കൊച്ചി > കേരള ബ്ളാസ്റ്റേഴ്സ് പരിശീലകന് റെനെ മ്യുലെന്സ്റ്റീന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഐഎസ്എല്‍ നാലാംപതിപ്പില്‍ ടീം മോശം പ്രകടനം തുടരുന്നതിനിടെയാണ് ഈ അമ്പത്തിമൂന്നുകാരന് രാജിവച്ചത്. ടീമിനകത്ത് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍ പരസ്പരധാരണയിലാണ് മ്യുലെന്സ്റ്റീന് സ്ഥാനമൊഴിഞ്ഞതെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി. മാനേജ്മെന്റിനോടും കളിക്കാരോടും ആരാധകരോടും മ്യുലെന്സ്റ്റീന് നന്ദി പറഞ്ഞു. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബ്ളാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി അറിയിച്ചു. നാളെ എഫ്സി പുണെ സിറ്റിയുമായിട്ടാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത കളി. സഹപരിശീലകന്‍ താങ്ബോയ് സിങ്തോയ്ക്കാണ് താല്‍ക്കാലിക ചുമതല.
ഐഎസ്എല്‍ നാലാംപതിപ്പില്‍ ഇതുവരെ താളംകണ്ടെത്താന്‍ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മ്യുലെന്‍സ്റ്റീന്റെ രാജി. അവസാനമത്സരത്തില്‍ ബംഗളൂരു എഫ്സിയുമായി തോറ്റതോടെ മ്യുലെന്സ്റ്റീന് പുറത്തുപോകുമെന്ന സൂചനയുണ്ടായി. ടീമിന്റെ പ്രകടനം വിമര്‍ശിക്കപ്പെട്ടു. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകന് അലക്സ് ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ ഡച്ചുകാരന്. ഇതാദ്യമായല്ല ഒരു സീസണിന്റെ പാതിഘട്ടത്തില്വച്ച് ബ്ളാസ്റ്റേഴ്സിന് പരിശീകലനെ നഷ്ടമാകുന്നത്. 2015 ഇംഗ്ളീഷുകാരന് പീറ്റര്‍ ടെയ്ലറെ ബ്ളാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു.
പ്രതീക്ഷയോടെയാണ് ബ്ളാസ്റ്റേഴ്സ് ഈ സീസണ് ആരംഭിച്ചത്. യുണൈറ്റഡിന്റെ മുന്‍ താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൌണ്‍ എന്നിവര്‍ ടീമിന്റെ ഭാഗമായി. പക്ഷേ, കളി മോശമായിരുന്നു. ഏഴ് കളിയില്‍ ഒരു ജയംമാത്രമാണ് ഇതിനിടെ നേടാനായത്. ഏഴില്‍ അഞ്ചു കളികളും സ്വന്തം തട്ടകമായ കൊച്ചിയില്‍വച്ചായിരുന്നു. ഇതില്‍ മൂന്ന് കളി സമനിലയിലായി. ഒരെണ്ണം തോറ്റു. ജയിച്ചത് ഒരെണ്ണം. ടീമിന് ഒത്തൊരുമയുണ്ടായില്ല. ബെര്‍ബറ്റോവും സഹകളിക്കാരും തമ്മില്‍ അടുപ്പമുണ്ടായിരുന്നില്ല. ഇതിനിടെ ബെര്‍ബറ്റോവിന് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് കളികളില്‍ ഈ ബള്ഗേറിയക്കാരന് കളിച്ചില്ല. വെസ് ബ്രൌണാകട്ടെ മൂന്ന് കളികളിലാണ് ഈ സീസണില്‍ ആകെ കളിച്ചത്. ഗോള്‍ കീപ്പര്‍ പീറ്റര്‍ റെചുകയുടെ പ്രകടനവും മോശമാണ്. മ്യുലെന്സ്റ്റീന് മടങ്ങിയതോടെ ബെര്‍ബറ്റോവും വെസ് ബ്രൌണും തുടരുമോയെന്ന കാര്യവും സംശയത്തിലായി.
യുണൈറ്റഡിന്റെ സഹപരിശീലകനായിരുന്ന മ്യുലെന്സ്റ്റീന് സ്വതന്ത്ര പരിശീലകനായതിനുശേഷം വലിയ നേട്ടങ്ങളൊന്നുമില്ല. 2012-13 സീസണില്‍ റഷ്യന്‍ ക്ളബ് ആന്‍സി മഖഷ്കാലയുടെ പരിശീലകനായി ഗസ് ഹിഡിങ്കിന് പകരം സ്ഥാനമേറ്റെടുത്തു. പക്ഷേ, 16 ദിവസംമാത്രമേ പൂര്‍ത്തിയാക്കാനായുള്ളൂ. പുറത്താക്കുകയായിരുന്നു. 2013 നവംബറില്‍ ഫുള്ഹാമിലെത്തി. മൂന്ന് മാസത്തിനുള്ളില്‍ ഫുള്‍ഹാമില്‍നിന്ന് ഒഴിവാക്കി. ഇസ്രയേലി ക്ളബ് മക്കാബി ഹയ്ഫയിലെത്തിയെങ്കിലും ഇവിടെയും ഏറെനാള്‍ തുടരാനായില്ല. ആറുമാസം പരിശീലിപ്പിച്ചശേഷം രാജിവച്ചു.
വിജയിക്കാത്ത പരിശീലകന്
കൊച്ചി > മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായിരുന്നെങ്കിലും റെനെ മ്യുലെന്സ്റ്റീന് മികച്ച ഫലങ്ങള്‍ ഇല്ല. സ്വതന്ത്രമായി പരിശീലിപ്പിച്ച ക്ളബുകളില്‍ പരാജയമായിരുന്നു. യുണൈറ്റഡില്‍ അലക്സ് ഫെര്‍ഗൂസനൊപ്പം മികച്ച നേട്ടങ്ങളുണ്ടാക്കി. പക്ഷേ, അതിനുമുമ്പും ശേഷവും തിളങ്ങാനായില്ല. വിവിധ ക്ളബ്ബുകളിലായി ആകെ 81 കളികളിലാണ് ഈ 53കാരന് പരിശീലകനായത്. ഇതില്‍ ജയിക്കാനായത് വെറും 23 കളികളില്‍. 29 വീതം സമനിലയും തോല്‍വിയും. മ്യുലെന്സ്റ്റീന് പരിശീലിപ്പിച്ച ക്ളബ്ബുകള്‍.
* ബ്രോണ്ട്ബി ഐഎഫ്- 2006ലാണ് മ്യുലെന്സ്റ്റീന് ഡെന്മാര്ക്ക് ക്ളബ്ബ് ബ്രോണ്ട്ബി ഐഎഫിലെത്തുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു കരാര്‍. ആറ് മാസത്തിനുള്ളില്‍ രാജിവച്ചു.
* ആന്‍സി മഖഷ്കാല- 2013ലാണ് റഷ്യന്‍ ക്ളബ്ബിലെത്തുന്നത്. 16 ദിവസം മാത്രംനിന്നു. മോശം പ്രകടനംകാരണം പുറത്താക്കി.
* ഫുള്‍ഹാം- 2013 നവംബറിലാണ് ഫുള്‍ഹാമിന്റെ പരിശീലകനാകുന്നത്. ഫെബ്രുവരിയില്‍ മ്യുലെന്സ്റ്റീനുമായുള്ള കരാര്‍ ക്ളബ്ബ് റദ്ദാക്കി. 17 കളിയില്‍ നാലെണ്ണത്തില്‍ മാത്രമാണ് മ്യുലെന്സ്റ്റീന് ജയം നേടാനായത്.
* മക്കാബി ഹയ്ഫ- ഇസ്രയേല്‍ ക്ളബ്ബ് മാക്കി ഹയ്ഫയില് എത്തുന്നത് 2016 ആഗസ്തില്‍. ആറ് മാസത്തിനുള്ളില്‍ രാജിവച്ചു. 23 കളികളില്‍ നേടിയത് എട്ട് ജയം.
2015ല്‍ ടെയ്ലര്, 2018ല്‍ മ്യുലെന്സ്റ്റീന്
കൊച്ചി > ലീഗ് തുടങ്ങി നാല് വര്‍ഷം തികയുമ്പോഴേക്കും രണ്ട് പരിശീലകരെയാണ് കേരള ബ്ളാസ്റ്റേഴ്സ് ഒഴിവാക്കിയത്. ആദ്യ സീസണില്‍ ഡേവിഡ് ജെയിംസായിരുന്നു പരിശീ ലകന്. ബ്ളാസ്റ്റേഴ്സ് ഫൈനല്‍വരെ മുന്നേറി.
അടുത്തവര്‍ഷം ഡേവിഡ് ജെയിംസ് കരാര്‍ പുതുക്കിയില്ല. ഇംഗ്ളണ്ടിന്റെ അണ്ടര്‍ 20 കോച്ച് പീറ്റര്‍ ടെയ്ലറിനെ കൊണ്ടുവന്നു. ആദ്യകളി ജയിച്ചുതുടങ്ങിയ ടെയ്ലര്‍ക്ക് പിന്നെ പിഴച്ചു. തുടര്‍ച്ചയായ നാല് കളികളില്‍ ടീം തോറ്റു. ഇതോടെ ഈ ഇംഗ്ളീഷുകാരന് പുറത്തായി. സഹപരിശീലകന്‍ ട്രെവര്‍ മോര്‍ഗനുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അതിന് ആക്കംകൂട്ടി. ഒരുകളിയില്‍ മോര്ഗന് ടീമിനെ നയിച്ചു. പക്ഷേ, പിന്നാലെ ടെക്നിക്കല്‍ ഡയറക്ടര്‍ ടെറി ഫെലാനെ ബ്ളാസ്റ്റേഴ്സ് പരിശീലകനാക്കി. 2016ല്‍ മറ്റൊരു ഇംഗ്ളീഷുകാരന് സ്റ്റീവ് കൊപ്പലെത്തി. ടീം ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ കൊപ്പലിന്റെ കരാര്‍ നീട്ടാന്‍ ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റ് വിസമ്മതിച്ചു. തുടര്‍ന്ന് മ്യുലെന്സ്റ്റീനെത്തി.