23 September Sunday

മിന്നുന്നില്ല ജർമനി

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


മോസ്കോ
ലോകകപ്പ് സന്നാഹമത്സരങ്ങളിൽ ജർമനിയുടെ മങ്ങിയ പ്രകടനം തുടരുന്നു. ഏഷ്യൻസംഘമായ സൗദി അറേബ്യയോട് ലോകചാമ്പ്യൻമാർ 2‐1നാണ് ജയിച്ചത്. പതിവുനിലവാരത്തിലെത്തിയില്ല ജർമനിയുടെ കളി. ദിവസങ്ങൾക്കുമുമ്പ് ജർമനി ഓസ്ട്രിയയോട് തോറ്റിരുന്നു. മറ്റൊരു മത്സരത്തിൽ പോളണ്ടും ചിലിയും രണ്ടുവീതം ഗോൾ നേടി പിരിഞ്ഞു. ക്രൊയേഷ്യ 2‐1ന് സെനെഗലിനെയും സ്വിറ്റ്സർലൻഡ് രണ്ടു ഗോളിന് ജപ്പാനെയും തോൽപ്പിച്ചു. ഇറാൻ 1‐0ന് ലിത്വാനിയയെ മറികടന്നു.

ടിമോ വെർണറുടെ ഗോളിൽ തുടക്കത്തിലേ ജർമനി സൗദിക്കെതിരെ മുന്നിലെത്തി. മാർകോ റ്യൂസിന്റെ ക്രോസിൽ വെർണർ കാലുവച്ചു. പിന്നാലെ റ്യൂസിന്റെയും സാമി ഖെദീരയുടെ തകർപ്പൻ ഷോട്ടുകൾ പോസ്റ്റിലിടിച്ച് തെറിച്ചു. വെർണർ ഒരുക്കിയ അവസരത്തിൽ തോമസ് മുള്ളർ ലക്ഷ്യംകണ്ടു.

ഇടവേളയ്ക്കുശേഷം ജർമൻ കോച്ച് ജോക്വിം ലോ ആറ് മാറ്റങ്ങൾ വരുത്തി. ഇതോടെ ടീമിന്റെ താളം നഷ്ടമായി. അവസാന നിമിഷം സാമി ഖെദീര സൗദിയുടെ അൽ ജാസമിനെ ഫൗൾചെയ്തു. സൗദിയുടെ പെനൽറ്റി മുഹമ്മദ് സാഹ്ളാവി എടുത്തു. ഗോൾകീപ്പർ മാർക് ആന്ദ്രേ ടെർ സ്റ്റെയ്ഗൻ കിക്ക് തടുത്തെങ്കിലും അൽ ജസം പന്ത് വലയിലേക്ക് തിരിച്ചിട്ടു.
ഇന്ന് ബ്രസീൽ അവസാന സന്നാഹമത്സരത്തിൽ ഓസ്ട്രിയയെ നേരിടും.

പ്രധാന വാർത്തകൾ
Top