19 April Thursday

ഒടുവില്‍ കെസിറോണ്‍ ബ്ളാസ്റ്റേഴ്സില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

കൊച്ചി > പുതുവര്‍ഷത്തലേന്ന് ബംഗളൂരു എഫ്സിയോട് 3-1ന് തോറ്റ കേരള ബ്ളാസ്റ്റേഴ്സിന് ആശ്വാസമായി ഉഗാണ്ടക്കാരന്‍ കിസിറ്റോ കെസിറോണ്‍ ടീമിലെത്തും. ഈ മധ്യനിരക്കാരനുമായുള്ള കരാര്‍നടപടികള്‍ പൂര്‍ത്തിയായതായി ബ്ളാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യൂലെന്‍സ്റ്റീന്‍ പറഞ്ഞു. നേരത്തെ ബ്ളാസ്റ്റേഴ്സിന്റെ സ്പെയ്നിലെ പ്രീസീസണ്‍ മത്സരങ്ങളില്‍ കളിച്ച കെസിറോണിന്് കെനിയയിലെ ക്ളബ്ബുമായുള്ള കരാറിലെ വ്യവസ്ഥകളാണ് ഇന്ത്യയിലേക്ക് വണ്ടികയറുന്നത് വൈകിപ്പിച്ചത്. കെസിറോണിന്റെ വരവോടെ എട്ട് വിദേശതാരങ്ങളുടെ എണ്ണം പൂര്‍ത്തിയായി.

കെനിയന്‍ പ്രീമിയര്‍ ലീഗിലെ എഎഫ്സി ലെപ്പേഡ്സിന്റെ മധ്യനിരതാരമായിരുന്നു ഇരുപതുകാരനായ കെസിറോണ്‍. ഉഗാണ്ടയിലെ വൈപേഴ്സില്‍നിന്ന് കഴിഞ്ഞ ജൂണില്‍ രണ്ടുവര്‍ഷത്തെ കരാറിലാണ് ലെപ്പേഡ്സിലെത്തിയത്. കരാര്‍ റദ്ദാക്കുന്നതില്‍ വന്ന കാലതാമസം ബ്ളാസ്റ്റേഴ്സിന് തിരിച്ചടിയാകുകയുംചെയ്തു. കെസിറോണിന്റെ വരവ് ടീമിന്റെ കളി മാറ്റുമെന്നാണ് മ്യൂലെന്‍സ്റ്റീനിന്റെ പ്രതീക്ഷ. 'കഴിവുള്ള ഊര്‍ജസ്വലനായ കളിക്കാരനാണ് കെസിറോണ്‍'- മ്യൂലെന്‍സ്റ്റീന്‍ പറഞ്ഞു.

ലീഗില്‍ ഏഴ് മത്സരങ്ങള്‍ക്കുശേഷം ഒരേയൊരു ജയവുമായി എട്ടാംപടിയിലാണ് ബ്ളാസ്റ്റേഴ്സ്. മധ്യനിരയിലെ ഭാവനാശൂന്യതയാണ് ബ്ളാസ്റ്റേഴ്സിനെ തളര്‍ത്തിയത്. മുന്‍ പ്രീമിയര്‍ ലീഗ് താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൌണും എത്തിയെങ്കിലും ടീമിന്റെ മൊത്തംപ്രകടനം നിരാശാജനകമായിരുന്നു. ആദ്യ മത്സരങ്ങളില്‍ ബ്രൌണും പിന്നീട് ബെര്‍ബറ്റോവും പരിക്കിലായി. ഇരുവരുടെയും സേവനം ഒരുമിച്ച് ടീമിന് ലഭിച്ചതുമില്ല. മധ്യനിരയില്‍ ബ്രൌണിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് കഴിഞ്ഞകളിയില്‍ ബ്ളാസ്റ്റേഴ്സിനെ പിറകോട്ടടിച്ചു.

പ്രതിരോധ മധ്യനിരക്കാരനായി സ്വാഭാവിക മുന്നേറ്റക്കാരന്‍ അരാറ്റ ഇസുമിയെ നിയോഗിച്ച മ്യൂലെന്‍സ്റ്റീനിന്റെ തീരുമാനം തീര്‍ത്തും പരാജയമാകുകയുംചെയ്തു. ആദ്യ മത്സരങ്ങള്‍ക്കുശേഷം ഇസുമി പകരക്കാരുടെ ബെഞ്ചിലിരുന്നു. കറേജ് പെകൂസന്‍മാത്രമാണ് മധ്യനിരക്കാരില്‍ മികവുകാട്ടിയത്. എന്നാല്‍ ഗോളിനുമുന്നില്‍ ഈ ഘാനക്കാരനും തിളങ്ങാനായില്ല. കെസിറോണിന്റെ വരവോടെ ഈ പിഴവുകള്‍ തീര്‍ക്കാനാകുമെന്നാണ് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

പ്രധാന വാർത്തകൾ
Top