Top
18
Wednesday, October 2017
About UsE-Paper

തുര്‍ക്കിയെ കിവീസ് പിടിച്ചുകെട്ടി

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

മുംബൈ > ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ശക്തരായ തുര്‍ക്കിയെ ഓഷ്യാനിയ മേഖലയില്‍നിന്നുള്ള ന്യൂസിലന്‍ഡ് സമനിലയില്‍ തളച്ചു (1-1). ലോകകപ്പില്‍ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയുമായെത്തിയ തുര്‍ക്കിയെ ന്യൂസിലന്‍ഡ് സംഘബലത്തില്‍ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യപകുതിയുടെ 18-ാം മിനിറ്റില്‍ തുര്‍ക്കിയുടെ അഹമ്മദ് കുറ്റുക ഈ ലോകകപ്പിലെ കന്നിഗോള്‍ കുറിച്ചു. മാക്സ് മാറ്റ സമനിലഗോള്‍ നേടി.  

ആദ്യപകുതിയുടെ തുടക്കം ഗോള്‍ നേടിയ തുര്‍ക്കി വിജയപ്രതീക്ഷ ഉണര്‍ത്തി. കളിയില്‍ ആധിപത്യവും തുര്‍ക്കിക്കായിരുന്നു. എന്നാല്‍, ഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ച ന്യൂസിലന്‍ഡ് രണ്ടാം പകുതിയില്‍ സമനിലഗോളും അതിലൂടെ വിലപ്പെട്ട ഒരു പോയിന്റും സ്വന്തമാക്കി.

ഇടതുപാര്‍ശ്വത്തില്‍ ലഭിച്ച കോര്‍ണര്‍ കെരേം കെസ്ഗിന്‍ ഉയര്‍ത്തിയടിച്ചപ്പോള്‍ പിന്നില്‍നിന്ന് ഉയര്‍ന്നുചാടിയ കുറ്റുകയുടെ  തലയില്‍നിന്ന് വെടിയുണ്ടപോലെ പന്ത് വലയില്‍ കയറി (1-0). ജര്‍മന്‍ ക്ളബ്ബായ ഷാല്‍കെയുമായി കരാറിലെത്തിയ താരം തുര്‍ക്കി ആക്രമണത്തിലെ കുന്തമുനയാണ്.

സന്നാഹമത്സരങ്ങളില്‍ ബ്രസീലിനെയും ഇംഗ്ളണ്ടിനെയും വിറപ്പിച്ച ന്യൂസിലന്‍ഡ് മോശക്കാരല്ലെന്ന് മുഖ്യവേദിയിലും തെളിയിച്ചു. തുര്‍ക്കി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ടീം ഒന്നായി പിന്നിലേക്കിറങ്ങി. ന്യൂസിലന്‍ഡിനായി കളംനിറഞ്ഞു കളിച്ച മാക്സ് മാറ്റതന്നെ അവരുടെ സമനിലഗോളും നേടി. ഒരു ഫ്രീകിക്കില്‍നിന്ന് എലിജ തട്ടിക്കൊടുത്ത പന്ത് ബോക്സിനു മധ്യത്തില്‍നിന്ന് പൊള്ളുന്ന ഇടംകാലന്‍ ഷോട്ടിലൂടെ മാറ്റ വലയിലാക്കി (1-1).

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Categories