19 December Wednesday

മാഞ്ചസ‌്റ്റർ സിറ്റി കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

ലിറോയ്‌ സാനെ


ലണ്ടൻ
ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ മാഞ്ചസ‌്റ്റർ സിറ്റിയുടെ കുതിപ്പ‌് തുടരുന്നു. ഒന്നിനെതിരെ രണ്ടുഗോളിന‌് പെപ‌് ഗ്വാർഡിയോളയുടെ സംഘം വാറ്റ‌്ഫോർഡ‌ിനെ കീഴടക്കി. ലിറോയ്‌ സാനെയും റിയാദ‌് മഹ‌്റെസ‌ും സിറ്റിക്കായി ലക്ഷ്യംകണ്ടു. രണ്ടാംപകുതിയുടെ അവസാനം അബ‌്ദുലയ‌്‌ ഡിക്കവർ വാറ്റ‌്ഫോർഡിനായി ഒരുഗോൾ തിരിച്ചടിച്ചു. ജയത്തോടെ 15 കളിയിൽനിന്ന‌് 41 പോയിന്റുള്ള സിറ്റി രണ്ടാമതുള്ള ലിവർപൂളുമായുള്ള പോയിന്റ‌് വ്യത്യാസം അഞ്ചാക്കി ഉയർത്തി.

റഹിം സ‌്റ്റെർലിങ്, ഇകായ‌് ഗുൻഡോവൻ, അയ‌്മെറിക്ക‌് ല‌പോർട്ടെ, പരിക്കേറ്റ സെർജിയോ അഗ്വേറോ എന്നിവർ ഇല്ലാതയാണ‌് ഗ്വാർഡിയോള വാറ്റ്‌ഫോർഡിനെതിരെ ടീമിനെ വിന്യസിച്ചത‌്. തുടക്കംമുതൽ പ്രതിരോധത്തിലൂന്നി കളിച്ച വാറ്റ‌്ഫോർഡ‌് സിറ്റിയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചു. ഇതിനിടെ ട്രോയ‌് ഡീനിക്ക‌് വാറ്റ‌്ഫോർഡിനെ മുന്നിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സിറ്റി ഗോളി എഡേഴ‌്സൺ രക്ഷപ്പെടുത്തി. ഇടവേളയ‌്ക്കു പിരിയുന്നതിനുതൊട്ടുമുമ്പ‌് സാനെ സിറ്റിയെ മുന്നിലെത്തിച്ചു. വലതുപാർശ്വത്തിൽനിന്ന‌് മഹ‌്റെസ‌് പൊക്കി നൽകിയ ക്രോസ‌് ജർമൻതാരം വലയിലെത്തിച്ചു. ഗോൾ നേടിയതോടെ കളിയുടെ നിയന്ത്രണം സിറ്റി ഏറ്റെടുത്തു. രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ ചാമ്പ്യൻമാർ ലീഡുയർത്തി.

ആദ്യഗോളിന‌് വഴിയൊരുക്കിയ മഹ‌്റെസിന്റെ വകയായിരുന്നു ഗോൾ. ഡേവിഡ‌് സിൽവയുടെയും ഗബ്രിയേൽ ജെസ്യൂസിന്റെയും സംയുക്ത നീക്കത്തിനൊടുവിൽ മഹ‌്റെസിന്റെ ഇടങ്കാൽ ഷോട്ട‌് വാറ്റ‌്ഫോർഡ‌് വലയിൽതുളച്ചു കയറി. ക‌ളിതീരാൻ നിമിഷങ്ങൾ ശേഷിക്കെ കൂട്ടപൊരിച്ചിലിനിടെയാണ‌് ഡിക്കവർ വാറ്റ‌്ഫോർഡിന്റെ ആശ്വാസഗോൾ നേടിയത‌്. 

മറ്റുമത്സരങ്ങളിൽ ഒന്നിനെതിരെ മൂന്നുഗോളിന‌് ബ്രൈറ്റൺ  ക്രിസ‌്റ്റൽ പാലസ‌ിനെയും വെസ‌്റ്റ‌് ഹാം കാർഡിഫ‌് സിറ്റിയെയും തകർത്തു. ബോണിമൗത്ത‌് 2–-1ന‌് ഹഡ്ഡേഴ്സ്ഫീല്‍ഡ് ടൗണിനെ തോൽപ്പിച്ചു.


പ്രധാന വാർത്തകൾ
Top