14 December Friday

ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ : ഓസീസ‌് തോൽവിയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

ഒാസീസിന്റെ മൂന്നുവിക്കറ്റെടുത്ത അബ്ബാസ്‌

ദുബായ‌്
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ‌് ടെസ‌്റ്റിൽ ഒാസ‌്ട്രേലിയ പതറുന്നു. നാലാംദിനം രണ്ടാം ഇന്നിങ‌്സിൽ 136 റണ്ണെടുക്കുന്നതിനിടെ ഓസീസിന‌് മൂന്ന‌് വിക്കറ്റ‌് നഷ്ടമായി.  462 റണ്ണാണ‌് പാകിസ്ഥാൻ ഉയർത്തിയ വെല്ലുവിളി. പാകിസ്ഥാൻ രണ്ടാം ഇന്നിങ‌്സിൽ ആറിന‌് 181  റണ്ണെടുത്ത‌് ഡിക്ലയർ ചെയ‌്തു. സ‌്കോർ: പാകിസ്ഥാൻ 482, 6–181ഡി.; ഓസ‌്ട്രേലിയ 202, 3–136.

ഏഴ‌് വിക്കറ്റ‌് മതി പാകിസ്ഥാന‌് ഓസീസിനെതിരെ തുടർച്ചയായ മൂന്നാം ടെസ‌്റ്റ‌് ജയം കുറിക്കാൻ. നാലാംദിനം സ‌്പിന്നർമാർക്ക‌് പകരം പേസർ മുഹമ്മദ‌് അബ്ബാസാണ‌് ഒാസീസ‌് ബാറ്റിങ‌് നിരയുടെ വേരറുത്തത‌്.  മുൻനിരയിലെ മൂന്ന‌് പേരെ അബ്ബാസ‌് മടക്കി. ഒന്നാം ഇന്നിങ‌്സിൽ അബ്ബാസ‌് നാല‌് വിക്കറ്റെടുത്തിരുന്നു.

ഇന്ന‌് 90 ഓവർ അതിജീവിക്കാൻ പ്രയാസമായിരിക്കും ഒാസീസിന‌്. ഒരറ്റത്ത‌് ഉസ‌്മാൻ ഖവാജ പിടിച്ചുനിൽക്കുന്നുണ്ട‌്. പക്ഷേ, സ‌്പിന്നർമാർക്കെതിരെ ഖവാജയും പതറി. ഒരു തവണ ഖവാജയുടെ ക്യാച്ച‌് പാക‌് ഫീൽഡർ ആസാദ‌് ഷഫീഖ‌് പാഴാക്കി. 50 റണ്ണെടുത്ത ഖവാജയ‌്ക്കൊപ്പം 34 റണ്ണുമായി ട്രാവിസ‌് ഹെഡാണ‌് ക്രീസിൽ.

രണ്ടാം ഇന്നിങ‌്സിൽ പാകിസ്ഥാൻ ആറിന‌് 181ന‌് ഡിക്ലയർ ചെയ‌്‌തതോടെ  137 ഓവറിൽ 462 റണ്ണാണ‌് ഓസീസിന‌് മറികടക്കേണ്ടത‌്. ഓപ്പണർമാരായ ആരോൺ ഫിഞ്ചും ഖവാജയും ധൈര്യത്തോടെ ബാറ്റ‌് വീശി. ആദ്യഘട്ടം നഷ്ടങ്ങളൊന്നുമില്ലാതെ അവസാനിച്ചു. ആദ്യവിക്കറ്റിൽ 87 റണ്ണാണ‌് പിറന്നത‌്.
ചായയ‌്ക്കുശേഷം ആദ്യഘട്ടത്തിൽത്തന്നെ ഫിഞ്ച‌് പുറത്തായി. അബ്ബാസിന്റെ പന്തിൽ വിക്കറ്റിന‌് മുന്നിൽ കുരുങ്ങി. റിവ്യൂ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഓസീസിന്റെ തകർച്ചയിലേക്കുള്ള തുടക്കമായി അത‌്. അബ്ബാസിന്റെ അതേ ഓവറിലെ അവസാന പന്തിൽ ഷോൺ മാർഷ‌് റണ്ണെടുക്കുംമുമ്പ‌് മടങ്ങി. വിക്കറ്റ‌് കീപ്പർ സർഫ്രാസ‌് അഹമ്മദിന‌് ക്യാച്ച‌്. അബ്ബാസിന്റെ അടുത്ത ഓവറിൽ ഷോണിന്റെ സഹോദരൻ  മിച്ചെൽ മാർഷും പുറത്ത‌്. മിച്ചെലിനെയും റണ്ണെടുക്കുംമുമ്പ‌് അബ്ബാസ‌് മടക്കി.

പാതിഘട്ടംപോലും എത്തുന്നതിന‌് മുമ്പ‌് ഓസീസ‌് വിറയ‌്ക്കാൻ തുടങ്ങി. സ‌്പിന്നർമാർ ഓസീസ‌് ബാറ്റ‌്സ‌്മാൻമാരെ വിരട്ടി. ഹെഡും ഖവാജയും പിടിച്ചുനിന്നു. നാലാം വിക്കറ്റിൽ 49 റണ്ണാണ‌് ഇരുവരും കൂട്ടിച്ചേർത്തത‌്.

രണ്ടാം ഇന്നിങ‌്സിൽ പാകിസ്ഥാനെ പെട്ടെന്ന‌് പുറത്താക്കി മത്സരത്തിലേക്ക‌് തിരിച്ചുവരാമെന്നായിരുന്നു നാലാംദിനം ഓസീസിന്റെ കണക്കുകൂട്ടൽ. പക്ഷേ, പാക‌് ബാറ്റ‌്സ‌്മാൻമാർ ഓസീസിനെ നിരാശരാക്കി. ഹാരിസ‌് സൊഹൈൽ (49), ആസാദ‌് ഷഫീഖ‌് (41), ബാബർ അസം (28) എന്നിവർ ചേർന്ന‌് വേഗത്തിൽ പാകിസ്ഥാനെ മികച്ച ലീഡൊരുക്കി. ഓസീസിനായി ജോൺ ഹോളണ്ട‌് മൂന്നും നതാൻ  ല്യോൺ രണ്ടും വിക്കറ്റെടുത്തു.


പ്രധാന വാർത്തകൾ
Top