26 September Wednesday
ഇന്ത്യ‐ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന്‌: പകൽ 3.30 മുതൽ സോണി സിക്‌സ്‌, സോണി ടെൻ 3

ലോർഡ്‌സിൽ തീപാറും

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

അജിൻക്യ രഹാനെയും വിരാട്‌ കോഹ്‌ലിയും പരിശീലനത്തിനിടെ

ലോർഡ്സ്
എഡ്ജ്ബാസ്റ്റണിൽ ജയത്തിനരികെവച്ച് തോൽവിയിലേക്ക് വഴുതിവീണ ഇന്ത്യ ലോർഡ്സിൽ തിരുത്താനിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാംടെസ്റ്റ് ഇന്നുമുതലാണ്. എഡ്ജ്ബാസ്റ്റണിലെ 31 റൺ തോൽവിയുടെ നീറ്റലുണ്ട് ഇന്ത്യക്ക്. ബാറ്റ്സ്മാൻമാരുടെ പിഴവുകൾ ആദ്യടെസ്റ്റിൽ വിധിയെഴുതി. ലോർഡ്സിൽ തിരുത്തണം ഇന്ത്യക്ക്.

ലോർഡ്സിലെ പിച്ചും ആദ്യഘട്ടത്തിൽ പേസ് നിരയെ പുണരുന്നതാണ്. ആദ്യ രണ്ടുദിനം പേസർമാർ നിറഞ്ഞാടും. പിച്ചിൽ പച്ചപ്പുണ്ട്. രണ്ടുദിവസം കഴിഞ്ഞാൽ വരണ്ടുണങ്ങും. രണ്ട് സ്പിന്നർമാരുമായായിരിക്കും ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുക.

ബാറ്റ്സ്മാൻമാരുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് ആദ്യടെസ്റ്റിൽ ഇന്ത്യയെ ചതിച്ചത്. വീറോടെ പൊരുതിയ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രം പിടിച്ചുനിന്നു. ഒറ്റയാൾ പോരാട്ടം നടത്തിയിട്ടും കോഹ്ലിക്ക് ഇന്ത്യയെ ജയത്തിലെത്തിക്കാനായില്ല.

അജിൻക്യ രഹാനെയുടെ മോശം ഫോമാണ് തിരിച്ചടി. വിദേശ മണ്ണിൽ ഇന്ത്യയുടെ വിശ്വസ്തനായ രഹാനെ ആത്മവിശ്വാസമില്ലാതെ ഉഴറുകയാണ്. അവസാന ഏഴ് ടെസ്റ്റിൽ വെറും 10.72 ശതമാനമാണ് രഹാനെയുടെ ബാറ്റിങ് ശരാശരി. ഈ ടെസ്റ്റിൽ കൂടി പരാജയപ്പെട്ടാൽ രഹാനെയുടെ ടീമിലെ സ്ഥാനംതന്നെ ചോദ്യചിഹ്നമാകും. ഓപ്പണർ ശിഖർ ധവാനെ ഇന്ന് കളിപ്പിക്കാനിടയില്ല. വിദേശമണ്ണിൽ പിടിച്ചുനിൽക്കാൻ ഈ ഇടംകൈയന് കഴിയുന്നില്ല. ആദ്യടെസ്റ്റിൽ പുറത്തിരുന്ന ചേതേശ്വർ പൂജാരയെ പകരം കളിപ്പിക്കാനാണ് സാധ്യത. പൂജാര എത്തിയാൽ മുരളി വിജയിനൊപ്പം ലോകേഷ് രാഹുൽ ഇന്നിങ്സ് ആരംഭിക്കും.

വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികും ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തി. ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും ഭേദപ്പെട്ടതായിരുന്നില്ല. ഓൾ റൗണ്ടർ എന്ന നിലയിൽ പാണ്ഡ്യയുടെ സേവനം ശുഷ്കമാണ്. ബൗളിങ് മോശമായിരുന്നു. ബാറ്റ്സ്മാൻ എന്ന രീതിയിൽ ആദ്യടെസ്റ്റിൽ കോഹ്ലി കഴിഞ്ഞാൽ ഇന്ത്യയുടെ മികച്ച റൺവേട്ടക്കാരൻ പാണ്ഡ്യയായിരുന്നു. ഒരു അധിക ബാറ്റ്സ്മാനെ ഉൾപ്പെടുത്താനാണ് നീക്കമെങ്കിൽ പാണ്ഡ്യയോ പേസർ ഉമേഷ് യാദവോ ഒഴിഞ്ഞേക്കും. അധിക സ്പിന്നറെയാണ് ഉൾപ്പെടുത്തുന്നതെങ്കിൽ ഉമേഷിന് സ്ഥാനം നഷ്ടമാകും.

അധിക സ്പിന്നറായി കുൽദീപ് യാദവിനെ ഉൾപ്പെടുത്തണമെന്നാണ് മുൻ താരങ്ങളുടെ ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ രവീന്ദ്ര ജഡേജയ്ക്കാണ് സാധ്യത. പേസർമാരിൽ ഇശാന്ത് ശർമയും മുഹമ്മദ് ഷമിയും തിളങ്ങുന്നുണ്ട്.

ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇല്ലാത്തത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാകും. നിശാക്ലബ്ബിൽ വഴക്കുണ്ടായതിന്റെ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയാണ് സ്റ്റോക്സ്. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് തകർത്തത് സ്റ്റോക്സിന്റെ ബൗളിങ് പ്രകടനമായിരുന്നു. ഡേവിഡ് മലാന് പകരം ഇരുപതുകാരൻ ഒല്ലീ പോപ് ഇറങ്ങും. രണ്ട് സ്പിന്നർമാരെ ഇറക്കുകയാണെങ്കിൽ മൊയീൻ അലിയും ഇടംപിടിക്കും. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് ജയമൊരുക്കിയ ഓൾ റൗണ്ടർ സാം കറൻ ആണ് അപകടകാരി.

ടീം: ഇന്ത്യ‐ മുരളി വിജയ്, ശിഖർ ധവാൻ/ചേതേശ്വർ പൂജാര, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, ദിനേശ് കാർത്തിക്, ആർ അശ്വിൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ/ ഉമേഷ് യാദവ്, ഇശാന്ത് ശർമ, മുഹമ്മദ് ഷമി. ഇംഗ്ലണ്ട്: അലസ്റ്റയർ കുക്ക്, കീറ്റൺ ജെന്നിങ്സ്, ജോ റൂട്ട്, ഒല്ലീ പോപ്, ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, ക്രിസ് വോക്സ്/മൊയീൻ അലി, ആദിൽ റഷീദ്, സാം കറൻ, സ്റ്റുവർട്ട് ബ്രോഡ്, ജയിംസ് ആൻഡേഴ്സ്ൺ.
 

പ്രധാന വാർത്തകൾ
Top