13 November Tuesday

ഇന്ത്യ തോറ്റു; കുക്കിന്‌ ജയത്തോടെ മടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018

ഓവൽ > അലസ്റ്റയർ കുക്കിന് ഇംഗ്ലണ്ട് ജയത്തോടെ യാത്രയയപ്പ് നൽകി. ഇന്ത്യയുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ 118 റണ്ണിന്‌  ഇംഗ്ലണ്ട്‌ ജയിച്ചു. ഇതോടെ പരമ്പര 4‐1ന് ഇംഗ്ലണ്ട് നേടി. കുക്കിന്റെ അവസാന ടെസ്റ്റായിരുന്നു ഇത്.

464 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ലോകേഷ് രാഹുലിന്റെയും (149) ഋഷഭ് പന്തിന്റെയും (114) സെഞ്ചുറികളിൽ സമനില പ്രതീക്ഷിച്ചതാണ്. എന്നാൽ കളിയുടെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ഇംഗ്ലണ്ട് ജയം സ്വന്തമാക്കി. മൂന്നു വിക്കറ്റെടുത്ത ജയിംസ് ആൻഡേഴ്സൺ ആകെ വിക്കറ്റ് നേട്ടത്തിൽ മുൻ ഓസ്ട്രേലിയൻ പേസർ ഗ്ലെൻ മഗ്രാത്തിനെ മറികടന്നു. 564 വിക്കറ്റാണ് ആൻഡേഴ്സണ്. സ്കോർ: ഇംഗ്ലണ്ട് 332, 8‐425 ഡി., ഇന്ത്യ 292, 345.

അവസാനദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 58 റണ്ണെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ആരംഭിച്ചത്. രാഹുലാണ് ഇന്ത്യയെ നയിച്ചത്. പേസർമാർക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാത്ത പിച്ചിൽ അജിൻക്യ രഹാനെ രാഹുലിന് പിന്തുണ നൽകി. നാലാംദിനം രണ്ട് റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഈ സഖ്യം 100 കടത്തി. രാഹുൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. പേസർമാരെയും സ്പിന്നർമാരെയും     ഒരുപോലെ ആക്രമിച്ചു. തുടക്കത്തിലെ പതർച്ചയ്ക്കുശേഷം രഹാനെയും താളം കണ്ടെത്തിയതോടെ വലിയ തകർച്ചയിൽനിന്ന് ഇന്ത്യ കരകയറി. 117 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.

അനായാസം നീങ്ങിയ ഈ സഖ്യത്തെ മൊയീൻ അലിയാണ് വേർപിരിച്ചത്. അലിയുടെ പന്തിൽ സ്വീപ്പ ് ഷോട്ടിന് ശ്രമിച്ച രഹാനെ (37) കീറ്റൺ ജെനിങ്സിന്റെ കൈകളിലൊതുങ്ങി. അരങ്ങേറ്റക്കാരൻ ഹനുമ വിഹാരിക്ക് ആദ്യ ഇന്നിങ്സിലെ പ്രകടനം ആവർത്തിക്കാനായില്ല. റണ്ണെടുക്കുംമുമ്പ് ബെൻ സ്റ്റോക്സിന്റെ പന്തിൽ വിഹാരി പുറത്തായി.

ഇന്ത്യ 5‐121ലേക്ക് തകർന്നു. തുടർന്നാണ് രാഹുലും പന്തും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്. ഈ പരമ്പരയിൽ ഇന്ത്യൻ ബാറ്റിങ്നിരയിൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത രാഹുൽ അവസാന ഇന്നിങ്സിൽ തകർത്തു. കരിയറിലെ അഞ്ചാം സെഞ്ചുറി പൂർത്തിയാക്കി. 118 പന്തിലാണ് രാഹുൽ സെഞ്ചുറി പൂർത്തിയാക്കിയത്. ഒരു സിക്സറും 16 ബൗണ്ടറികളുമായിരുന്നു രാഹുലിന്റെ ഇന്നിങ്സിൽ. ആറാം വിക്കറ്റിൽ പന്തും രാഹുലും ചേർന്ന് വേഗത്തിൽ റണ്ണെടുത്തു. 57 പന്തിൽ 50 റൺ കൂട്ടിച്ചേർത്തു. ഇതിനിടെ ഇന്ത്യൻ സ്കോർ 200 കടന്നു. പന്ത് കൂറ്റനടികളുമായി പെട്ടെന്ന് റണ്ണുയർത്തി. ആദ്യപരമ്പര കളിക്കുന്ന ഈ പത്തൊമ്പതുകാരൻ ഇംഗ്ലണ്ട് മണ്ണിൽ തന്റെ കന്നി സെഞ്ചുറിയും പൂർത്തിയാക്കി. ആദിൽ റഷീദിനെ കൂറ്റൻ സിക്സർ പറത്തിയായിരുന്നു പന്തിന്റെ സെഞ്ചുറി നേട്ടം. 117 പന്തിലാണ് സെഞ്ചുറി. ഒരു സിക്സറും ഏഴ് ബൗണ്ടറികളുമായിരുന്നു ഇന്നിങ്സിൽ.

ആറാംവിക്കറ്റിൽ 204 റണ്ണാണ് ഇരുവരും നേടിയത്. വിദേശ മണ്ണിൽ ആറാം വിക്കറ്റിലെ ഏറ്റവുംമികച്ച കൂട്ടുകെട്ടാണിത്.
റഷീദിന്റെ ഒന്നാന്തരം പന്ത് ഈ സഖ്യത്തെ വേർപെടുത്തി. കറങ്ങിത്തിരിഞ്ഞ പന്ത് രാഹുലിന്റെ ഓഫ് സ്റ്റമ്പ് ഇളക്കി. പിന്നാലെ പന്തും മടങ്ങി. റഷീദിനെ സിക്സർ പായിക്കാനുള്ള ശ്രമത്തിനിടെ അലിയുടെ കൈകളിലൊതുങ്ങി. നാല് സിക്സറും 15 ബൗണ്ടറികളും പന്ത് ആകെ പായിച്ചു. അവസാന ഘട്ടത്തിൽ ശേഷിച്ച ബാറ്റ്സ്ൻമാരെ ആൻഡേഴ്സണും സാം കറനും കൂടി തീർത്തു.


പ്രധാന വാർത്തകൾ
Top