14 November Wednesday

അവര്‍ പറയുന്നു, ലാ ഫ്രാന്‍സ് വാ ഗഞ്ഞെ സുക്‌സേ സെര്‍ത്താന്‍

പി ദിനേശന്‍Updated: Saturday Jul 14, 2018

ഫ്രഞ്ച് ടീമിന് പിന്തുണയുമായി മാഹി ടൗണില്‍ ഉയര്‍ന്ന ബാനര്‍.

 

തലശേരി > വോള്‍ഗനദിയുടെ തീരത്ത് ലോകകപ്പ് കലാശപോരാട്ടത്തിന് പന്തുരുളുമ്പോള്‍ മയ്യഴിപുഴയോരത്തും ആവേശം അലതല്ലുകയാണ്. മയ്യഴിയിലെ ഫ്രഞ്ചുകാരും റഷ്യന്‍ലോകകപ്പില്‍ മാതൃരാജ്യം കപ്പുയര്‍ത്തുന്ന സമ്മോഹനനിമിഷം സ്വപ്‌നംകാണുന്നു. ഫ്രഞ്ച് ദേശീയദിനാഘോഷത്തിന്റെ പിറ്റേന്നാള്‍ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ ഫ്രഞ്ച്പട ബൂട്ടണിയുമ്പോള്‍ കാല്‍പന്തുകളിക്ക് ആവേശമേറും. എന്തായാലും ഒരു കാര്യം ഫ്രഞ്ചുകാര്‍ ഉറപ്പിച്ച് പറയുന്നു: ലാ ഫ്രാന്‍സ് വാ ഗഞ്ഞെ സുക്‌സേ സെര്‍ത്താന്‍.(ഫ്രഞ്ചുകാര്‍ ഉറപ്പായും വിജയം നേടിയെടുക്കും).

ഫ്രാന്‍സിന്റെ വിജയം ഉറപ്പിക്കുമ്പോഴും ക്രൊയേഷ്യയെ ആരും എഴുതിതള്ളുന്നില്ല. മികച്ച എതിരാളിയാണ്  ക്രൊയേഷ്യയെങ്കിലും മാതൃരാജ്യമായ ഫ്രാന്‍സിന്റെ വിജയം, അത് മാത്രമാണിവരുടെ മനസ് നിറയെ. ആദ്യകാല ഫുട്‌ബോള്‍ കളിക്കാരനായ പനങ്ങാടന്‍ ബാലകൃഷ്ണനും വിദ്യാര്‍ഥിയായ എ ഇ ആദിത്തുമെല്ലാം പങ്കിടുന്നത് ആ പ്രതീക്ഷയാണ്. ഫ്രാന്‍സ് കപ്പുയര്‍ത്തിയാല്‍ മാഹിയില്‍ ആഘോഷമൊരുക്കുമെന്ന് ഫ്രഞ്ച് പൗരനായ കെ എ സരോഷും പറയുന്നു. ഫുട്‌ബോളിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശ്യാംപള്ളൂരും ഫ്രാന്‍സിന് തന്നെ സാധ്യത കല്‍പിക്കുന്നു.

ആദിത്ത് ഇ എ,പനങ്ങാടന്‍ ബാലന്‍,കെ എ സരോഷ്,  ശ്യാംപള്ളൂര്‍

ആദിത്ത് ഇ എ,പനങ്ങാടന്‍ ബാലന്‍,കെ എ സരോഷ്, ശ്യാംപള്ളൂര്‍



മാഹി സ്‌പോട്‌സ്‌ക്ലബ് ഫുട്‌ബോള്‍ ടീമില്‍ കളിച്ച പനങ്ങാടന്‍ ബാലകൃഷ്ണന് എണ്‍പത്തിയാറിലും ഫുട്‌ബോള്‍ ആവേശത്തിന് ഒരു കുറവുമില്ല. ഫ്രാന്‍സില്‍ ജോലിചെയ്യുമ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ കളി നേരില്‍ കാണാനുള്ള ഭാഗ്യംലഭിച്ച ആളാണ് ഫ്രഞ്ച് ബാലേട്ടന്‍. മാഹിയിലെ ഫ്രഞ്ച് പൗരന്മാരുടെ സംഘടനയായ യുന്യോ ദ് ഫ്രാന്‍സേസിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഫ്രഞ്ച് ടീമംഗം എംബാെപയുടെ ആരാധകനായ കുട്ടി ഫുട്‌ബോളര്‍ എ ഇ ആദിത്തും മാതൃരാജ്യം കപ്പുയര്‍ത്തുമെന്ന് ഉറപ്പിച്ചുപറയുന്നു. സെപ്റ്റ മാഹി ഫുട്‌ബോള്‍ടീം അംഗവും ചാലക്കര എക്‌സല്‍ പബ്ലിക് സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയുമായ ആദിത്ത് എംബാപ ഗോളടിക്കുമെന്നും പ്രവചിക്കുന്നു.

ഫ്രാന്‍സ് മികച്ച ഫോമിലാണെന്ന് ശ്യാംപള്ളൂര്‍ അഭിപ്രായപ്പെട്ടു. ഓരോ കളിയിലും അതാണ് കണ്ടത്. 1998ല്‍ ലോക ഫുട്‌ബോള്‍ കിരീടം നേടിയ ഫ്രാന്‍സ് ഇരുപത് വര്‍ഷത്തിന് ശേഷം വീണ്ടും കിരീടധാരണത്തിനായി ബൂട്ടണിയുമ്പോള്‍ മാഹിയിലെ ഫ്രഞ്ച് പൗരന്മാര്‍ മാത്രമല്ല, പഴയ ഫ്രഞ്ച്‌ കോളനിയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഫ്രാന്‍സിന്  തന്നെ സാധ്യത കല്‍പിക്കുന്നു. എന്നാല്‍ ക്രൊയേഷ്യന്‍ ആരാധകര്‍ക്കും ഇവിടെ കുറവില്ല. 98ലെ സെമിയില്‍ ഫ്രാന്‍സിനോട് പെരുതിത്തോറ്റ ക്രൊയേഷ്യയാണ് ഫൈനലിലെ എതിരാളികളെന്നതും ആവേശം ഇരട്ടിപ്പിക്കുന്നു. ഫ്രാന്‍സിന് വിജയാശംസകള്‍ നേര്‍ന്നുള്ള ബാനറും പോസ്റ്ററുകളും മയ്യഴിടൗണില്‍ ഉയര്‍ന്നിട്ടുണ്ട്. ഫ്രാന്‍സ് എക്യൂസ് ദ് സോത്യാന്‍ ദ് മാഹെ എന്നെഴുതിയ ആശംസബാനറുകളാണ് നഗരവീഥികളില്‍.


 

പ്രധാന വാർത്തകൾ
Top