19 January Saturday

പരിക്ക്‌, ആൻഡി മറെ വിരമിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


മെൽബൺ
ഓസ‌്ട്രേലിയൻ ഓപ്പണിന‌ുശേഷം ആൻഡി മറെ ടെന്നീസിൽനിന്ന‌് വിരമിച്ചേക്കും. മെൽബണിലെ വാർത്താസമ്മേളനത്തിൽ മറെതന്നെയാണ‌് ഇക്കാര്യം അറിയിച്ചത‌്. വികാരാധീനനായ മറെക്ക‌് സങ്കടംകൊണ്ട‌് വാർത്താസമ്മേളനം ഇടയ‌്ക്ക‌് നിർത്തേണ്ടിവന്നു. വിശ്രമിച്ചതിനുശേഷമാണ‌് വാർത്താസമ്മേളനം പൂർത്തിയാക്കിത‌്.

ഈ വർഷം വിംബിൾഡണിന‌ുശേഷം വിരമിക്കാനാണ‌് തീരുമാനിച്ചിരുന്നത‌്.‌ എന്നാൽ, ആരോഗ്യപ്രശ‌്നങ്ങളുള്ളതിനാൽ ഓസീസ‌് ഓപ്പണിനുശേഷം വിരമിക്കേണ്ടിവരുമെന്ന‌് മറെ അറിയിച്ചു.

‘കടുത്തവേദന തിന്നാണ‌് ഞാൻ കളിക്കുന്നത‌്. ഇനി അഞ്ചാറുമാസംകൂടി ഇത‌് തുടരാനാകില്ല’–-31കാരനായ മറെ പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ഇടുപ്പിൽ ശസ‌്ത്രക്രിയ വേണ്ടിവന്നു. അതുകഴിഞ്ഞ‌് പൂർണ ആരോഗ്യം തിരിച്ചുകിട്ടിയിട്ടില്ല. 2018ലെ സീസൺ സെപ‌്തംബറിൽ അവസാനിപ്പിക്കേണ്ടിവന്നു. ഓസ‌്ട്രേലിയൻ ഓപ്പണിൽ കളിക്കുമെന്ന‌് മറെ അറിയിച്ചു. സ‌്പെയ‌്നിന്റെ റോബർട്ടോ ബൗട്ടിസ‌്റ്റ അഗുട്ടാണ‌് ആദ്യ എതിരാളി. 22–-ാം സീഡാണ‌് അഗുട്ട.

മൂന്ന‌് ഗ്രാൻഡ‌്സ്ലാം മറെ നേടിയിട്ടുണ്ട‌്. 2012ൽ യുഎസ‌് ഓപ്പണും 2013,16 വർഷങ്ങളിൽ വിംബിൾഡണും നേടി. രണ്ടുവട്ടം ഒളിമ്പിക‌് ജേതാവുമായിരുന്നു മറെ.


പ്രധാന വാർത്തകൾ
Top