10 December Monday

ഇന്ത്യക്ക്‌ 4 വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


കൊളംബോ> നിദഹാസ് ത്രിരാഷ്ട്ര ട്വന്റി‐20യുടെ രണ്ടാംമത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 139 റണ്ണെടുത്തു. തുടർച്ചയായ രണ്ടാം അരസെഞ്ചുറി നേടിയ ശിഖർ ധവാന്റെ (43 പന്തിൽ 55) മികവിൽ ഇന്ത്യ ഒരോവറും രണ്ടുപന്തും  ശേഷിക്കെ ലക്ഷ്യം കണ്ടു. സ്കോർ ബംഗ്ലാദേശ് 8‐139, ഇന്ത്യ 4‐140 (18.4)

ശ്രീലങ്കയ്ക്കെതിരെ തീർത്തും നിറംമങ്ങിയ ഇന്ത്യ ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പരിചയക്കുറവുള്ള ഇന്ത്യൻബൗളർമാർക്കെതിരെ പക്ഷേ ബംഗ്ലാ ബാറ്റ്സ്മാൻമാർക്ക് ആഞ്ഞടിക്കാനായില്ല. കൂറ്റനടിക്കാരായ തമിം ഇക്ബാലും (16 പന്തിൽ 15) സൗമ്യ സർകാറും 12 പന്തിൽ 14) വേഗം പുറത്തായി. ലിറ്റൺ ദാസും (30 പന്തിൽ 34) സാബിർ റഹ്മാനും (26 പന്തിൽ 30) മാത്രമാണ് ബംഗ്ലാനിരയിൽ ഭേദപ്പെട്ട പ്രകടനം  പുറത്തെടുത്തത്. ഇന്ത്യക്കുവേണ്ടി ജയ്ദേവ് ഉനദ്കട്ട് മൂന്നും വിജയ് ശങ്കർ രണ്ടും വിക്കറ്റെടുത്തു.
മറുപടിയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും നിരാശപ്പെടുത്തി. 13 പന്തിൽ 17 റണ്ണെടുത്ത് രോഹിതും 8 പന്തിൽ 7 റണ്ണുമായി യുവതാരം ഋഷഭ് പന്തും മടങ്ങി. മൂന്നാംവിക്കറ്റിൽ സുരേഷ് റെയ്നയും (27 പന്തിൽ 28) ധവാനും പിന്നീട് മനീഷ് പാണ്ഡെയും (19 പന്തിൽ 27*) ഇന്ത്യക്ക് ജയമൊരുക്കുകയായിരുന്നു. 12ന് ലങ്കയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. നാളെ ലങ്കയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും.

സ്കോർ

ബംഗ്ലാദേശ്: തമിം സി ഉനദ്കട്ട് ബി താക്കൂർ 15, സൗമ്യ സർകാർ സി ചഹാൽ ബി ഉനദ്കട്ട് 14, ലിറ്റൺ ദാസ് സി റെയ്ന ബി ചഹാൽ 34, മുഷ്ഫികുർ സി കാർത്തിക് ബി വിജയ് ശങ്കർ 18, മഹ്മുദുള്ള സി താക്കൂർ ബി വിജയ് ശങ്കർ 1, സാബിർ സി കാർത്തിക് ബി ഉനദ്കട്ട് 30, മെഹ്ദി സി പാണ്ഡെ ബി ഉനദ്കട്ട് 3, തസ്കിൻ 8*, റുബെൽ റണ്ണൗട്ട് റെയ്ന/താക്കൂർ 0, മുസ്താഫിസുർ 1*, എക്സ്ട്രാസ് 15, ആകെ 8‐139. ബൗളിങ്: ഉനദ്കട്ട് 4‐0‐38‐3, വാഷിങ്ടൺ 4‐0‐23‐0, താക്കൂർ 4‐0‐25‐1, ചഹാൽ 4‐0‐19‐1, വിജയ് 4‐0‐32‐2. ഇന്ത്യ: രോഹിത് ബി മുസ്താഫിസുർ 17, ധവാൻ  സി ലിറ്റൺ ബി തസ്കിൻ 55, പന്ത് ബി റുബെൽ 7, റെയ്ന സി മെഹ്ദി ബി റുബെൽ 28, മനീഷ് 27*, കാർത്തിക് 2*, എക്സ്ട്രാസ് 4. ആകെ 18.4 ഓവറിൽ 4‐140. ബൗളിങ്: മുസ്താഫിസുർ 4‐0‐31‐1, തസ്കിൻ 3‐0‐28‐1,  റുബെൽ 3.4‐0‐24‐2, മെഹ്ദി 4‐0‐21‐0, സൗമ്യ 1‐0‐8‐0, മഹ്മുദുള്ള 1‐0‐11‐0, നസ്മുൾ 2‐0‐15‐0.

പ്രധാന വാർത്തകൾ
Top