Top
19
Tuesday, December 2017
About UsE-Paper

രഞ്ജി: വിദര്‍ഭ 3-45

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ വിദര്‍ഭയുടെ രണ്ട് വിക്കറ്റെടുത്ത കേരളത്തിന്റെ കെ സി അക്ഷയിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

സൂറത്ത് > മോശം കാലാസ്ഥ കാരണം കളി തുടങ്ങാന്‍ വൈകിയെങ്കിലും രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്കെതിരായ ആദ്യദിനം കേരളം മികച്ച തുടക്കംകുറിച്ചു. സൂറത്തില്‍ 24 ഓവര്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇതിനുള്ളില്‍ വിദര്‍ഭയുടെ മൂന്ന് മുന്‍നിരവിക്കറ്റ് വീഴ്ത്താന്‍ കേരളത്തിനു കഴിഞ്ഞു. 45 റണ്ണാണ് വിദര്‍ഭയ്ക്ക് നേടാനായത്. രണ്ടു വിക്കറ്റുമായി കെ സി അക്ഷയ് തിളങ്ങി. ഒരെണ്ണം എം ഡി നിധീഷ് നേടി.

മറ്റ് ക്വാര്‍ട്ടര്‍മത്സരങ്ങളില്‍ മുംബൈക്കെതിരെ കര്‍ണാടകം മികച്ച തുടക്കംകുറിച്ചു. ക്യാപ്റ്റന്‍ വിനയ്കുമാറിന്റെ ഹാട്രിക് മികവില്‍ കര്‍ണാടകം മുംബൈയെ ഒന്നാം ഇന്നിങ്സില്‍ 173ന് പുറത്താക്കി. മറുപടിയില്‍ ഒന്നിന് 115 റണ്ണെടുക്കുകയും ചെയ്തു. വിനയ്കുമാര്‍ ആകെ ആറു വിക്കറ്റ് നേടി. ഡല്‍ഹിക്കെതിരെ മധ്യപ്രദേശ് ഒന്നാംദിനം ആറിന് 223 റണ്ണെടുത്തു. ഗുജറാത്തിനെതിരെ ബംഗാള്‍ ആറിന് 261 റണ്ണും എടുത്തു.

മഴയെത്തുടര്‍ന്ന് നനഞ്ഞ മൈതാനത്ത് കേരളവും വിദര്‍ഭയും തമ്മിലുള്ള മത്സരം ഏറെ വൈകിയാണ് ആരംഭിചത്. പകല്‍ മൂന്നിന് കളി തുടങ്ങി. ടോസ് നേടിയ വിദര്‍ഭ ക്യാപ്റ്റന്‍ ഫായിസ് ഫസല്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഈ സീസണില്‍ ഏഴു കളിയില്‍ 712 റണ്‍ അടിച്ചുകൂട്ടിയ ഫസലും 682 റണ്‍ നേടിയ സഞ്ജയ് രാമസ്വാമിയും ചേര്‍ന്നാണ് വിദര്‍ഭയുടെ ഇന്നിങ്സ് ആരംഭിച്ചത്. പക്ഷേ, കേരളത്തിന്റെ ബൌളിങ്നിര ഇരുവരെയും വിറപ്പിച്ചു. എട്ടാമത്തെ ഓവറില്‍ നിധീഷ് ഫാസിലിനെ അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. 23 പന്തില്‍ രണ്ട് റണ്‍ മാത്രമായിരുന്നു വിദര്‍ഭ ക്യാപ്റ്റന് നേടാനായത്.

ഇടംകൈയന്‍ സ്പിന്നര്‍ അക്ഷയുടേതായിരുന്നു അടുത്ത ഊഴം. മുന്‍ ഇന്ത്യന്‍താരം വസീം ജാഫറിനെ (12) നിലയുറപ്പിക്കുംമുമ്പെ അക്ഷയ് വീഴ്ത്തി. അരുണ്‍ കാര്‍ത്തിക്കിനുതന്നെയായിരുന്നു ക്യാച്ച്. സഞ്ജയും (17) അക്ഷയ്ക്കുമുന്നില്‍ പുറത്തായി. സച്ചിന്‍ ബേബി ക്യാച്ചെടുത്തു. ആദ്യദിനം ഏഴുവീതം റണ്ണുമായി ഗണേഷ് സതീഷും കരണ്‍ ശര്‍മയുമാണ് ക്രീസില്‍.

മുംബൈക്കെതിരെ തകര്‍പ്പന്‍ തുടക്കമായിരുന്നു കര്‍ണാടകത്തിന്. ഏഴ് റണ്ണെടുക്കുന്നതിനിടെ വിനയ്കുമാര്‍ ആഞ്ഞടിച്ചു. ആദ്യ ഓവറിന്റെ അവസാന പന്തില്‍ പൃഥ്വി ഷായെ (2) പുറത്താക്കിയ വിനയ്കുമാര്‍ മൂന്നാം ഓവറിന്റെ ആദ്യ രണ്ട് പന്തുകളില്‍ ഗോകുല്‍ ബിസ്റ്റ (1), ആകാശ് പര്‍കാര്‍ (0) എന്നിവരെയും മടക്കി ഹാട്രിക് സ്വന്തമാക്കി. രഞ്ജിയില്‍ ഹാട്രിക് നേടുന്ന ഏഴാമത്തെ ബൌളറാണ് വിനയ്കുമാര്‍. രണ്ടുതവണ വിനയ്കുമാര്‍ ഈ നേട്ടം കുറിച്ചു. ഒരുഘട്ടത്തില്‍ 8-95 എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ പേസര്‍ ധവാല്‍ കുല്‍കര്‍ണിയുടെ (75) പ്രകടനമാണ് 150 കടത്തിയത്.

മറുപടിക്കെത്തിയ കര്‍ണാടകത്തിന് 40 റണ്ണെടുത്ത രവികുമാര്‍ സമര്‍ഥിന്റെ വിക്കറ്റ് നഷ്ടമായി. 62 റണ്ണോടെ മയങ്ക് അഗര്‍വാളും 12 റണ്ണുമായി കൌനിയന്‍ അബ്ബാസും ക്രീസിലുണ്ട്.

 

Categories