Top
16
Saturday, December 2017
About UsE-Paper

ജയം, ഇന്ത്യ ഏഷ്യന്‍കപ്പിന്

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ബംഗളൂരു > മകാവുവിനെ ഒന്നിനെതിരെ നാലുഗോളിന് തകര്‍ത്ത് ഇന്ത്യ 2019 എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യതയുറപ്പാക്കി. ഗ്രൂപ്പ് എയില്‍ കളിച്ച നാലുകളിയും ജയിച്ച ഇന്ത്യക്ക് രണ്ടുകളിശേഷിക്കെ ഒന്നാംപടിയില്‍ 12 പോയിന്റായി. 33 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ വന്‍കരയുടെ ഫുട്ബോള്‍ പോരാട്ടത്തിന് നേരിട്ട് യോഗ്യതനേടിയത്. 2011ല്‍ എഎഫ്സി ചലഞ്ച്് കപ്പിലെ പ്രകടനത്തിലൂടെ ഫൈനല്‍സ് കളിച്ചു. ആകെ നാലുതവണയാണ് ഇന്ത്യ ഏഷ്യന്‍കപ്പില്‍ ബൂട്ടണിഞ്ഞത്.

മകാവുവിനെതിരെ മധ്യനിരക്കാരന്‍ റൌളിന്‍ ബോര്‍ജസും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ജൈ ലാല്‍ പെഖുലയും ഇന്ത്യയുടെ ഗോളുകള്‍ സ്വന്തമാക്കി. മകാവു പ്രതിരോധക്കാരന്‍ ഹോ മാന്‍ ഫായ് ഇന്ത്യയുടെ ഗോളെണ്ണത്തിലേക്ക് ഒന്ന് സംഭാവന ചെയ്തു. നികി മകാവുവിന്റെ ഏക ഗോള്‍ മടക്കി. 

ഗ്രൂപ്പിലെ ശേഷിച്ച മത്സരങ്ങളില്‍ കരുത്തരായ മ്യാന്‍മറിനെയും കിര്‍ഗിസ്ഥാനെയും നേരിടേണ്ട ഇന്ത്യക്ക് മകാവുവിനെ കീഴടക്കിയാല്‍ മാത്രമായിരുന്നു നേരിട്ട് യോഗ്യതയ്ക്ക് സാധ്യത. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ പക്ഷേ, ശരാശരി കളിയാണ് ഇന്ത്യ പുറത്തെടുത്തത്. അവരുടെ നാട്ടില്‍ സെപ്തംബറില്‍ നടന്ന കളിയില്‍ രണ്ടുഗോളിന് ആധികാരികമായി ജയിച്ചതിന്റെ മുന്‍തൂക്കവുമായി ഇറങ്ങിയ ഇന്ത്യ ഉണ്ടാക്കിയെടുത്തതില്‍ അധികം അവസരങ്ങള്‍ നഷ്ടപ്പെടുത്തി. പ്രതിരോധത്തില്‍ ഒരിക്കലുംവരുത്തരുതാത്ത പിഴവുകള്‍ വരുത്തിയത് മകാവുവിന് ഒരു ഗോള്‍ സമ്മാനിക്കുകയും ചെയ്തു.

28-ാം മിനിറ്റിലാണ് ബോര്‍ജസ് ലക്ഷ്യംകണ്ടത്. ഇടതുവശത്തുനിന്ന് നാരായണ്‍ദാസും ജെജെയും നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ബോക്സില്‍ ബോര്‍ജസിന്റെ കാലിലെത്തി. പെനല്‍റ്റി സ്പോട്ടിനരികില്‍നിന്ന്തൊടുത്ത അടി പ്രതിരോധക്കാരന്റെ ദേഹത്ത്തട്ടി ഗോളിലേക്ക് വീണു. ലീഡ് നേടിയ ഇന്ത്യ കളി വീണ്ടും പതുക്കെയാക്കി. 37-ാം മിനിറ്റില്‍ നികി മകാവുവിന് സമനില നല്‍കി. ഇടയില്‍ അനസ് എടത്തോടികയ്ക്ക് പരിക്കുപറ്റിയതും ഇന്ത്യക്ക് തിരിച്ചടിയായി.

ഇടവേളയ്ക്കുശേഷവും ഇന്ത്യ അവസരങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. പകരക്കാരനായിറങ്ങിയ ബല്‍വന്ത് സിങ്ങിന്റെ സുന്ദരമായ പാസില്‍ പക്ഷേ ഛേത്രിയിലൂടെ ആതിഥേയര്‍ ലീഡ് തിരിച്ചുപിടിച്ചു. 10 മിനിറ്റില്‍ ദാനഗോള്‍വന്നു. ഹോളിചരണ്‍ നര്‍സാരിയുടെ ക്രോസ് അടിച്ചകറ്റാനുള്ള മാന്‍ ഫായിയുടെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. പരിക്കുസമയത്ത് ജെജെ പട്ടിക പൂര്‍ത്തിയാക്കി.

Categories