Top
17
Tuesday, October 2017
About UsE-Paper

വിതച്ച്, വിറച്ച്, കൊയ്ത് ഇംഗ്ളണ്ട്

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

കൊല്‍ക്കത്ത > മുന്‍ ചാമ്പ്യന്‍മാരായ മെക്സിക്കോയെ രണ്ടിനെതിരെ മൂന്നുഗോളിന് തോല്‍പ്പിച്ച് ഇംഗ്ളണ്ട് ഗ്രൂപ്പ് എഫില്‍നിന്ന് പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ സംഘമായി. റിയാന്‍ ബ്രൂസ്റ്റെര്‍, ഫിലിപ് ഫോഡെന്‍ എന്നിവര്‍ക്കൊപ്പം സൂപ്പര്‍ താരം ജാഡണ്‍ സാഞ്ചോയും ലക്ഷ്യംകണ്ടു. ദ്യേഗോ ലെയ്നെസ് മെക്സിക്കോയുടെ രണ്ടുഗോളും സ്വന്തംപേരില്‍കുറിച്ചു.

ആദ്യമത്സരത്തില്‍ ചിലിയെ മറുപടിയില്ലാത്ത നാലുഗോളിന് കെട്ടുകെട്ടിച്ച ഇംഗ്ളീഷുകാര്‍ മെക്സിക്കോയ്ക്കെതിരെയും മികവ് തുടര്‍ന്നു. പക്ഷേ മൂന്നുഗോളിന് മുന്നിലെത്തിയശേഷം രണ്ടുഗോള്‍ വഴങ്ങിയ യൂറോപ്യന്‍ കരുത്തര്‍ അവസാനമിനിറ്റുകളില്‍ മെക്സിക്കന്‍ ആക്രമണത്തിനുമുന്നില്‍ വിറച്ചു. പക്ഷേ, ആത്മവിശ്വാസത്തോടെ പന്തടക്കം സൂക്ഷിച്ച് വിജയവും നോക്കൌട്ട് ഘട്ടവും ഉറപ്പിക്കുകയും ചെയ്തു. ആദ്യമത്സരത്തില്‍ ഇറാഖിനോട് സമനില വഴങ്ങിയ മെക്സിക്കോയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത നേര്‍ത്തു. രണ്ടുകളിയില്‍ ഒരുപോയിന്റ് മാത്രമാണ് കോണ്‍കകാഫ് ചാമ്പ്യന്‍മാരുടെ സമ്പാദ്യം.

കിരീടസാധ്യതാ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന കളിയോടെയാണ് ഇംഗ്ളണ്ട് മെക്സിക്കോയ്ക്കെതിരെ തുടങ്ങിയത്. കളത്തില്‍ എതിരാളികള്‍ കാലുറപ്പിക്കുംമുമ്പ് ഒന്നിനുപിന്നാലെ മറ്റൊന്നായി മൂന്നവസരങ്ങള്‍. സാഞ്ചോയും ബ്രൂസ്റ്ററും ഫോഡനും മെക്സിക്കന്‍ പ്രതിരോധക്കാരെ കീഴടക്കിയെങ്കിലും അടികള്‍ ലക്ഷ്യത്തില്‍നിന്ന് അകന്ന് പറന്നു. 39-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍നിന്നാണ് ഇംഗ്ളണ്ട് ലീഡെടുത്തത്. ബോക്സിന് പുറത്തുനിന്ന് ബ്രൂസ്റ്റര്‍ എടുത്ത കിക്ക് വലയുടെ വലതുമൂലയില്‍ വളഞ്ഞുകയറി.

പതറിയ മെക്സിക്കോ പതുക്കെ അവസരങ്ങള്‍ സൃഷ്ടിച്ചു. ഇയാന്‍ ടോറെസും ദ്യേഗോ ലയ്നെസും പന്തുമായി കുതിച്ചു. ടോറെസിന്റെ തകര്‍പ്പന്‍ ഷോട്ട് ഇംഗ്ളീഷ് കീപ്പര്‍ ആന്‍ഡേഴ്സണ്‍ തടുത്തു. ലയ്നെസിന്റെ ഫ്രീകിക്ക് പുറത്തേക്ക് പറന്നു. ഒരുഗോളിന്റെ മുന്‍തൂക്കവുമായി ഇടവേളയ്ക്ക് കയറി.

ഗോള്‍വഴങ്ങിയതിന്റെ ക്ഷീണവുമായാണ് മെക്സിക്കോ രണ്ടാംപകുതിക്ക് ഇറങ്ങിയത്. 48-ാം മിനിറ്റിലും 55-ാം മിനിറ്റിലും ഗോള്‍വഴങ്ങി അവര്‍ തോല്‍വിയുറപ്പിക്കുകയും ചെയ്തു. ജാഡന്‍ സാഞ്ചോയുടെ പാസില്‍നിന്ന് ഫോഡെനും കാര്‍ലോസ് റോബിള്‍സ് ഏരിയയ്ക്കുള്ളില്‍ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സാഞ്ചോയും ഗോള്‍പട്ടികയില്‍ കയറി. പിന്നീട് കളിയില്‍ കാറ്റ് മാറിവീശി. മെക്സിക്കോ ആദ്യമായി കളത്തില്‍ ആത്മവിശ്വാസത്തോടെ പന്തുതട്ടി. ഏഴുമിനിറ്റിന്റെ ഇടവേളയില്‍ രണ്ടുതവണ ഇംഗ്ളണ്ടിന്റെ വലകുലുങ്ങി.

ഡാനിയെല്‍ ലോപെസിന് പകരം വന്ന കാര്‍ലോസ് ഹ്വേര്‍ട്ട മധ്യനിരയില്‍ മെക്സിക്കോയ്ക്ക് ഊര്‍ജമായി. 65-ാം മിനിറ്റില്‍ ലെയ്നസ് ബോക്സിന്റെ വക്കില്‍നിന്ന് തൊടുത്ത ഷോട്ട് പ്രതിരോധക്കാരനില്‍ തട്ടി ഗോളിലേക്ക് പാഞ്ഞു. ആവേശം വീണ്ടെടുത്ത മെക്സിക്കോ ആക്രമണം കടുപ്പിച്ചു. ഏഴുമിനിറ്റ്. ബോക്സിന് പുറത്തുനിന്ന് ഒരിക്കല്‍കൂടി ലെയ്നസ് തൊടുത്തു. ആന്‍ഡേഴ്സണ്‍ കുത്തിയകറ്റി. ഹ്വേര്‍ട്ട പന്തുപിടിച്ചെടുത്ത് വീണ്ടും ലെയ്നെസിന് നല്‍കി. പ്രതിരോധക്കാരനെ കബളിപ്പിച്ച് വീണ്ടുമടി. ആന്‍ഡേഴ്സന്റെ നെടുനീളന്‍ ചാട്ടത്തിനും എത്തിപ്പിടിക്കാനാകാതെ പന്ത് വലയില്‍ വിശ്രമിച്ചു.

സമനില മണത്ത മെക്സിക്കന്‍ കളിക്കാര്‍ കിണഞ്ഞുപരിശ്രമിച്ചു. ഇംഗ്ളണ്ടിന്റെ പതിനൊന്നുപേരും ഒരുമിച്ച് തടുത്തു. ഒടുവില്‍ മൂന്നുപോയിന്റും സ്വന്തമാക്കി തിരിച്ചുകയറി.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Categories