15 November Thursday

നെയ്‌മർ.. ആശങ്ക തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018


ലണ്ടൻ
നെയ് മറിന്റെ പരിക്കിൽ വീണ്ടും ആശങ്ക. ബ്രസീലിന്റെ പ്രധാന ടീമുമൊത്തുള്ള പരിശീലനത്തിൽനിന്ന് നെയ്മർ പിന്മാറി.
ലണ്ടനിൽ ടോട്ടനം ഹോട്സ്പറിന്റെ മൈതാനിയിലാണ് ബ്രസീൽ ഇപ്പോൾ പരിശീലനം നടത്തുന്നത്. മേയ് 27നാണ് ടീം ലണ്ടനിലെത്തിയത്. 100 ശതമാനം ആരോഗ്യവാനായില്ല എന്ന് ലണ്ടനിലേക്ക് പുറപ്പെടുംമുമ്പ് നെയ്മർ അറിയിച്ചിരുന്നു. ബ്രസീലിൽ പരിശീലനത്തിനുശേഷമാണ് ടീം പുറപ്പെട്ടത്. എങ്കിലും ലോകകപ്പ് തുടങ്ങുന്ന 14നുമുമ്പ് കായികശേഷി നേടുമെന്ന് നെയ്മർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എന്നാൽ ലോകകപ്പിനുമുമ്പ് നെയ്മർ ആരോഗ്യം നേടുമെന്ന് സഹകളിക്കാരൻ ഫെർണാണ്ടിന്യോ അറിയിച്ചു. നെയ്മർക്ക് ഇപ്പോൾതന്നെ പഴയപോലെ കളിക്കാനാകുന്നുണ്ടെന്ന് ഫെർണാണ്ടിന്യോ പറഞ്ഞു. ഫെബ്രുവരിയിലാണ് നെയ്മർക്ക് പരിക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്നു.

ഇത്തരം പരിക്ക് ഫെർണാണ്ടിന്യോക്കും സംഭവിച്ചിട്ടുണ്ട്. കാൽപ്പാദത്തിലെ എല്ലു പൊട്ടിയതാണ്. ഇടയ്ക്ക് ഇപ്പോഴും വേദനയുണ്ടെന്നും അത് കാര്യമാക്കാനില്ലെന്നും ഫെർണാണ്ടിന്യോ പറഞ്ഞു.

ലണ്ടനിൽ കഴിഞ്ഞദിവസം നടന്ന പരിശീലനത്തിൽ ഫിലിപ്പെ കുടീന്യോ, ഗബ്രിയേൽ ജെസ്യൂസ് എന്നിവരെയാണ് പരിശീലകൻ ടിറ്റെ മുന്നേറ്റത്തിൽ ഇറക്കിയത്. പരിശീലനത്തിൽ പിൻനിരയിൽ മാർക്വിന്യോസിനു പകരം തിയാഗോ സിൽവയെ പരീക്ഷിച്ചു. മധ്യനിരക്കാരൻ റെനാറ്റോ അഗുസ്റ്റോ പരിക്കിലായി. ബ്രസീലിയൻ കോൺഫെഡറേഷൻതന്നെയാണ് ഇതറിയിച്ചത്. വലതുമുട്ടുകാലിനാണ് പരിക്ക്. ഒരാഴ്ച വിശ്രമം വേണം.

മൂന്നിന് ലിവർപൂളിന്റെ മൈതാനിയിൽ ക്രൊയേഷ്യയുമായി ബ്രസീലിന് പരിശീലനമത്സരമുണ്ട്. ഇതിൽ അഗുസ്റ്റോ കളിക്കില്ല. ബ്രസീലിന്റെ അവസാന സൗഹൃദമത്സരം 10നാണ്. ഓസ്ട്രിയയുമായാണ് ഈ കളി. എട്ടുവരെ ബ്രസീൽ ലണ്ടനിൽ പരിശീലിക്കും.
ഗ്രൂപ്പ് ഇയിൽ സ്വിറ്റ്സർലൻഡ്, സെർബിയ, കോസ്റ്റ റിക്ക എന്നീ ടീമുകൾക്കൊപ്പമാണ് ബ്രസീൽ. 17ന് സ്വിറ്റ്സർലൻഡിനോടാണ് ബ്രസീലിന്റെ ആദ്യ കളി.

പ്രധാന വാർത്തകൾ
Top