22 November Thursday

ഇനി എല്ലാം ഈ കൈയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

ലോകകപ്പിൽ 17‐ാം തവണ
മികച്ച പ്രകടനം‐ 1978ലും 1986ലും ചാമ്പ്യൻമാർ
2014ൽ ഫൈനലിൽ തോറ്റു
യോഗ്യത‐ ലാറ്റിനമേരിക്കൻ മേഖലയിൽ മൂന്നാമത്.
മത്സരക്രമം‐ ജൂൺ 16 ഐസ്ലൻഡ്, ജൂൺ 21 ക്രൊയേഷ്യ, ജൂൺ 26 നൈജീരിയ.
പരിശീലകൻ‐ ഹോർജെ സാമ്പവോളി
ക്യാപ്റ്റൻ‐ ലയണൽ മെസി
പ്രധാന കളിക്കാർ‐ മെസി, സെർജിയോ അഗ്വേറോ, ഗൊൺസാലോ ഹിഗ്വെയ്ൻ, പാവ്ലോ ഡിബാല
പ്രതീക്ഷിത ടീം ഘടന‐ 4‐2‐3‐1. ഫ്രാങ്കോ അർമാനി; മെർക്കാഡോ, ഒട്ടമെൻഡി, ഫെഡറികോ ഫാസിയോ, നിക്കോളാസ് തഗ്ലിയാഫിക്കോ, ബിഗ്ലിയ, എവർ ബനേഗ; ഏഞ്ചൽ ഡി മരിയ, മെസി, ഡിബാല; അഗ്വേറോ.

 ലയണൽ മെസി എന്ന അത്ഭുതത്തിന്റെ അവസാന ലോകകപ്പാകും ഇത്. റഷ്യയിൽ പന്തുരുളുമ്പോൾ മെസിക്ക് 31 തികയും. മരിയോ കെംപെസ് 78ലും ദ്യോഗോ മാറഡോണ 86ലും ഉയർത്തിപ്പിടിച്ച കപ്പ് മെസിക്ക് ഉയർത്താനാകുമോ? മെസിയുടെ കാലിലാണ് അർജന്റീന. ബാഴ്സലോണയ്ക്കുവേണ്ടി എല്ലാം നേടിയ ഈ മാന്ത്രികന് അർജന്റീനയ്ക്കുവേണ്ടി ഒന്നും നേടാനാകാതെ ബൂട്ടഴിക്കേണ്ടിവരും. ബാഴ്സയെ നാലുതവണ ചാമ്പ്യൻസ് ലീഗ് ചമ്പ്യൻമാരാക്കി. ഒമ്പതുതവണ സ്പാനിഷ് ലീഗ് ചാമ്പ്യൻമാരാക്കി. 383 ഗോൾ. 149 ഗോളിന് വഴിതുറക്കൽ. ഇങ്ങനെ ബാഴ്സയിൽ നിറഞ്ഞ മെസി അർജന്റീനയുടെ ഫുട്ബോൾതാളുകളിൽ പേര് പതിപ്പിച്ചിട്ടില്ല. ചുണ്ടോടടുത്തപ്പോൾ കപ്പ് തെറിച്ചുപോയി. 2014ൽ ഫൈനലിൽ തോറ്റു. 2015ലും 2016ലും കോപ അമേരിക്കയുടെ ഫൈനലിലും തോറ്റു. രാജ്യാന്തരവേദിയിൽ ശൂന്യത. അത് നികത്താനാണ് റഷ്യയിൽ മെസിയുടെ ശ്രമം.

മുന്നേറ്റത്തിൽ സമ്പന്നമാണ് അർജന്റീന. അഗ്വേറോയുണ്ട്, ഡിബാലയുണ്ട്, ഹിഗ്വെയ്നുണ്ട്. ഗോളടിക്കുന്നതിൽ പിഴവുമില്ല. കഴിഞ്ഞദിവസം സൗഹൃദമത്സരത്തിൽ ഹെയ്തിയെ തോൽപ്പിച്ചത് 4‐0ത്തിനാണ്. ഇതിൽ മെസിയുടെ ഹാട്രിക്കും ഉണ്ട്. പ്രതിരോധത്തിലാണ് അർജന്റീനയ്ക്ക് തെറ്റുന്നത്. ബിഗ്ലിയക്കും മഷരാനോയ്ക്കും പ്രായമായി. ഒട്ടമെൻഡിയും മാർക്കോസ് റോജോയും ഇണങ്ങേണ്ടിയിരിക്കുന്നു. ഒന്നാം നമ്പർ ഗോളി സെർജിയോ റൊമേറോ പരിക്കുമൂലം പിന്മാറി.

യോഗ്യതാമത്സരത്തിൽ മികച്ച പ്രകടനമായിരുന്നില്ല. മൂന്നാമതായി യോഗ്യത നേടിയെങ്കിലും നന്നായി വിയർത്തു. ഇതിനിടയിൽ രണ്ട് പരിശീലകർ മാറി. ജെറാർഡോ മാർടിനോ രാജിവച്ചു. എഡ്വേർഡോ ബൗസയെ പുറത്താക്കി. മൂന്നാമതായാണ് സാമ്പവോളി വന്നത്. സാമ്പവോളി ടീമിനെ തേച്ചുമിനുക്കി. യോഗ്യതാമത്സരം അർജന്റീന തുടങ്ങിയത് സ്വന്തം മൈതാനിയിൽ ഇക്വഡോറിനോട് തോറ്റാണ്. (1‐2). അതെ, ഇക്വഡോറിനെ അവരുടെ മണ്ണിൽ 3‐1ന് തോൽപ്പിച്ച് അവസാന മിനിറ്റിൽ യോഗ്യത ഉറപ്പാക്കി.

സാമ്പവോളിയും ആശ്രയിക്കുന്നത് മെസിയെതന്നെയാണ്. മെസിയില്ലാത്ത അർജന്റീന എന്താകുമെന്ന് സ്പെയ്നുമായുള്ള സൗഹൃദമത്സരം തെളിയിച്ചു. 1‐6നാണ് തോറ്റത്. റഷ്യയിൽ അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ സ്പെയ്നുമായി അർജന്റീന ക്വാർട്ടർ കളിക്കേണ്ടിവരും. മെസിക്ക് ഒറ്റയ്ക്ക് സ്പെയ്നെ കീഴ്പ്പെടുത്താനായില്ലെങ്കിൽ അവിടെ തീരും അർജന്റീന.

പ്രധാന വാർത്തകൾ
Top