15 November Thursday

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ശ്രീകാന്ത്, സിന്ധു, സായ്‌ മുേന്നാട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018



നാൻജിങ്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധു, കെ ശ്രീകാന്ത്, സായ് പ്രണീത് എന്നിവർക്ക് ജയം. മലയാളി താരം എച്ച് എസ് പ്രണോയ് റാങ്കിങ്ങിൽ പിന്നിലുള്ള താരത്തോട് അപ്രതീക്ഷിത തോൽവി വഴങ്ങി. സമീർ വർമ സൂപ്പർതാരം ലിൻ ഡാനോട് അടിയറവ് പറഞ്ഞു. ഇന്ത്യയുടെ അവശേഷിച്ച പുരുഷ, വനിതാ ഡബിൾസ് ടീമുകളും ബുധനാഴ്ച പരാജയം ഏറ്റുവാങ്ങി.

ഇന്തോനേഷ്യയുടെ ഫിട്രിയാനിയെയാണ് ലോക മൂന്നാം നമ്പർ താരം പി വി സിന്ധു കീഴടക്കിയത് (21‐14, 21‐9). 35 മിനിറ്റിൽ മത്സരം അവസാനിപ്പിച്ച സിന്ധു പ്രീക്വാർട്ടറിൽ കടന്നു. കടുത്ത പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് സ്പെയ്നിന്റെ പാബ്ലോ അബിയനെ തോൽപ്പിച്ചത് (21‐15, 12‐21, 21‐14). ആദ്യ സെറ്റ് ശ്രീകാന്ത് അനായാസം നേടി. രണ്ടാം സെറ്റിൽ അപ്രതീക്ഷിത ചെറുത്തുനിൽപ്പ് നടത്തിയ അബിയനു മുന്നിൽ പതറിയെങ്കിലും അവസാന സെറ്റിൽ ശ്രീകാന്ത് ഫോമിലേക്കുയർന്നു. സായ് പ്രണീത് സ്പെയ്നിന്റെ തന്നെ ലൂയിസ് എൻറിക്വെയെ കീഴടക്കി (21‐18, 21‐11).

ലോക 11‐ാം റാങ്കുകാരനായ പ്രണോയ്യുടെ തോൽവി അപ്രതീക്ഷിതമായിരുന്നു. ബ്രസീലിൽനിന്നുള്ള 39‐ാം റാങ്കുകാരൻ ഗോർ കോലോയ്ക്കു മുന്നിലാണ് പ്രണോയ്ക്ക് അടിതെറ്റിയത് (21‐8, 12‐21, 14‐21).

ആദ്യ സെറ്റ് അനായാസം നേടിയ പ്രണോയ്ക്ക് പിന്നീട് തൊട്ടതെല്ലാം പിഴച്ചു. രണ്ടും മൂന്നും സെറ്റ് എതിരാളി അനായാസം നേടി. സമീർ വർമ ലിൻ ഡാനു മുന്നിൽ എളുപ്പം കീഴടങ്ങി (21‐17, 21‐14).

പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ്‐ചിരാഗ് ഷെട്ടി സഖ്യം ഡെന്മാർക്ക് സഖ്യത്തോടും മനു അത്രിയും സുമീത് റെഡ്ഡിയും ജപ്പാൻ സഖ്യത്തോടും പരാജയപ്പെട്ടു.

വനിതാ ഡബിൾസിൽ അശ്വനി പൊന്നപ്പയും സിക്കി റെഡ്ഡിയും ജപ്പാൻ സഖ്യത്തോട് തോറ്റു. വ്യാഴാഴ്ച സിന്ധു ഹ്യൂങ് ജി സങ്ങിനെയും സൈന ലോക നാലാം സീഡ് രച്നോക് ഇന്റനോണിനെയും നേരിടും.

ശ്രീകാന്തിന് ഡാരൻ ല്യൂവും സായ് പ്രണീതിന് ഹാൻസ് ക്രിസ്റ്റ്യനുമാണ് എതിരാളികൾ.

പ്രധാന വാർത്തകൾ
Top