21 September Friday

സാഫ്‌ കപ്പ്‌ ഫുട്‌ബോൾ : ലങ്കയെ തകർത്ത്‌ ഇന്ത്യ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

ധാക്ക
സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയുടെ യുവ ടീമിന് മികച്ച തുടക്കം. ആദ്യകളിയിൽ ശ്രീലങ്കയെ രണ്ട് ഗോളിന് തോൽപ്പിച്ചു. മലയാളി താരം ആഷിഖ് കുരുണിയനും ലല്ലിയാൻസുവാല ചങ്തെയുമാണ് ഇന്ത്യക്കുവേണ്ടി ഗോളടിച്ചത്. ഞായറാഴ്ച മാലദ്വീപുമായിട്ടാണ് ഇന്ത്യയുടെ രണ്ടാമത്തെ കളി.
ലങ്കയ്ക്കെതിരെ ഇന്ത്യയുടെ തുടക്കം പതുക്കെയായിരുന്നു. കളി പുരോഗമിക്കുംതോറും ഇന്ത്യൻ താരങ്ങൾ മിടുക്കുകാട്ടി. ഇരുപാർശ്വങ്ങളിലും ആഷിഖും ചങ്തെയുമാണ് കളി നിയന്ത്രിച്ചത്. മധ്യനിരയും തിളങ്ങി. പ്രതിരോധത്തിൽ ക്യാപ്റ്റൻ സുഭാശിഷ് ബോസ് ലങ്കയ്ക്ക് അവസരങ്ങൾ നൽകിയില്ല.

ആദ്യഘട്ടത്തിൽ ചങ്തെയ്ക്ക് സുവർണാവസരം ലഭിച്ചു. ബോക്സിന് അരികെവച്ച് കിട്ടിയ അവസരം ചങ്തെ പുറത്തേക്കടിച്ച് കളയുകയായിരുന്നു. ഫാറൂഖ് ചൗധരിക്കും തുടക്കത്തിൽ നിയന്ത്രണം കിട്ടിയില്ല.

ആദ്യപകുതി അവസാനിക്കുംമുമ്പ് ഇന്ത്യ ലീഡ് നേടി. വലതുവശത്ത് ആഷിഖ് ലങ്കൻ പ്രതിരോധക്കാരെ മറികടന്ന് വലകുലുക്കി. തുടർന്ന് നിരന്തരം ഇന്ത്യൻ മുന്നേറ്റക്കാർ ആക്രമണം നടത്തി. ലങ്കൻ ഗോൾ കീപ്പർ സുജൻ പെരേരയുടെ മികവാണ് ഇന്ത്യയെ തടഞ്ഞത്. ഇടവേളയ്ക്കുശേഷം ചങ്തെയുടെ തകർപ്പൻ ഗോളിലൂടെ ഇന്ത്യ ജയം പൂർത്തിയാക്കി.


പ്രധാന വാർത്തകൾ
Top