21 July Saturday

മെസിയുടെ ആകാശത്ത് അര്‍ജന്റീനയുടെ നിലാവ്

സ്പോര്‍ട്സ് ഡെസ്ക്Updated: Thursday Oct 12, 2017

ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ ലയണല്‍ മെസിയുടെ ആഹ്ളാദം

ക്വിറ്റോ > മുള്‍മുനയിലായിരുന്നു അര്‍ജന്റീന. 17-ാം ലോകകപ്പിന്റെ കവാടം അവര്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്നു. ലാറ്റിനമേരിക്കന്‍ യോഗ്യതയിലെ അവസാന റൌണ്ട് കളി തുടങ്ങുമ്പോള്‍ അര്‍ജന്റീന ആറാമത്. 

ജയം അല്ലെങ്കില്‍?, ചിന്തിക്കാനായില്ല അര്‍ജന്റീനക്കാര്‍ക്ക്. മരണത്തേക്കാള്‍ വലുതായ അപമാനം തുറിച്ച് നോല്‍ക്കവെയാണ് ലയണല്‍ മെസിയും കൂട്ടുകാരും ഇക്വഡോറിന്റെ തലസ്ഥാന നഗരിയില്‍ എത്തിയത്. രണ്ടുവട്ടം ലോകചാമ്പ്യന്‍മാര്‍, നിലവില്‍ രണ്ടാംസ്ഥാനക്കാര്‍, സമുദ്രനിരപ്പില്‍നിന്ന് 9350 അടി ഉയരത്തിലുള്ള ക്വിറ്റോയിലെ മൈതാനിയില്‍ ബൂട്ടുകെട്ടുമ്പോള്‍ ബ്യൂനസ് ഐറിസില്‍ നെഞ്ചിടിക്കുകയായിരുന്നു.

1970ന് ശേഷം അര്‍ജന്റീനയില്ലാതെ ലോകകപ്പുണ്ടായിട്ടില്ല. 1978ല്‍ ലോകകപ്പുയര്‍ത്തിയ മാരിയോ കെംപസിന്റെ നാട്, 1986ല്‍ അതേ കപ്പുയര്‍ത്തിയ ദ്യേഗോ മാറഡോണയുടെ നാട്, 2018ല്‍ കാഴ്ചക്കാരായി മാറുന്നത് റഷ്യന്‍ ലോകകപ്പിന്റെ ദുരന്തമാകും. വിശ്വഫുട്ബോളിന്റെ മഹാമാന്ത്രികന്‍ ലയണല്‍ മെസിയില്ലാത്ത ലോകകപ്പ് ആ പേരിലാകും പിന്നീട് അറിയപ്പെടുക, 'അഭാവത്തിന്റെ റഷ്യ'18'.

ക്വിറ്റോവില്‍ ലുക്കാസ് ബിഗ്ളിയയും ഡാരിയോ ബെനെഡെറ്റോയും എന്‍സോ പെരെസും എയ്ഞ്ചല്‍ ഡി മരിയയും ഹാവിയര്‍ മഷരാനോയും നിക്കോളാസ് ഒട്ടമെന്‍ഡിയും നിരന്നു. ഒരറ്റത്ത് ക്യാപ്റ്റനായ മെസി. പിരിമുറുക്കത്തിന്റെ നീര്‍ച്ചുഴിയില്‍ പിടയുകയായിരുന്നു പ്രൊഫഷണല്‍ ഫുട്ബോളിന്റെ മൈതാനത്ത് പലകുറി പന്ത് തട്ടിയ അവര്‍. അവരുടെ ആകാശത്ത് മഴക്കാറുകള്‍. ചക്രവാളം ചുരുങ്ങി. ക്വിറ്റോയില്‍ ഇതുവരെ ഒരുതവണ മാത്രമാണ് അര്‍ജന്റീന ഇക്വഡോറിനെ തോല്‍പ്പിച്ചിട്ടുള്ളത്. അത് 16 വര്‍ഷം മുമ്പ്.

വിസില്‍ മുഴങ്ങി. അര്‍ജന്റീനയിറങ്ങിയത് മൈതാനിയിലല്ല, ഒരു ചെങ്കുത്തായ പാറയുടെ മുനമ്പിലാണ്. ഒന്ന് പിഴച്ചാല്‍ പതനം.
അര്‍ജന്റീന ചുവടുറപ്പിച്ചില്ല. കളിക്ക് ഒരു മിനിറ്റ് തികഞ്ഞില്ല.38-ാം സെക്കന്‍ഡില്‍ ഇക്വഡോറിന്റെ റൊമാരിയോ ഇബറ അര്‍ജന്റീനയുടെ പെനല്‍റ്റി ബോക്സിനരികില്‍ മഷെരാനോയെ മറികടന്നു. തൊടുത്തു.

അര്‍ജന്റീനയുടെ ഗോളി സെര്‍ജിയോ റൊമേറോ ഗോള്‍ ലൈനില്‍ വീണു. പന്ത് റൊമേറോയെ പരിഹസിച്ചു.
ആ ഗോളില്‍ അര്‍ജന്റീന മരവിച്ചു.

ആ മരവിപ്പ് മരണമായില്ല, പുനര്‍ജനിയായി.

മധ്യനിരയില്‍ കാട്ടുമുയലിനെപോലെ പതുങ്ങിനിന്ന ലയണല്‍ മെസി ആലസ്യത്തിന്റെ പുറംചട്ട ഊരിയെറിഞ്ഞു. കഴിഞ്ഞ മൂന്ന് യോഗ്യതാമത്സരങ്ങളില്‍ ഗോളടിക്കാത്ത മെസിയുടെ കാല്‍മടമ്പില്‍ കാടിളക്കുന്ന സംഹാരശക്തി തിരിച്ചെത്തി. ഇക്വഡോറിന്റെ കോട്ടയിലേക്ക് ചുവന്നുതുടുത്ത മുഖവുമായി മെസി കുതിച്ചു. ജയിക്കും അല്ലെങ്കില്‍ ഇവിടെ മരിക്കും എന്ന് പറയാതെ പറഞ്ഞ മെസിയുടെ നീക്കങ്ങള്‍. എയ്ഞ്ചല്‍ ഡി മരിയയുമായി 1-2 നീക്കം. 11 വാര അകലെനിന്ന് മെസിയുടെ ഷോട്ട്. ഇക്വഡോറിന്റെ ഗോളി മാക്സിമോ ബാന്‍ക്വെറോയുടെ തലയ്ക്ക് മീതെ ഒരു അമ്പ് പാഞ്ഞു.

വലയില്‍നിന്ന് പന്ത് വാരി മെസി മധ്യനിരയിലേക്ക് ഓടി. തീര്‍ന്നില്ല, ദാഹം. 21 വാര അകലെനിന്ന് മെസിയുടെ ആഗ്നേയാസ്ത്രം. അര്‍ജന്റീന റഷ്യയെ നോക്കി പ്രഖ്യാപിച്ചു, ഇതാ ഞങ്ങള്‍.

അവസാനിപ്പിച്ചില്ല മെസി. മധ്യനിരയ്ക്ക് ഇപ്പുറത്ത് മെസിയുടെ കാലില്‍ പന്ത്. ഒന്ന് പമ്മി. പിന്നെ കാലുകള്‍ തീവണ്ടിച്ചക്രമായി. ഡ്രിബ്ളിങ്ങിന്റെ ചാരുത. ഗോള്‍മുഖത്തേക്ക്. ബാന്‍ക്വെറോയുടെ തലയ്ക്ക് മീതെ ഒരു മഴവില്ല് തൊടുത്തു സോക്കറിന്റെ ഈ ബീഥോവന്‍.
മെസിക്ക് ഹാട്രിക്ക്. അര്‍ജന്റീന ലാറ്റിനമേരിക്കന്‍ യോഗ്യതാറൌണ്ടില്‍ മൂന്നാമത്. ഇനി റഷ്യയില്‍.

പ്രധാന വാർത്തകൾ
Top