Top
17
Sunday, December 2017
About UsE-Paper

ദേശീയ സ്കൂള്‍ അത്ലറ്റിക്സ് : കേരളത്തിന് 73 അംഗ ടീം

Friday Dec 1, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > ഹരിയാനയിലെ റോത്തക്കില്‍ 18ന് തുടങ്ങുന്ന ദേശീയ സ്കൂള്‍ (സീനിയര്‍, അണ്ടര്‍19) അത്ലറ്റിക്സിനുള്ള കേരള ടീമായി. 37 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളും അടങ്ങുന്ന സംഘം 13ന് പുറപ്പെടും.  ക്രോസ്കണ്‍ട്രിക്കുള്ള 10 അത്ലീറ്റുകള്‍ അടക്കം 73 അംഗ ടീമിന്റെ പരിശീലനക്യാമ്പ്് ആറിന് തുടങ്ങും. തിരുവനന്തപുരം യൂണിവേഴ്സിറ്റി  സ്റ്റേഡിയത്തില്‍ ഒരാഴ്ചത്തെ ക്യാമ്പിനുശേഷമാകും ടീം പുറപ്പെടുക.

  ജോസ് ജോണ്‍ സംഘത്തലവനായ ടീമില്‍ പരിശീലകരും മാനേജര്‍മാരുമടക്കം 12 പേരുണ്ട്. മൂന്ന് ഡോക്ടര്‍മാരുടെയും  രണ്ട് പാചകക്കാരുടെയും സഹായമുണ്ടാകും.  ടോമി ചെറിയാന്‍, രാജുപോള്‍,  പി ജി മനോജ്, ഷിബി മാത്യു എന്നീ പരിശീലകര്‍ ടീമിനൊപ്പം ചേരും. തിരുവനന്തപുരത്തുനിന്നും 13ന് പുറപ്പെടുന്ന ടീം 15ന് റോത്തക്കിലെത്തും. ഡല്‍ഹിയില്‍നിന്നും ഒന്നര മണിക്കൂര്‍ യാത്രയാണ് റോത്തക്കിലേക്കുള്ളത്. തണുത്ത കാലാവസ്ഥയാകും ടീമിന്റെ പ്രധാന വെല്ലുവിളി.  ടീമിന്റെ റോത്തക്കിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ശരിയായിട്ടുണ്ട്. തിരിച്ചുള്ള ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റിലാണ്.

  ദേശീയ സ്കൂള്‍ മീറ്റ് മൂന്നായി വിഭജിച്ചശേഷമുള്ള രണ്ടാമത്തെ മീറ്റാണിത്. കഴിഞ്ഞ വര്‍ഷം പുണെയില്‍ കേരളം സീനിയര്‍ വിഭാഗത്തില്‍(അണ്ടര്‍ 19) കിരീടം നേടിയിരുന്നു. 11 സ്വര്‍ണമടക്കം 114 പോയിന്റായിരുന്നു സമ്പാദ്യം. തമിഴ്നാട് 60 പോയിന്റ്, മഹാരാഷ്ട്ര 45 എന്നിവര്‍ പിന്നാലെയെത്തി. അതിനുമുമ്പ് 62 ദേശീയ സ്കൂള്‍ മീറ്റുകളില്‍ തുടര്‍ച്ചയായി 19 തവണ ജേതാക്കളുടെ കിരീടം കേരളത്തിന് സ്വന്തമായിരുന്നു.

  പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം കേരളത്തിന് വെല്ലുവിളിയാണ്. ഇത്തവണ ഭോപ്പാലില്‍ നടന്ന അണ്ടര്‍ 17(ജൂനിയര്‍) മീറ്റില്‍ അത്ലറ്റിക്സില്‍ കേരളം ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ഗെയിംസിന്റെ പോയിന്റുകള്‍  ഉള്‍പ്പെടുത്തി ആതിഥേയരായ മധ്യപ്രദേശിന് ഓവറോള്‍ കിരീടം നല്‍കുകയാണുണ്ടായത്. കേരളത്തിന് 13 സ്വര്‍ണമടക്കം 113 പോയിന്റായിരുന്നു.

വിജയവാഡയില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക്സില്‍ ഹരിയാന ഒന്നാമതായി. 24 സ്വര്‍ണമടക്കം 400 പോയിന്റ് നേടിയ കേരളത്തെ 27 സ്വര്‍ണമടക്കം 408 പോയിന്റ് നേടിയ ഹരിയാന പിന്തള്ളി.

Categories