22 November Thursday

ഗോവയ‌്ക്ക‌് ത്രസിപ്പിച്ച ജയം

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ഡൽഹി ഡൈനാമോസിനെതിരെ ഗോൾ നേടിയ ഫെർണാണ്ടസിന്റെ ആഹ്ലാദം


മഡ‌്ഗാവ‌്
അടിമുടി ആവേശം നിറഞ്ഞ മത്സരത്തിൽ എഫ‌്സി ഗോവ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ചു. ഇരുകൂട്ടരും കൊണ്ടും കൊടുത്തും അടരാടിയപ്പോൾ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ഗോവൻ ജയം. രണ്ടു തവണ മുന്നിൽ കടന്ന ഡൽഹിയെ അതിഗംഭീര തിരിച്ചുവരവിലൂടെ ഗോവ മലർത്തിയടിക്കുകയായിരുന്നു. ഗോവയ‌്ക്കായി എഡു ബേഡിയ ഇരട്ടഗോൾ നേടി. ബ്രൻഡൻ ഫെർണാണ്ടസാണ‌് മറ്റൊരു ഗോളടിച്ചത‌്. ബിക്രംജിത‌് സിങ്ങും ലാലിയൻസുവാല ചാങ്ങ‌്തെയുമാണ‌് ഡൽഹിയുടെ സ‌്കോറർമാർ. ഇതോടെ ആറു കളിയിൽനിന്ന‌് 13 പോയിന്റുമായി ഗോവ പട്ടികയിൽ ഒന്നാമതെത്തി. അഞ്ചു കളിയിൽനിന്ന‌് ഇതേ പോയിന്റുമായി ബംഗളൂരുവാണ‌് രണ്ടാമത‌്. ഗോൾ ശരാശരിയാണ‌് ഗോവയെ തുണച്ചത‌്. ഡൽഹി നാലു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ‌്.

വ്യാഴാഴ‌്ച ആക്രമണമായിരുന്നു ഇരുടീമും പുറത്തെടുത്ത തന്ത്രം. ലീഗിൽ ഫോമിൽ കളിക്കുന്ന ഗോവക്കെതിരെ മികച്ച തുടക്കം ലഭിച്ച ഡൽഹി ആവേശത്തിലായി. ആറാം മിനിറ്റിലാണ‌് ബിക്രംജിത്തിന്റെഗോളിൽ ഡൽഹി മുന്നിൽ കടന്നത‌്. ബോക‌്സിന്റെ അതിർത്തിയിൽനിന്ന‌ുള്ള അടി ഗോവ വലയിലേക്ക‌് വളഞ്ഞിറങ്ങുകയായിരുന്നു. ലീഡ‌് നേടിയത‌് ഉൗർജ്ജമാക്കിയ ഡൽഹി കനത്ത ആക്രമണം അഴിച്ചുവിട്ടു. ലീഗിൽ ഇതുവരെ മോശം ഫോമിലായിരുന്ന ടീം അടിമുടി മാറിയ കളിയാണ‌് എതിർതട്ടകത്തിൽ കാഴ‌്ചവച്ചത‌്. ആദ്യപകുതിയിൽ ഡൽഹി ഒരു ഗോൾ ലീഡ‌് നിലനിർത്തി.

നാലു ഗോൾ പിറന്ന രണ്ടാം പകുതിയായിരുന്നു ആവേശകരം. 54–-ാം മിനിറ്റിൽ ഗോവ സമനില പിടിച്ചു. എബു എഡിയായിരുന്നു ഈ ഗോളിനുടമ. എന്നാൽ, 16 മിനിറ്റിനകം ഡൽഹി വീണ്ടും മുന്നിൽ കടന്നു. ലാലിയൻസുവാലയുടെ ഗോൾ.

അവസാന പത്തുമിനിറ്റിൽ ഗോവ മാരകഫോമിലേക്കുയർന്നു. 82–-ാം മിനിറ്റിൽ ബ്രൻഡൻ ഫെർണാണ്ടസ‌് രണ്ടാമതും സമനിലയിൽ എത്തിച്ചു. അവസാനമിനിറ്റുകളിൽ പൊരിഞ്ഞുകളിച്ച ഗോവ 90 മിനിറ്റ‌് പൂർത്തിയാകാൻ ഒരു മിനറ്റ‌് ശേഷിക്കെ വിജയഗോൾ കുറിച്ചു. എഡു ബേഡിയയാണ‌് ഡൽഹിയുടെ നെഞ്ചുതകർത്തത‌്. 

വെള്ളിയാഴ‌്ച നോർത്ത‌് ഈസ‌്റ്റ‌് മുംബൈ സിറ്റിയെ നേരിടും.


പ്രധാന വാർത്തകൾ
Top