16 October Tuesday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ താരലേലം : കാശെറിഞ്ഞത് കാവൽക്കാർക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

അലിസൺ / കെപ / ലെനോ


ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  താരലേല വിപണിയിൽ കൂടുതൽ ആവശ്യക്കാർ ഗോൾ കീപ്പർമാർക്ക്. വൻ തുകയാണ് ഗോളികൾക്കുവേണ്ടി ക്ലബ്ബുകൾ മുടക്കിയത്.

മൂന്ന് ഗോൾ കീപ്പർമാർക്കുവേണ്ടിയാണ് ഇക്കുറി ഇംഗ്ലീഷ് പ്രീമിയർലീഗിൽ ഇത്തവണ കൂടുതൽ പണമെറിഞ്ഞത്. ലിവർപൂൾ ഗോളി അലിസൺ, ചെൽസിയുടെ കെപ അറിസ ബലാഗ, അഴ്സണലിന്റെ ബെൺഡ് ലെനോ എന്നിവരാണ് ആ വമ്പൻ ഗോൾ കീപ്പർമാർ.

അലിസണിനുവേണ്ടി 589 കോടി രൂപ ലിവർപൂൾ മുടക്കി. ഇറ്റാലിയൻ ക്ലബ്ബ് റോമയിൽനിന്നാണ് ഈ ബ്രസീലുകാരനെ ലിവർപൂൾ റാഞ്ചിയത്.

ചെൽസി റെക്കോഡ് തുകയ്ക്ക് അത്ലറ്റികോ ബിൽബാവോയിൽനിന്ന് കെപയെ സ്വന്തമാക്കി. വിടുതൽ തുക ഉൾപ്പെടെ 632 കോടി രൂപ ചെൽസി കെപയ്ക്കായി മുടക്കി. തിബൗ കുർടോ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന സൂചന വന്നപ്പോൾതന്നെ ചെൽസി മറ്റൊരു ഗോൾ കീപ്പർക്ക് ശ്രമം തുടങ്ങിയിരുന്നു. അതവസാനിച്ചത് കെപയിലും.അഴ്സണൽ ലെനോയ്ക്കായി മുടക്കിയത് 175 കോടി രൂപ. ബയേർ ലെവർകൂസനുവേണ്ടിയാണ് കഴിഞ്ഞ സീസണിൽ ഈ ഇരുപത്താറുകാരൻ കളിച്ചത്.

വിപണിയുടെ അവസാന ദിനമായ വ്യാഴാഴ്ച ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് എവർട്ടൺ, ഫുൾഹാം, ലെസ്റ്റർ സിറ്റി ക്ലബ്ബുകളാണ്. ടോട്ടനം ഹോട്സ്പറും മാഞ്ചസ്റ്റർ യുണൈറ്റഡും അവസാനദിനം ഒരു കളിക്കാരനുമായും കരാറുണ്ടാക്കിയില്ല.  ടോട്ടനം ഹോട്സ്പർ ഈ വിപണിയിൽ ഒരു കളിക്കാരനെയും ടീമിലെത്തിച്ചില്ല. എട്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ തുകയാണ് ഇക്കുറി ഇംഗ്ലീഷ് ക്ലബ്ബുകൾ ആഗസ്തിലെ താരലേല വിപണയിൽ ചെലവഴിച്ചത്. ഏകദേശം 10557 കോടി രൂപ. വമ്പൻ ക്ലബ്ബുകളിൽ ലിവർപൂളാണ് തുകയിൽ മുന്നിൽ. 1557 കോടി രൂപ ലിവർപൂൾ ചെലവാക്കി.

അവസാനദിനത്തിലെ ഏറ്റവുംവലിയ താരകൈമാറ്റം നടത്തിയത് എവർട്ടനാണ്. 250 കോടി രൂപയ്ക്ക് യെറി മിനയെ ബാഴ്സലോണയിൽനിന്ന് വാങ്ങി.മറ്റ് ലീഗുകളിൽ താരലേല വിപണി 31വരെ സജീവമാണ്. ഇറ്റാലിയൻ ലീഗിൽ 17ആണ് അവസാന തീയതി.

പ്രധാന വാർത്തകൾ
Top