Top
18
Monday, December 2017
About UsE-Paper

ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക്സിന് നാളെ ഭോപ്പാലില്‍ തുടക്കം; കുതിപ്പിന് കേരളമെത്തി

Monday Nov 6, 2017
രജീഷ് ബാലന്‍

ഭോപാല്‍ > കായികകൌമാരകിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനായി കേരളസംഘം ഭോപാലില്‍ എത്തി. രണ്ടുമണിക്കൂറിലേറെ വൈകിയ കേരള എക്സ്പ്രസില്‍ പുലര്‍ച്ചെ അഞ്ചോടെയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ 63-ാമത് അണ്ടര്‍-17 ദേശീയ കായികമേളയ്ക്ക് ആതിഥേയത്വമരുളുന്ന ഇന്ത്യയുടെ ഹൃദയനഗരത്തിലെത്തിയത്.

ഭോപാല്‍ ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള സൂരജ്നഗറിലെ കല്യാണമണ്ഡപത്തിലാണ് കേരളസംഘത്തിന് താമസമൊരുക്കിയത്. പുലര്‍ച്ചെ 5.30 ഓടെ താമസസ്ഥലത്തെത്തിയ അത്ലീറ്റ്സ് സംഘം വൈകുന്നേരംവരെ വിശ്രമിച്ചു. പിന്നീട് അവിടന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ഗോരഗാവിലെ സായി കോംപ്ളക്സ് സ്റ്റേഡിയത്തില്‍ ആദ്യപരിശീലനത്തിന് ഇറങ്ങി. രണ്ടുമണിക്കൂര്‍ നേരത്തെ പരിശീലനത്തിനുശേഷം താമസസ്ഥലത്തേക്ക് മടങ്ങി. ഇന്ന് വൈകിട്ടും ടീം അവസാനവട്ട പരിശീലനത്തിന് വേദിയിലെത്തും.

മത്സരത്തിന് രണ്ടുദിവസം നേരത്തെ എത്തിയത് കുട്ടികള്‍ക്ക് കാലാവസ്ഥയോടും വേദിയോടും ഇണങ്ങാന്‍കൂടി വേണ്ടിയാണെന്ന് പരിശീലക എന്‍ പി ലിസി പറഞ്ഞു. കൂടുതല്‍ മികച്ച പ്രകടനത്തിന് അതു സഹായിക്കും. തണുപ്പ് കുട്ടികളെ ബാധിച്ചിട്ടില്ലെന്നും ലിസി പറഞ്ഞു.

നാളെ കൊടിയുയരുന്ന കൌമാരമേളയ്ക്കുവേണ്ടി ഗോരഗാവ് സ്റ്റേഡിയം ഇനിയും തയ്യാറായിട്ടില്ല. ഫീല്‍ഡില്‍ വളര്‍ന്നുനിന്നിരുന്ന കുറ്റിച്ചെടികളും പുല്‍പ്പടര്‍പ്പും വെട്ടിനീക്കുന്നതിന്റെ തിരക്കിലാണ് അധികൃതര്‍. എന്നാല്‍, ചൊവ്വാഴ്ചയാകുമ്പോഴേക്കും ട്രാക്കും ഫീല്‍ഡും മത്സരങ്ങള്‍ക്കായി പൂര്‍ണസജ്ജമാകുമെന്ന് എസ്ജിഎഫ്ഐ അധികൃതര്‍ വ്യക്തമാക്കി.

Categories