പ് എ- കെനിയ, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക.
ബി- ഇന്ത്യ, ഓസ്ട്രേലിയ, പാപുവ ന്യൂ ഗിനിയ, സിംബാബ്വെ.   സി- ബംഗ്ളാദേശ്, കനഡ, ഇംഗ്ളണ്ട്, നമീബിയ.
ഡി- പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്.
ഇന്ത്യയുടെ കളികള്‍: 14ന് ഓസ്ട്രേലിയ, 16- പാപുവ ന്യൂ ഗിനിയ 19- സിംബാബ്വെ.

പ്രധാന വാർത്തകൾ
Top