15 October Monday

ഏഷ്യൻ ഗെയിംസ് ബാസ്കറ്റ് : ഇന്ത്യൻ ടീമിനെ ജീന നയിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


കൊച്ചി
ഏഷ്യൻ ഗെയിംസ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യയുടെ വനിതാ ടീമിനെ മലയാളി താരം പി എസ് ജീന നയിക്കും. നാല് മലയാളി താരങ്ങൾ ടീമിലുണ്ട്. സ്റ്റെഫി നിക്സൺ, പി ജി അഞ്ജന, കർണാടകത്തിനുവേണ്ടി കളിക്കുന്ന പ്രിയങ്ക പ്രഭാകർ എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടംനേടിയ മറ്റ് മലയാളി താരങ്ങൾ. 18നാണ് ഗെയിംസ് ആരംഭിക്കുന്നത്.

ഇന്ത്യൻ ടീമിനെ നയിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് ജീന. ഇതിനുമുമ്പ് സ്മൃതി രാധാകൃഷ്ണനാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. 2014 ഏഷ്യൻ ഗെയിംസിലായിരുന്നു സ്മൃതി ക്യാപ്റ്റനായത്.

ജീന കെഎസ്ഇബിക്കുവേണ്ടിയാണ് കളിക്കുന്നത്. സ്റ്റെഫിയും അഞ്ജനയും കെഎസ്ഇബി താരങ്ങളാണ്. തായ്ലൻഡിൽ നടന്ന വില്യം ജോൺസ് കപ്പിനുള്ള ഇന്ത്യൻ ടീമിലും ഇവർ ഇടംനേടിയിരുന്നു.

ഗ്രൂപ്പ് വൈയിൽ ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ കസാക്കിസ്ഥാനെ നേരിടും.
പുരുഷവിഭാഗത്തിൽ ഇന്ത്യ ടീമിനെ അയക്കുന്നില്ല.

വനിതാ ടീം: സ്റ്റെഫി നിക്സൺ, പി ജി അഞ്ജന, പി എസ് ജീന, പ്രിയങ്ക പ്രഭാകർ, രാജാ പ്രിയദർശിനി, മധു കുമാരി, സംഗീത കൗർ, ഷിറീൻ ലിമായെ, പുഷ്പ സെന്തിൽകുമാർ, രസ്പ്രീത് സിദ്ധു, നിഷി ശർമ. ഷീബ മഗൂൺ ആണ് കോച്ച്.
 

പ്രധാന വാർത്തകൾ
Top