16 July Monday

കലിക്കറ്റും കണ്ണൂരും സെമിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

തേഞ്ഞിപ്പലം > അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ കലിക്കറ്റ് സര്‍വകലാശാലയും കണ്ണൂരും സെമിഫൈനലില്‍ കടന്നു. പഞ്ചാബ് സര്‍വകലാശാലയും പഞ്ചാബി സര്‍വകലാശാലയുമാണ് സെമിയിലെത്തിയ മറ്റ് രണ്ട് ടീമുകള്‍.

കലിക്കറ്റ് ക്വാര്‍ട്ടറില്‍ ഷില്ലോങ് നോര്‍ത്ത് ഈസ്റ്റ് ഹില്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് തകര്‍ത്തത്. കലിക്കറ്റിനുവേണ്ടി വി കെ അഫ്ദല്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാമത്തെ ഹാട്രിക് തികച്ചു. ലീഗ്റൌണ്ടില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെതന്നെ ഹാട്രിക് നേടിയ ഈ മമ്പാട് എംഇഎസ് താരം ചൊവ്വാഴ്ച സാമ്പല്‍പുര്‍ സര്‍വകലാശാലയുമായുള്ള മത്സരത്തില്‍ ഹാട്രിക്കടക്കം അഞ്ച് ഗോളടിച്ചിരുന്നു. 17, 25, 40 മിനിറ്റുകളിലാണ് നോര്‍ത്ത് ഈസ്റ്റിനെതിരെ അഫ്ദല്‍ ഹാട്രിക് തികച്ചത്. ശേഷിച്ച രണ്ടു ഗോള്‍ അനുരാഗ് സ്വന്തം പേരില്‍ ചേര്‍ത്തു.

ഗ്വാളിയോര്‍ എല്‍എന്‍യുപിഇ സര്‍വകലാശാലയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെമി ബര്‍ത്ത് നേടിയത്. 47-ാം മിനിറ്റില്‍ റിവാന്‍ അലി കണ്ണൂരിന്റെ വിജയഗോള്‍ സ്വന്തമാക്കി. പഞ്ചാബി സര്‍വകലാശാല ക്വാര്‍ട്ടറില്‍ ജിഎന്‍ഡിയു അമൃത്സറിനെ തോല്‍പ്പിച്ചു (2-1). പഞ്ചാബ് സര്‍വകലാശാല ശിവജി സര്‍വകലാശാലയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു. സെമിയില്‍ ഇന്ന് പഞ്ചാബി സര്‍വകലാശാല കണ്ണൂരിനെയും പഞ്ചാബ് സര്‍വകലാശാല ആതിഥേയരായ കലിക്കറ്റിനെയും നേരിടും. വെള്ളിയാഴ്ചയാണ് ഫൈനല്‍.

പ്രധാന വാർത്തകൾ
Top