14 November Wednesday

ഈ കൈകളിൽ സ്പെയ്ൻ പിടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018


നിഷ്നി
ഏതു പ്രതിസന്ധിയിലും സമചിത്തത കൈവിടാത്തവൻ. ഇഗോർ വ്ളാഡിമർ അക്കിൻഫീവ് എന്ന ഗോൾകീപ്പർ കളിക്കളത്തിൽ അറിയപ്പെടുന്നത് അങ്ങനെയാണ്. ഈ വിശേഷണത്തിന് താൻ അർഹനാണെന്ന് ശനിയാഴ്ച രാത്രി നിഷ്നി അറീനയിൽ അക്കിൻഫീവ് ഒരിക്കൽകൂടി തെളിയിച്ചു. 

സ്പെയ്നിന്റെ ആക്രമണങ്ങൾ തടയാൻ ഈ നായകൻ മുന്നിൽനിന്നു. ടൈബ്രേക്കിൽ ഭയപ്പെടുത്തുന്ന ഏകാന്തതയൊന്നും ഈ ആറടി ഒരിഞ്ചുകാരന് വിഷയമായിരുന്നില്ല. സ്പെയ്നിന്റെ രണ്ട് കിക്കുകൾ തട്ടിയകറ്റിയ അക്കിൻഫീവ്് റഷ്യയുടെ സൂപ്പർ ഹീറോയായി. ലെവ് യാഷിനും റിനഫ് ദസയേവിനും ശേഷം വലകാക്കുന്ന മഹാരഥന്മാരുടെ നിരയിലേക്ക് ഒരു പേരു കൂടി അവർ ചേർത്തു. 

സ്പെയ്നിനെതിരെ മികച്ച സേവുകൾ നടത്തിയ അക്കിൻഫീവ് സഹതാരങ്ങൾക്ക് പ്രചോദനമായി. മത്സരത്തിൽ ഒമ്പതു സേവുകൾ ഈ കാവൽക്കാരൻ നടത്തി. ഇസ്കോയും ഇനിയസ്റ്റയും അസ്പാസും തളർന്നത് ഈ മുപ്പത്തിരണ്ടുകാരന്റെ കൈക്കരുത്തിനു മുന്നിലാണ്. 

അക്കിൻഫീവ് 2004 മുതൽ റഷ്യൻ ടീമിലുണ്ട്. സിഎസ്കെഎ മോസ്കോയുടെ വല കാത്തത് 500 മത്സരങ്ങളിൽ. 2017 ലാണ് ദേശീയ ടീമിന്റെ നായകത്വം ഏറ്റെടുത്തത്. ഈ ലോകകപ്പിന്റെ തുടക്കംമുതൽ അക്കിൻഫീവ് മികച്ച ഫോമിലായിരുന്നു.

പൂച്ചയെ പോലെയാണ് അക്കിൻഫീവിന്റെ റിഫ്ളക്സുകൾ എന്നാണ് പറയുന്നത്. വായുവിൽ അസാമാന്യമാണ് വേഗം. ക്രോസുകളും ത്രൂബോളുകളും പിടിച്ചെടുക്കാൻ നല്ല മിടുക്കുണ്ട്. എപ്പോഴും ഗോൾവരയിൽ കൃത്യസ്ഥാനത്ത് നിൽക്കുന്ന അക്കിൻഫീവിനെ കീഴടക്കാൻ എതിരാളികൾ വിഷമിക്കും.


പതിനാറാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോൾ കളിച്ചുതുടങ്ങിയ അക്കിൻഫീവ് ലോകത്തെ ഒന്നാം നമ്പർ ഗോളിയാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, പരിക്കുകൾ തിരിച്ചടിയായി.

2014 ലോകകപ്പിൽ കൊറിയൻ താരത്തിന്റെ ഷോട്ട് കൈയിൽനിന്ന് വഴുതി ഗോളായതോടെ വില്ലനായി മാറിയിരുന്നു. അതിനുള്ള പ്രായശ്ചിത്തമായി സ്പെയ്നിനെതിരായ പ്രകടനം.

പ്രധാന വാർത്തകൾ
Top