17 August Friday

പണം മുടക്കുന്നില്ല, സൗകര്യങ്ങൾ ഒരുക്കുന്നില്ല: ഏബൽ

ഒരുക്കുന്നില്ല: ഏബൽ ജയ്‌സൺ ഫ്രാൻസിസ്‌Updated: Saturday Aug 11, 2018



തിരുവനന്തപുരം
ഇന്ത്യൻ ഫുട്ബോളിന്റെ പ്രശ്നം പണവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് അഴ്സണൽ ഗ്രാസ്റൂട്സ് പരിശീലകൻ ക്രിസ് ഏബൽ. കോവളം എഫ്സിയുടെ കളിക്കാരെ പരിശീലിപ്പിക്കാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഏബൽ.

ജനസംഖ്യയിൽ മുന്നിൽനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ പ്രതിഭാധനരായ കളിക്കാരുണ്ട്. പ്രതിഭയും ശാരീരികക്ഷമതയും  ഇന്ത്യൻ കളിക്കാർക്കുണ്ട്. ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ആളുകളുമുണ്ട്. എന്നാൽ ഫുട്ബോളിനായി കൂടുതൽ പണവും സൗകര്യങ്ങളും ഒരുക്കുന്നതിൽ ഇന്ത്യ പിന്നിലാണ്‐ ഏബൽ പറഞ്ഞു.

ഫുട്ബോളിൽ കൂടുതൽ നിക്ഷേപം നടത്തണം. മികച്ച അക്കാദമികൾ ഉണ്ടാകണം. പരിശീലകരെയും സൃഷ്ടിക്കണം. കളിക്കാരെ ചെറുപ്പത്തിൽതന്നെ കണ്ടെത്തണം.  അവർക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കണം. കൂടുതൽ ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കണം.

ഫുട്ബോളിൽ ഇന്ത്യക്ക് ഭാവിയുണ്ട്. പ്രതീക്ഷ നൽകുന്ന രാജ്യമാണിത്. ഇന്ത്യയേക്കാൾ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾവരെ ലോകകപ്പ് കളിക്കുന്നു.  ശാരീരികക്ഷമതയിൽ ഇന്ത്യൻ താരങ്ങളെക്കാൾ  മുന്നിലാണ് അവർ. എന്നാൽ അവർ ഫുട്ബോളിൽ ഉയരങ്ങൾ കീഴടക്കുന്നത്് ഒരോ താരവും ഫുട്ബോളിന് സ്വയംസമർപ്പിക്കുന്നതിനാലാണ്.
ഫുട്ബോളിനായി കൂടുതൽ മുതൽമുടക്ക്, മികച്ചസൗകര്യം, പരിശീലനം, ദീർഘവീക്ഷണത്തോടെ ഭാവിതാരങ്ങളെ വാർത്തെടുക്കൽ, കഠിനാധ്വാനം എന്നിവയുണ്ടെങ്കിൽ അൽഭുതങ്ങൾ സൃഷ്ടിക്കാനാകും. പരിശീലകൻ പകരുന്ന തന്ത്രങ്ങൾ കളിക്കളത്തിൽ നടപ്പാക്കാൻ ഒരോതാരത്തെയും പ്രാപ്തരാക്കണം. കാലുകൊണ്ട് മാത്രമല്ല തലച്ചോറ് ഉപയോഗിച്ചും ഫുട്ബോൾ കളിക്കണം.

ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റം ഇതിന് തെളിവാണ്. 15 വർഷത്തോളമുള്ള കഠിനാധ്വാനമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന് ഊർജമായത്. ഇംഗ്ലണ്ട് തന്നെയാണ് ഫുട്ബോളിൽ ഇഷ്ട ടീം. എന്നാൽ കളിക്കാരിൽ ഏറെ ഇഷ്ടം ജർമൻ താരം മെസ്യൂട്ട് ഒസീലാണെന്നും ഏബൽ പറഞ്ഞു.

ഫുട്ബാൾ അക്കാദമി എഫ്സി ഡാളസ്, അമേരിക്കൻ സൂപ്പർ ലീഗ് ടീം സാൻജോ എർത്ത്ക്വാക്ക് എഫ്സി, സാൻഫ്രാൻസിസ്കോ എംവിഎൽഎ സോക്കർ ക്ലബ് എന്നിവരുമായും കോവളം എഫ്സി കൈകോർത്തിട്ടുണ്ടെന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ കോവളം എഫ്സി താരങ്ങൾക്ക് വിദേശപര്യടനവും വിദേശപരിശീലനവും ലഭ്യമാക്കുമെന്നും ചെയർമാൻ ചന്ദ്രഹാസൻ പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top